KERALANEWS

മുട്ടിൽ മരം മുറി കേസ്; സസ്പെൻഡ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ച് സർക്കാർ

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ സസ്പെൻഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ച് സർക്കാർ. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയത് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ്.

ലക്കിടി ചെക്ക്പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം സർവീസിൽ തിരിച്ചെടുത്ത് കൊണ്ട് ഉത്തരവിറക്കിയത്. സസ്പെൻഷൻ പിൻവലിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് കണ്ടെത്തിയായിരുന്നു ഇരുവരെയും തിരിച്ചെടുത്തത്. എന്നാൽ ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡികെ വിനോദ്കുമാർ മന്ത്രിയുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് സൂചന.

അതേസമയം മുട്ടിൽ മരം മുറി കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി കോടതിയാണ് അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം നൽകിയത്. എന്നാൽ വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയൂ.

മുട്ടിൽ മരംമുറിക്കൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം അനിശ്ചിതത്വത്തിലായത്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലീസ് വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂടുതൽ സാധ്യത തുറന്നു കൊടുക്കുന്നു. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്. 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ 60 ദിവസത്തിനകം കുറ്റപുത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സെക്ഷൻ 167 പ്രകാരം പ്രതികൾ ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close