KERALANEWS

ഇനിയില്ല, ആ താടിവേഷങ്ങൾ;കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളിൽ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (82) തിങ്കളാഴ്ച രാത്രി അന്തരിച്ചു.പൂജപ്പുര ചാടിയറ നെല്ലിയോട് മനയിലായിരുന്നു താമസം. ഒരുമാസമായി അർബുദബാധിതനായിരുന്നു. കഥകളിയിൽ കരിവേഷങ്ങളുടെ അവതരണത്തിൽ പ്രസിദ്ധനായിരുന്നു.

കലി, ദുശ്ശാസനൻ, ബാലി, നരസിംഹം, കാട്ടാളൻ, നക്രതുണ്ഡി, ഹനുമാൻ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കിൽ നാരദൻ, കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു.എറണാകുളം ചേരാനല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണു നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനായി 1940 ഫെബ്രുവരി 5നാണു ജനനം. പിൽക്കാലത്തു വണ്ടൂരിലേക്കു താമസം മാറ്റി. കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിൽ ഗുരു വാഴേങ്കട കുഞ്ചുനായരുടെ കീഴിലും പിന്നീട് കലാമണ്ഡലത്തിലും കഥകളി അഭ്യസിച്ചു. ചുവന്നതാടി, വട്ടമുടി, പെൺകരി വേഷങ്ങളുടെ അവതരണത്തിൽ മികവു പുലർത്തി. 1975 മുതൽ 95 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലും ജവാഹർ ബാലഭവനിലും കഥകളി അധ്യാപകനായിരുന്നു.

ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം തുടങ്ങിയവയുടെ തർജമയും രാസക്രീ‍ഡ എന്ന ആട്ടക്കഥയും സംസ്കൃതത്തിൽ ഗായത്രി രാമായണവും താടി വേഷങ്ങളെക്കുറിച്ച് ‘ആഡേപതാണ്ഡവം’ എന്ന കൃതിയും രചിച്ചു. കുഞ്ചുനായർ സ്മാരക കലാവിഹാർ എന്ന സ്ഥാപനം തുടങ്ങി കഥകളി അഭ്യസിപ്പിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങളും കേരള സർക്കാരിന്റെ കഥകളി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

എറണാകുളം ചേരാനല്ലൂർ നെല്ലിയോട് മനയിൽ വിഷ്ണുനമ്പൂതിരി, പാർവതി അന്തർജനം എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കൾ: ദിവാകരൻ (മുണ്ടൂർ പേരാമംഗലം, അധ്യാപകൻ), ശ്രീദേവി. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ നിലമ്പൂർ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകീട്ട് നാലിന് ശവസംസ്‌കാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close