
ന്യൂയോർക്ക്: സൗരയൂഥപ്പിറവി രഹസ്യങ്ങൾ തേടി നാസയുടെ ലൂസി യാത്ര തുടങ്ങി. ശനിയാഴ്ച ഫ്ലോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് അറ്റ്ലസ് വി റോക്കറ്റിലായിരുന്നു ലൂസിയുടെ വിക്ഷേപണം.
വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണം ചെയ്യുന്ന ട്രോജൻ ഛിന്നഗ്രഹങ്ങളിലാണ് ലൂസി സൗരയൂഥത്തിന്റെ രഹസ്യം തേടിയിറങ്ങുന്നത്. പേടകം 12 വർഷം വ്യാഴത്തിൽ പര്യവേക്ഷണം നടത്തും. ട്രോജൻ ഛിന്നഗ്രഹങ്ങളിലേക്കുള്ള നാസയുടെ ആദ്യ ബഹിരാകാശ ദൗത്യമാണിത്.
ട്രോജൻഗ്രൂപ്പിൽ ഏഴായിരത്തോളം ഛിന്നഗ്രഹങ്ങളാണുള്ളത്. സൗരയൂഥത്തോളം പ്രായമുണ്ട് ഈ ഛിന്നഗ്രഹങ്ങൾക്ക്.
വ്യാഴത്തിന്റെയും സൂര്യന്റെയും ഗുരുത്വാകർഷണം സമന്വയിക്കുന്ന മേഖലയിൽ വന്നതുകാരണം വ്യാഴത്തോടു ചേർന്ന് സ്ഥിരം ഭ്രമണപഥത്തിൽനിന്നാണ് ഇവ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. അതിൽ ഏഴെണ്ണത്തെയും ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള മെയിൻ ബെൽറ്റിനെയും ലൂസി നിരീക്ഷിക്കും. ഛിന്നഗ്രഹങ്ങളുടെ ഉപരിതലം, ഘടന, നിറം, പിണ്ഡം, സാന്ദ്രത എന്നീ വിവരങ്ങളാണ് ശേഖരിക്കുക. ഇതുവഴി സൗരയൂഥം രൂപം കൊണ്ടതിനെ കുറിച്ച് നിർണായക വിവരം ശേഖരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. മനുഷ്യവംശത്തിന്റെ പരിണാമം സംബന്ധിച്ച നിർണായക തെളിവുകൾ നൽകിയ മനുഷ്യ ഫോസിലായ ലൂസിയുടെ പേരാണ് പേടകത്തിന് നൽകിയത്. 1974ൽ എത്യോപ്യയിൽനിന്നാണ് ഈ മനുഷ്യഫോസിൽ ലഭിച്ചത്. സൂര്യന്റെ ഇരുഭാഗങ്ങളിലുമായി വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന ട്രോജനുകളെ കുറിച്ച് പഠിക്കാൻ ലൂസിക്ക് 65 ലക്ഷം കിലോമീറ്റർ ദൂരം താണ്ടേണ്ടി വരും.
ട്രോജൻഗ്രൂപ്പിന്റെ ഉപഗ്രഹങ്ങളെയും വളയങ്ങളും ലൂസി പഠനവിധേയമാക്കും. ഈ മാസം തുടങ്ങുന്ന ദൗത്യം 2027ൽ മാത്രമേ ആദ്യലക്ഷ്യത്തിലെത്തൂ. ഒരുതവണ ഭൂമിക്കരികിലൂടെയും പേടകം കടന്നുപോകും.