INDIANEWS

ഇരുപത് വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയെന്ന ഖ്യാതി ഇനി നാരായൺ റാണെയ്ക്ക് സ്വന്തം; അറസ്റ്റിൽ എത്തിയത്‘ഉദ്ധവിനെ അടിച്ചേനെ’ എന്ന പരാമർശം

മുംബൈ: സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി നാരായൺ റാണെയെ രത്‌നഗിരി പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്നറിയാത്ത താക്കറെയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പരാമർശം.

തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാരായൺ റാണെ നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്രമന്ത്രിക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്. 20 വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യകേന്ദ്രമന്ത്രിയാവും നാരായൺ റാണെ. കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും തുടർനടപടി കോടതി നിർദേശത്തിന് അനുസരിച്ചായിരിക്കുമെന്നും നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ പറഞ്ഞു.

എഫ്‌ഐആറുകൾക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച റാണെ, അറസ്റ്റിൽനിന്നും നിർബന്ധിത നടപടികളിൽനിന്നും സംരക്ഷണം തേടി ഇടക്കാല ഉത്തരവും ആവശ്യപ്പെട്ടു. ചൊവ്വാഴ്ചതന്നെ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ എസ്.എസ്.ഷിൻഡെ, എൻ.ജെ.ജമാദർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിലാണു ഹർജി സമർപ്പിച്ചത്. എന്നാൽ, ബെഞ്ച് ഹർജി കേൾക്കാൻ വിസമ്മതിച്ചതു കേന്ദ്രമന്ത്രിക്കു തിരിച്ചടിയായി.

‘സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്നു മുഖ്യമന്ത്രിക്കറിയാത്തതു ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വർഷത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം പിന്നിലേക്കു നോക്കി. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ അടിച്ചേനെ’– തിങ്കളാഴ്ച റായ്ഗഡ് ജില്ലയിൽ നടന്ന ജൻ ആശീർവാദ് യാത്രയ്ക്കിടെ റാണെ പറഞ്ഞു.

റാണെയുടെ പരാമർശത്തിനു പിന്നാലെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തി. റാണെയ്ക്കു മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്ന് ശിവസേനയുടെ രത്‌നഗിരി-സിന്ധുദുർഗ് എംപി വിനായക് റാവത്ത് പറഞ്ഞു. ‘ബിജെപി നേതൃത്വത്തെ ആകർഷിക്കാൻ, ശിവസേനയെയും നേതാക്കളെയും റാണെ ആക്രമിക്കുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ചേർന്നശേഷം അദ്ദേഹത്തിനു മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു’– അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close