INDIANEWS

മുംബൈ ലഹരിപാര്‍ട്ടി കേസ്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ എൻസിബി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈ: ആര്യൻ ഖാൻ ലഹരികേസിൽ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെ പി ഗോസാവിയുടെ അംഗരക്ഷകൻ പ്രഭാകര്‍ സെയിലിന്റെ ആരോപണത്തിലാണ് അന്വേഷണം.

കേസിലെ സാക്ഷി കെ പി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് ആരോപണം. കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് പണം ഇടപാട് സംബന്ധിച്ച് വിവരങ്ങളുള്ളത്. എട്ട് കോടി എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ എന്നയാള്‍ ആരോപിച്ചു. കെ പി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍.

തന്നെക്കൊണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ഈ ആരോപണവും എന്‍സിബി ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ കുറിച്ച് തങ്ങൾ കേട്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ലെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.

തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും നിയമനടപടികളെ തകിടം മറിക്കുന്നതാണെന്നും ആരോപിച്ച് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. അതിനിടെ ബിജെപിയുടെ പാവയാണ് സമീര്‍ വാങ്കഡെയെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും രംഗത്തെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close