KERALAMoviesNEWSTop News

‘ജീവിതം യുദ്ധം ചെയ്ത് വെട്ടിപ്പിടിച്ച തോന്നലാണിപ്പോൾ’ ; നളിനി ജമീല പറയുന്നു

മലയാളി പുരുഷന്റെ സദാചാരബോധത്തെ തുറന്നുകാട്ടിയ സാംസ്‌കാരിക പ്രവർത്തകയാണ് നളിനി ജമീല. താൻ ലൈംഗിക തൊഴിലാളിയായിരുന്ന കാലത്തെ അനുഭവങ്ങൾ അവർ തുറന്നെഴുതിയപ്പോൾ ചൂളിപോയത് പുരുഷസമൂഹം തന്നെയാണ്. കേരളത്തിൽ വേശ്യാലയങ്ങൾ ഇല്ലെന്ന് പറയുന്നത് കള്ളമാണെന്നും അത്തരത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജ് മുറികൾ അങ്ങോളമിങ്ങോളമുണ്ടെന്നും അവർ എഴുതി. ഇങ്ങനെ കേരളത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്ന ഒരു ചരിത്ര പുസ്‌തകം തന്നെയാണ് നളിനിയുടെ പുസ്‌തകങ്ങളെന്ന് പറയാം.

എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ നളിനി ജമീല ഇപ്പോൾ ചലച്ചിത്ര അവാർഡും കരസ്ഥമാക്കിയിരിക്കുകയാണ്. അതും വസ്ത്രാലങ്കാരത്തിന്. മണിലാൽ സംവിധാനം ചെയ്ത ഭാരതപുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് പ്രത്യേക ജൂറി പരാമർശം ലഭിക്കുമ്പോൾ സമൂഹത്തിന്റെ ചിന്തകളിൽ ഉണ്ടാകുന്ന മാറ്റവും വലുതാണ്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്നും സിനിമയുടെ സർഗാത്മക മേഖലകളിലേക്ക് കടന്നുവരാനുള്ള പ്രയത്നത്തിനുള്ള അംഗീകാരമെന്ന നിലയിൽ നളിനി ജമീലയുടെ സാന്നിധ്യത്തെ ജൂറി പ്രത്യേകം പരാമർശിക്കുന്നു എന്നാണ് അവാർഡ് നൽകികൊണ്ട് മന്ത്രി പറഞ്ഞത്.

അവാർഡ് നേട്ടത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇങ്ങനൊരു പുരസ്‌കാരം ലഭിക്കുമെന്ന് ജീവിതത്തിൽ പ്രതീക്ഷിച്ചില്ല എന്നാണവർ പറഞ്ഞത്. “ജീവിതത്തിൽ ആദ്യമായാണ് വസ്ത്രാലങ്കാരം ചെയ്യുന്നത്. എന്റെ സുഹൃത്തിന്റെ സിനിമയാണ് ഭാരതപ്പുഴ. ഇങ്ങനെ ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും പക്ഷേ നിനക്ക് പറ്റിയ വേഷമില്ല, പകരം സിനിമയിലെ വസ്ത്രാലങ്കാരം ചെയ്യണമെന്നും പറയുകയായിരുന്നു. സൗഹൃദബന്ധത്തിന്റെ പുറത്തായിരുന്നു അത് പറഞ്ഞത്. ഒരുപാടു പുറകോട്ടു പോവേണ്ടെന്നും പുതിയ കാലഘട്ടത്തിന് ചേരുന്ന രീതിയിലാവണം വസ്ത്രാലങ്കാരം എന്നും പറഞ്ഞു. എന്റെയൊരു ശൈലി തന്നെയാണ് സിനിമയിൽ സ്വീകരിച്ചത്. വലിയ അലങ്കാരങ്ങളോ ആർഭാടങ്ങളോ ഉള്ള വസ്ത്രം ഞാൻ ധരിക്കാറില്ല. ഇതൊരു ജോലി ആയിട്ടൊന്നും തോന്നിയതേയില്ല. ലൈംഗിക തൊഴിലാളിയായിരുന്ന കാലത്തെ അനുഭവത്തിൽ നിന്നുള്ള ഏടുകളാണ് പകർത്താൻ ശ്രമിച്ചത്.” അവർ പറഞ്ഞു.

“വിലകൂടിയ വസ്ത്രങ്ങളൊക്കെയാണ് ആദ്യം എടുക്കാൻ ശ്രമിച്ചിരുന്നത്. പക്ഷേ, ഞങ്ങൾ പൂനം സാരി, ​ഗ്രേ സിൽക് എന്നതിനൊന്നും അപ്പുറം പോകാറില്ല. സാധാരണക്കാരിയുടെ വേഷവിതാനം തന്നെയാണ് സ്വീകരിച്ചത്. നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലും പ്രത്യേകതയുണ്ട്. രാത്രികാലങ്ങളിൽ കളർഫുൾ ആയ നിറങ്ങളും പകൽ സമയങ്ങളിൽ ഇളംനിറങ്ങളുമാണ് പൊതുവേ തിരഞ്ഞെടുക്കാറുള്ളത്. 13 സാരിയാണ്‌ ചിത്രത്തിനു വേണ്ടി ആദ്യം തിരഞ്ഞെടുത്തത്. പിന്നീട് തികയാതെ വന്നപ്പോൾ ഒന്നുരണ്ടെണ്ണം കൂടി തിരഞ്ഞെടുക്കുകയുണ്ടായി.” നളിനി ജമീല കൂട്ടിച്ചേർത്തു.

“ജീവിതം യുദ്ധം ചെയ്ത് വെട്ടിപ്പിടിച്ച തോന്നലാണിപ്പോൾ. ഒരാൾ വിചാരിച്ചാൽ കുറേ കാര്യങ്ങളിൽ മുന്നോട്ടു പോകാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒമ്പതാം വയസ്സിൽ ഭക്ഷണം ഇല്ലാതെ ജോലിക്കിറങ്ങുമ്പോഴും പതിമൂന്നാം വയസ്സിൽ വീട്ടുപണിക്കിറങ്ങുമ്പോഴുമൊക്കെ നമ്മൾക്കുള്ളത് നമ്മൾ നേടണം എന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോയത്. പണ്ട് വിമാനത്തിൽ കയറണമെന്നായിരുന്നു ആ​ഗ്രഹം. പല രാജ്യങ്ങളും സന്ദർശിച്ചു. ഇപ്പോൾ ഇവിടെ എത്തിനിൽക്കുമ്പോൾ വളരെ സന്തോഷമുണ്ട്.” നളിനി ജമീലയുടെ വാക്കുകളിൽ ആത്മവിശ്വാസം സ്ഫുരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close