NEWSTECHWORLD

സൗരയൂഥത്തിന്റെ പിറവി തേടി യാത്ര ആരംഭിക്കാനൊരുങ്ങി ലൂസി; ട്രോജൻ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യം; ഒക്ടോബർ 16ന് പുറപ്പെടും

വാഷിങ്ടൺ: ട്രോജൻ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാൻ നാസയുടെ ലൂസി പേടകം അടുത്ത മാസം പുറപ്പെടും. വ്യാഴത്തിന് മുന്നിലും പിന്നിലുമായി പരിക്രമണം ചെയ്യുന്ന ട്രോജൻ ഛിന്നഗ്രഹങ്ങൾക്ക് സൗരയൂഥത്തിനോളം തന്നെ പഴക്കമുണ്ട്. ഈ ട്രോജൻ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിലൂടെ സൗരയൂഥത്തിന്റെ പിറവിയെ കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുമെന്ന് നാസയുടെ ഗ്രഹശാസ്ത്രവിഭാഗം ഡയറക്ടർ ലോറി ഗ്ലേസ് പറഞ്ഞു.

വ്യാഴവും മറ്റ് ബാഹ്യ ഗ്രഹങ്ങളും രൂപംകൊണ്ട ആദിമ വസ്തുക്കളുടെ അവശിഷ്ടങ്ങളാണ് ട്രോജൻ ഛിന്നഗ്രഹങ്ങൾ. ഈ ഛിന്നഗ്രഹങ്ങളിൽ നിന്ന് 450 കോടി കൊല്ലങ്ങൾക്കുമുമ്പ് സൗരയൂഥം എങ്ങനെ പിറവികൊണ്ടുവെന്ന രഹസ്യം ചുരുളഴിക്കാൻ സാധിക്കുമെന്നാണ് നാസ അധികൃതർ പറയുന്നത്. ഒക്ടോബർ 16 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് അറ്റ്ലസ് V റോക്കറ്റിലാണ് ലൂസിയുടെ വിക്ഷേപണം.

ട്രോജൻ ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യമാണ് ലൂസി മിഷൻ. എട്ട് ചിന്നഗ്രഹങ്ങൾക്കുസമീപം 400 കിലോമീറ്റർ പരിധിയിൽ ലൂസി സഞ്ചരിക്കും (ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയിൻ ബെൽറ്റാണ് ഒന്ന്. ഏഴെണ്ണം ട്രോജൻ ചിന്നഗ്രഹങ്ങളും) ചിന്നഗ്രഹങ്ങളുടെ ഘടന, പിണ്ഡം, സാന്ദ്രത തുടങ്ങിയവ ഈ മിഷനിലൂടെ അളക്കും. 12 വർഷമാണ് ലൂസിയുടെ ആകെ ദൗത്യകാലം. ഒരു പേടകം ഇത്രയുമധികം ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതും ഇതാദ്യമായിട്ടാണ്.

ട്രോജൻ ഛിന്നഗ്രഹം

സൂര്യനു ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ഛിന്നഗ്രഹങ്ങളാണ് ട്രോജൻ ഛിന്നഗ്രഹങ്ങൾ. ഏഴായിരത്തിലേറെ ട്രോജൻ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തിന്റെ പിറവിയോളം തന്നെ ഇവയ്ക്കും പഴക്കമുണ്ട്. വ്യാഴവും മറ്റ് ബാഹ്യ ഗ്രഹങ്ങളും രൂപംകൊണ്ട ആദിമ വസ്തുക്കളുടെ അവശിഷ്ടങ്ങളാണിവ. സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവുമാണ് ഇവയ്ക്ക്. നിറത്തിലും ഘടനയിലും പരസ്പരം വ്യത്യസ്തമാണ്. ചിലതിനു ചുവപ്പ് നിറവും ചിലതിന് ചാരനിറവുമാണ്. സൗരയൂഥത്തിന്റെ പലഭാഗത്തായിട്ടാണ് ഇവ രൂപപ്പെട്ടത്.

ലൂസിയുടെ യാത്ര

ഒക്ടോബർ 16-ന് ഫ്ളോറിഡയിലെ കേപ് കനവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്നാണ് ലൂസി പുറപ്പെടുന്നത്. അറ്റ്‌ലസ് വി റോക്കത്തിലാണ് വിക്ഷേപണം. അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ ആണ് വാഹനം നിർമിച്ചത്. രണ്ട് മൈൽ നീളമുള്ള വയറും സൗരോർജ പാനലുകളുമാണ് പേടകത്തിന്റെ പ്രധാന ഭാഗങ്ങൾ. സൂര്യനിൽനിന്ന് ഏറ്റവുമകലെ സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന പേടകമാകും ലൂസി. 98.1 കോടി ഡോളർ ആണ് ആകെ പദ്ധതി ചിലവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close