HEALTHINSIGHTKERALANEWS

നഴ്സുമാര്‍ മാലാഖമാര്‍ തന്നെ; ഫ്ളോറന്‍സ് നേറ്റിംഗേല്‍ പുരസ്കാരം നേടിയവരില്‍ നാലു മലയാളികള്‍; ഇത് നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരം

ഇക്കുറി ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് സമ്മാനിക്കുമ്പോള്‍ കേരളത്തിനും അഭിമാന മുഹൂര്‍ത്തം. 51 നഴ്സുമാര്‍ പുരസ്കാരത്തിന് അര്‍ഹരായപ്പോള്‍ അതില്‍ നാലുപേര്‍ മലയാളികളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പി ഗീത, ഛത്തീസ്ഗഡ് പിജി കോളേജ് ഓഫ് നഴ്സിങ്ങിലെ പ്രൊഫസർ കോട്ടയം സ്വദേശി ഡെയ്സി എബ്രഹാം, കർണാടക ദക്ഷിണ കന്നഡ കൊയ്‌ലാ പ്രൈമറി ഹെൽത്ത് സെന്ററിലെ സീനിയർ പ്രൈമറി ഹെൽത്ത് കെയർ ഓഫീസർ തിരുവല്ല സ്വദേശി എം. സി മറിയാമ്മ, ലക്ഷദ്വീപിലെ ആൻഡ്രോത്ത് ദ്വീപിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സിംഗ് ഓഫീസർ മുഹമ്മദ് ആസിഫ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.

ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് 2020 രാജ്യത്തെ 51 നഴ്സുമാർക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിച്ചു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ മലയാളികൾക്ക് അഭിമാനമായി നാലുപേർ കൂടിയുണ്ടായിരുന്നു

ആശുപത്രിയിൽ രോഗികളുടെ മാലാഖമാരാണ് നഴ്സുമാർ. അതിജീവനത്തിനായി ലോകം കഷ്ടപ്പെടുമ്പോൾ സ്വന്തം ബുദ്ധിമുട്ടികളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി ചേർന്ന് പ്രവർത്തിക്കുന്നവരെ മാലാഖ എന്നു മാത്രം വിളിച്ചാൽ മാത്രം പോരാ.. പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നേഴ്‌സുമാർ. എല്ലാ വീട്ടിലും ഒരു നേഴ്‌സ് വീതമുണ്ടങ്കിൽ അത് നമ്മുടെ സ്വന്തം കേരളത്തിൽ മാത്രമാണ്. ആതുര സേവനത്തിനപ്പുറത്ത് ആരുമില്ലാത്ത നമ്മളോട് അമ്മയെ പോലെയും സഹോദരിയെ പോലെയും സ്‌നേഹത്തോടെ പെരുമാറാൻ അവർക്കു സാധിച്ചിട്ടുണ്ടങ്കിൽ അത് നമ്മുടെ ഭാഗ്യംകൊണ്ടു കൂടിയാണ്.

ചരിത്രത്തിൽ തന്നെ ലോകമെമ്പാടുമുള്ള നഴ്സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് മുതൽ സ്വന്തം ആരോഗ്യവും ജീവനും കുടുംബവും നോക്കാതെ ആളുകൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ് നഴ്‌സുമാർ. കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നവരിൽ നഴ്സുമാർ എന്നും ലോകത്തിന്റെ ഏതു കോണിലായാലും ഉണ്ട്. മാത്രമല്ല, കേരളത്തിൽ നിപ്പയെ പോലൊരു മഹാമാരിയെ തുരത്തുന്നതിനിടയിൽ ജീവിതം വെടിഞ്ഞ ലിനിയെ പോലുള്ള നഴ്‌സുമാരും നമ്മുടെ മുമ്പിലുണ്ട്. ആതുരസേവന രംഗത്തെ കാവൽമാലാഖമാർ എന്നൊക്കെ പല കോണുകളിൽ നിന്നും നഴ്സുമാർ മുമ്പും വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം പ്രശംസകൾക്കപ്പുറം നഴ്സുമാരെയോ നഴ്സിംഗ് ജോലിയുടെ മഹത്വമോ മനസ്സിലാക്കിയിട്ടുള്ളവർ യഥാർഥത്തിൽ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ ഈയടുത്ത കാലം വരെ.

ആധുനിക നഴ്‌സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ പേരിൽ നൽകുന്ന ഈ അവാർഡുപോലും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വെച്ച് നോക്കുമ്പോൾ ചെറുത് തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ നഴ്‌സ് ഫാക്ടറി എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ മികച്ച നഴ്‌സുമാരുടെ സേവനം എടുത്തുപറയേണ്ടത് തന്നെയാണ്. ഇന്ന് ഇന്ത്യയിൽ തന്നെ മികച്ച നഴ്സുമാർ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ളവരാണെന്നു പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ അതും ഒരു സത്യം തന്നെയാണ്. അറിയപ്പെടാതെ പോകുന്ന അവരുടെ കഷ്ടപ്പാടുകൾ ആളുകൾ ഓർക്കുന്നത് വർഷത്തിൽ ഒരിക്കലാണ്. നഴ്സുമാരുടെ ദിനത്തിന്റെ അന്ന്. എന്നാൽ അന്ന് മാത്രമല്ല അവരുടെ ആത്മസമർപ്പണത്തെ ഓർക്കേണ്ടത്, ജീവിതത്തിന്റെ വലിയ ഒരു ഭാഗം മറ്റുള്ളവരുടെ ജീവിതത്തിനും ജീവനുമായി മാറ്റിവെച്ച മാലാഖാമാരാണവർ.

കോവിഡ് കാലത് ഇടവേളകളില്ലാതെ സ്വന്തം ജീവൻ കൈയിൽ വെച്ച് തങ്ങളുടെ ജോലി ചെയ്യുന്ന ഇക്കൂട്ടർക്ക് അർഹമായ പരിഗണന പലപ്പോഴും ലഭിക്കുന്നില്ല എന്നത് പരസ്യമായ രഹസ്യമാണ്. എന്നിരുന്നാലും ഒരു ദിനം പോലും മാറി നിൽക്കാതെ അവർ കോവിഡ് കാലത്ത് ആശുപത്രികളിൽ ചിലവഴിച്ചത് പോലെ ആരും തന്നെ കഴിഞ്ഞിട്ടുണ്ടാവില്ല. കുട്ടികൾക്ക് അമ്മയും ചേച്ചിയും ആയി, പ്രായമാവർക്ക് മകളായി മാറിയ അവരെ മാലാഖയെന്ന് അല്ലാതെ പിന്നെ എന്താ വിളിക്കേണ്ടത്. കേരളത്തിന്റെ അഭിമാനം ഉയർത്തി പിടിച്ച് നിൽക്കുന്ന നാല് നേഴ്‌സുമാർ മാത്രമല്ല, അവാർഡ് കിട്ടിയില്ലെങ്കിലും അതിലുപരി പ്രവർത്തനം കാഴ്ചവെച്ച ലക്ഷകണക്കിന് നേഴ്‌സുമാരാണ് ലോകത്തുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close