Breaking NewsINDIANEWSTop News

ഒപ്പം നിന്നാൽ സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണ പങ്കാളിത്തം; എതിർത്താൽ കളി പഠിപ്പിക്കും; വിശാല പ്രതിപക്ഷ സഖ്യത്തിനിറങ്ങിയ പവാറിനെ പൂട്ടി നരേന്ദ്രമോദി; മനസ് തുറക്കാതെ എൻസിപി അധ്യക്ഷൻ

ന്യൂഡൽഹി: എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ തിരക്കിട്ട ചർച്ചകൾ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിശാല പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായും കൂടിക്കാഴ്ച്ച നടത്തിയത്. പ്രതിപക്ഷ ഐക്യം എന്ന ആശയം തുടക്കത്തിലെ തകർക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളാണോ അണിയറയിൽ ഒരുങ്ങുന്നത് എന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നു.

പ്രതിപക്ഷ നിരയില ഏറ്റവും ശക്തനായ നേതാവാണ് ശരദ് പവാർ. മുന്നണി രാഷ്ട്രീയം ഏറ്റവും ഭം​ഗിയായി മുന്നോട്ട് കൊണ്ടുപോകാനും പവാറിന് നന്നായി അറിയാം. ഇത് തിരിച്ചറിഞ്ഞുള്ള ബിജെപിയുടെ നീക്കങ്ങളാകാം നടക്കുന്നതെന്ന സംശയമാണ് ബലപ്പെടുന്നത്. ബിജെപിയെ സംബന്ധിച്ച്, അവരുടെ പ്രഖ്യാപിത നയങ്ങൾ ഒന്നൊന്നായി രാജ്യത്ത് നടപ്പിലാക്കി വരികയാണ്. കോൺ​ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം ഇനി അധികം അകലെയല്ല എന്നാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്. ഇതിനിടയിൽ മരണക്കിടക്കയിലെ കോൺ​ഗ്രസിന് വെന്റിലേറ്ററാകാൻ ആരെയും അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി. ആര് നയിക്കും എന്ന ചോദ്യമാണ് എക്കാലവും പ്രതിപക്ഷ ഐക്യത്തിന് വിഘാതമായി നിന്നിരുന്നത്. അതിന് പരിഹാരം കാണാൻ ശരദ് പവാറിന് കഴിയും എന്ന് മറ്റാരെക്കാളും നന്നായി ബിജെപിക്ക് അറിയാം. അതുകൊണ്ട് തന്നെ ശരദ് പവാറിനെ ഒപ്പം നിർത്താനും ബിജെപി തയ്യാറാകും.

ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിയതിന് പിന്നാലെയാണ് പവാർ- മോദി കൂടിക്കാഴ്ച. അതേസമയം, ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്ന കാര്യം എൻസിപി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് രാഷ്ട്രപതി പദത്തിലേക്ക് എത്തുമെന്ന തെരഞ്ഞെടുപ്പ് വിദഗ്ദൻ പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ശരദ് പവാറിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ച പവാർ സാധ്യതകൾ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം.

ഇതിനിടെ 2024 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിനെപ്പറ്റി ചർച്ചകൾ നടക്കുകയാണെന്ന മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിരുന്നു. ആഴ്ചകൾക്ക് മുമ്പ് എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച ഇതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടെങ്കിലും, ആ റിപ്പോർട്ടും നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ ശരത് പവാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തികാണിക്കണമെന്ന പ്രഖ്യാപനത്തിലൂടെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് വീണ്ടും ആ അഭ്യൂഹത്തെ ചർച്ചയാക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിൻറെ ശക്തമായ മുഖമെന്ന നിലയിൽ മുതിർന്ന നേതാവായ ശരദ് പവാറിനെ കൊണ്ടുവരണമെന്നായിരുന്നു സഞ്ജയ് റാവത്തിൻറെ നിർദേശം.

രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും പവാറും തമ്മിൽ പലവട്ടം ചർച്ച നടത്തുകയും പവാറിന്റെ വസതിയിൽ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗം ചെയ്യുകയും ചെയ്തിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ മൂന്നാം മുന്നണി രൂപീകരിക്കുന്നതു സംബന്ധിച്ച് ചർച്ചകളാണു നടക്കുന്നതെന്ന് അഭ്യൂഹമുണ്ടെങ്കിലും എൻസിപി നേതാക്കൾ അതു നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ എൻസിപി നേതാക്കൾക്കെതിരായ കേസുകളിൽ കേന്ദ്ര ഏജൻസികൾ നടപടി ശക്തമാക്കിയിരുന്നു. കള്ളപ്പണക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ മുംബൈയിലെയും നാഗ്പുരിലെയും വസതികളിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തിനു സമൻസ് അയച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനു ഹാജരാകാത്ത ദേശ്മുഖിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കവെ, ശരദ് പവാറിന്റെ സഹോദര പുത്രനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെയും ഭാര്യയുടെയും നിയന്ത്രണത്തിലുള്ള പഞ്ചസാര മിൽ മറ്റൊരു കള്ളപ്പണക്കേസിൽ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിലെ 25,000 കോടി രൂപയുടെ കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് അജിത് പവാറിന്റെ പഞ്ചസാര മിൽ ഇഡി പിടിച്ചെടുത്തത്. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള 65 കോടി രൂപ വില മതിക്കുന്ന ജരന്ദേശ്വർ എസ്എസ്‌കെ മില്ലാണ് കണ്ടുകെട്ടിയത്. പവാർ കുടുംബത്തിനു പങ്കാളിത്തമുള്ള ഒട്ടേറെ പഞ്ചസാര മില്ലുകളിൽ ഒന്നാണിത്. 2019ൽ റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ ഏറെനാളായി അന്വേഷണം മന്ദഗതിയിലായിരുന്നു. മുംബൈ പൊലീസിലെ അഴിമതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തെഴുതിയതിനു പിന്നാലെയാണ് ഇഡിയുടെ നടപടി.

മുകേഷ് അംബാനിയുടെ വസതിക്കു ബോംബ് ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ മൊഴിയിൽ അജിത്തിനെതിരെ ആരോപണമുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. മുതിർന്ന ശിവസേന എംഎൽഎയും പാർട്ടി വക്താവുമായ പ്രതാപ് സർനായിക്കും കള്ളപ്പണക്കേസിൽ ഇഡിയുടെ അന്വേഷണം നേരിടുകയാണ്.

ഒരു മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും മഹാരാഷ്ട്രയിൽ ബിജെപിയുമായി വീണ്ടും കൈകോർക്കാനില്ലെന്ന നിലപാടിലാണ് നിലവിൽ ശിവസേന. അതുകൊണ്ടു തന്നെ മഹാരാഷ്ട്രയിൽ ഭരണം പിടിക്കാനും പ്രതിപക്ഷ ഐക്യമെന്ന സ്വപ്നം മുളയിലെ നുള്ളാനും എൻസിപിയെ വരുതിയിലാക്കുന്നതോടെ ബിജെപിക്ക് കഴിയും. ശരദ് പവാറിനാകട്ടെ, മഹാരാഷ്ട്രക്കൊപ്പം കേന്ദ്ര സർക്കാരിലും മുന്തിയ പരി​ഗണന ലഭിക്കുകയും കേസുകൾ അതോടെ ഇല്ലാതാകുകയും ചെയ്യും എന്നുമാണ് പ്രതീക്ഷ.

അഞ്ചു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പവാർ

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലപാടുകൾ ഉറക്കെ പറയുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന നേതാവാണ് ശരത് പവാർ. ഒരുവേള ഇന്ത്യയുടെ പ്രധാനമന്ത്രിപദം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട നേതാവ്. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന യശ്വന്ത് റാവു ബൽവന്ത്‌റാവു ചവാന്റെ വത്സല ശിഷ്യനായിരുന്നു പവാർ. 1967 ൽ ബാരാമതിയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ജയിച്ചു. നാലുവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രി. 1978 ൽ ആദ്യം 38 ാം വയസിൽ കോൺഗ്രസ് എസിന്റെ മുന്നണി സർക്കാരിനെ നയിച്ച് കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. കേന്ദ്രസർക്കാരിൽ പ്രതിരോധ, കൃഷി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട് പവാർ.

ആദ്യം അവിഭക്ത കോൺഗ്രസിലും, പിന്നീട് ഇന്ദിരാ വിഭാഗത്തിലുമായി കോൺഗ്രസിന്റെ വിശ്വസ്തൻ. 1991 -ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമുള്ള ശൂന്യതയിൽ പ്രധാനമന്ത്രി പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടെങ്കിലും അത് നരസിംഹറാവു കൊണ്ടുപോയി. ആശ്വാസമായി പ്രതിരോധ മന്ത്രിപദം. സോണിയാ ഗാന്ധിയെ എഐസിസി അദ്ധ്യക്ഷ പദത്തിലേക്ക് പരിഗണിച്ചപ്പോൾ, പവാർ ഇടഞ്ഞു. സ്വദേശി വാദം പറഞ്ഞ് ശരദ് പവാർ, പി എ സംഗ്മ, താരിഖ് അൻവർ എന്നിവർ ചേർന്ന് മഹാരാഷ്ട്ര കോൺഗ്രസ് പിളർത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഉണ്ടാക്കി.

മഹാരാഷ്ട്രയിൽ മുന്നണി രാഷ്ട്രീയത്തിന്റെ അടവുകൾ പയറ്റുന്നതിൽ അഗ്രഗണ്യനാണ് ശരദ് പവാർ. മുന്നണി രൂപീകരണത്തിന് മധ്യസ്ഥനായിരുന്നു എന്നും. രാഷ്ട്രീയ എതിരാളികളുടെ അടുത്തേക്ക് എന്നും ഒരു പാലമിട്ടു. കോൺഗ്രസിൽ നിന്ന് അകലാനും പിന്നീട് അടുക്കാനും, വിമതനായി സ്വന്തം പാർട്ടിയുണ്ടാക്കാനും കോൺഗ്രസുമായി സഖ്യം രൂപീകരിക്കാനും 1985 ലെ പിഡിഎഫ് മുന്നണിയിൽ ബിജെപിയെ പോലും ഉൾപ്പെടുത്താനും ഒക്കെയുള്ള വഴക്കം.

1999 ൽ എൻസിപി രൂപീകരിച്ച പവാർ ജനങ്ങളുമായി തീവ്രബന്ധം കാക്കുന്ന നേതാവാണ്. പശ്ചിമ മഹാരാഷ്ട്രയിലും മറാത്ത് വാഡയിലും ചിതറിക്കിടന്ന മറാത്തി വോട്ടുകൾ ഏകോപിപ്പിക്കാൻ പവാറിനായി. കൂറുമാറ്റത്തിനും കുപ്രസിദ്ധനാണ് പവാർ. ആദ്യവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് വസന്ത് ദാദ പാട്ടീൽ സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ്. എന്നാൽ, ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്വന്തം പാർട്ടിയിൽ നി്ന്നുള്ള കൊഴിഞ്ഞുപോക്കും കാണേണ്ടി വന്നു. അതിന് തടയാൻ കഴിഞ്ഞത് ആ കൂർമ ബുദ്ധിയും വ്യക്തിപ്രഭാവവും കൊണ്ടുതന്നെ.

1999 ൽ, പന്ത്രണ്ടാം ലോക്സഭ പിരിച്ചുവിട്ട് 13-ാം ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെയാണ് കോൺ​ഗ്രസിൽ ശരത് പവാർ കലാപക്കൊടി ഉയർത്തിയത്. പവാർ, പി.എ.സംഗ്മ, താരിഖ് അൻവർ എന്നിവർ ആവശ്യപ്പെട്ടത്, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടേണ്ടത് സ്വദേശിയായ ഒരാളെ ആയിരിക്കണം എന്നായിരുന്നു. സോണിയ ​ഗാന്ധി ഇറ്റലിക്കാരിയാണെന്നും ഒരിക്കലും അവർ രാജ്യത്തിന്റെയോ പാർട്ടിയുടെയോ നേതൃത്വത്തിൽ വരരുത് എന്നും മൂവരും ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ സോണിയാ ​ഗാന്ധി, പാർട്ടി പ്രസിഡന്റായി കേസരിയെ നിർദ്ദേശിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ മൂന്നുപേരെയും ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതിന് മറുപടിയായി പവറും സാങ്‌മയും 1999 ജൂണിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സ്ഥാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close