KERALANEWS

മരം മുറിക്കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ മുട്ടിൽ മരം മുറിക്കേസിൽ യാതൊരു കണ്ടെത്തലും ഇതുവരെ നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി. പട്ടയഭൂമിയിലെ മരംവെട്ടുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ മാത്രമേ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളു. കോടതി ആവശ്യപ്പെട്ട അന്വേഷണത്തിൽ നിന്ന് വഴിതിരിച്ചുവിടുന്ന രേഖകൾ മാത്രമാണ് ഹാജരാക്കിയിട്ടുള്ളത്. ഇതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. സർക്കാർഭൂമിയിലും പുറമ്പോക്കിലുമായി നടന്ന മരംമുറിയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിആവശ്യപ്പെട്ടത്. വയനാട് ജില്ലയിലെ മുട്ടിലിൽ മരംവെട്ടുമായി ബന്ധപെട്ടു പതിനഞ്ചുകോടി വിലവരുന്ന ഈട്ടിത്തടികൾ കാണാതായതിന്റെ കണക്കുവിവരങ്ങൾ പുറത്തുവന്നതോടെയാണ് പുറംലോകം ഈ വാർത്ത അറിയുന്നത്. മുറിച്ചുകടത്തിയ റിസർവ് മരങ്ങളുടെ പട്ടിക വനംവകുപ്പ് ബന്ധപ്പെട്ട തഹസിൽദാരോടും വില്ലജ് ഓഫീസറോടും ആവശ്യപ്പെട്ടതിൽ നിന്നുമാണ് ഈ നിലയിലുള്ള വിവാദത്തിലേക്ക് എത്തിച്ചേർന്നത് .

കർഷകർക്ക് പതിച്ചു നൽകിയ പട്ടയഭൂമിയിലെ സ്വയം കിളിർത്തുവന്നതോ, നട്ടുവളർത്തിയതോ, വൃക്ഷവില കൊടുത്തു വാങ്ങിയതോ ആയ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് 2020 മാർച്ചു പതിനൊന്നിന് അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വി വേണു പുറത്തിറക്കി. 2021 ഫെബ്രുവരിയിൽ ഇതിന്മേലുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ വിവാദ ഉത്തരവ് പിൻവലിച്ചു . ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ഉത്തരവിന്റെ പിൻബലത്തോടെ മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തി.

മരംമുറിയുമായി ബന്ധപ്പെട്ടു യാതൊരു അന്വേഷണ പുരോഗതിയുമുണ്ടായിട്ടില്ലെന്നു കോടതി വിലയിരുത്തി. ഇതിനു പിന്നിൽ സംസ്ഥാന തലത്തിൽ തന്നെ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ജില്ലകളിലെ സർക്കാർ വനഭൂമികളിൽ നിന്നും മുറിച്ചുകടത്തപ്പെട്ട മരങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ നാളിതു വരെ കഴിഞ്ഞിട്ടില്ലെന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് കോടതി പറഞ്ഞു. സിബിഐ അനേഷണ ഹർജിയിൽ കേസ് ഡയറിയും റിപ്പോർട്ടും പരിശോധിച്ചതിനു ശേഷമായിരുന്നു വിമർശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close