NEWSSocial MediaTrendingVIDEOSWORLD

സ്റ്റാന്‍റ് അപ്പ് കോമഡിയില്‍ ട്രാന്‍സ്ജെന്‍ര്‍ വിരുദ്ധ പരാമര്‍ശം; നെറ്റ്ഫ്ലിക്സ് ജീവനക്കാർ പ്രതിഷേധ റാലിയുമായി രംഗത്തിറങ്ങി; സ്ക്രീനിലെ ഉള്ളടക്കം യഥാർത്ഥ ലോകത്തിന് ഹാനികരമാകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്ന പ്രതികരണവുമായി നെറ്റ്ഫ്ലിക്സ്

മലയാളത്തിൽ ഹാസ്യത്തിന് വലിയ ഒരു സ്ഥാനമുണ്ട്. അത് സിനിമയിൽ ആയാലും മാറ്റ് പരിപാടികളിൽ ആയാലും ഒരുപോലെ ആണ്. എന്നാൽ മലയാളത്തിലെ കോമഡി സ്കിറ്റുകളിലെ ലിംഗ/വര്‍ണ്ണ വിരുദ്ധമായ പരാമാര്‍ശങ്ങളുടെ പേരില്‍ അടുത്തകാലത്തായി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ ചില ട്രോളുകളില്‍ ആ മനുഷ്യത്വവിരുദ്ധമായ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടതൊഴിച്ചാല്‍ മറ്റൊരു ആരോഗ്യകരമായ ചര്‍ച്ചയും മലയാളത്തില്‍ നടന്നില്ല.

എന്നാല്‍, ഇന്‍റര്‍നെറ്റ് ലോകത്തെ സ്ട്രീമിങ്ങ് ഭീമനായ നെറ്റ്ഫ്ലിക്സിനെതിരെ ഒരു സ്റ്റാന്‍റ് അപ്പ് കോമഡിയില്‍ ട്രാന്‍സ്ജെന്‍ര്‍ വിരുദ്ധ പരാമര്‍ശം ഉണ്ടെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധ റാലി നടത്തി. ഹാസ്യ നടനായ ഡേവ് ചാപ്പലിന്‍റെ വിവാദമായ പുതിയ കോമഡി സ്പെഷ്യല്‍ ‘ ദി ക്ലോസര്‍ ‘ റിലീസ് ചെയ്യാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

പരിപാടിയില്‍ ട്രാന്‍സ്ജെഡര്‍ വിഭാഗത്തിനെതിരെ ചാപ്പല്‍ വിലകുറഞ്ഞ പരാമര്‍ശങ്ങളുന്നയിച്ചിരുന്നു. ഇതിനെതിരെ ടീം ട്രാൻസ് എന്ന് വിളിക്കുന്ന ഒരു കൂട്ടം ജീവനക്കാരാണ് ലോസ് ഏഞ്ചൽസിലെ നെറ്റ്ഫ്ലിക്സിന്‍റെ 13 നിലകളുള്ള സൺസെറ്റ് ബൊളിവാർഡ് ഓഫീസിന് പുറത്ത് ഒരു റാലി നടത്തിയത്. റാലിയില്‍ ജീവനക്കാര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.

“ദുർബല സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ ഉള്ളടക്കം ഞങ്ങളെ വർഷം തോറും കാണിക്കേണ്ടതില്ല, പകരം, നെറ്റ്ഫ്ലിക്സ് നേതൃത്വം ധാർമ്മിക വിനോദമായി കരുതുന്നതിനെ സാമൂഹിക പരിസ്ഥിതിയിലേക്ക് മാറ്റാൻ ഈ സമയം ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.” ആക്റ്റിവിസ്റ്റും പരിപാടിയുടെ സംഘാടകനുമായ ആഷ്ലി മേരി പ്രെസ്റ്റൺ തന്‍റെ സാമൂഹ്യമാധ്യമ പേജില്‍ കുറിച്ചു.

നെറ്റ്ഫ്ലിക്സ് പോലുള്ള കമ്പനികൾ ഞങ്ങളുടെ ജീവനക്കാർക്ക് ചെവികൊടുക്കാത്ത, സ്വന്തം അടിച്ചമർത്തലിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്ന കമ്പനികളാണെങ്കിൽ അത് അംഗീകരിക്കാനാവില്ല.” ആഷ്ലി മേരി പ്രെസ്റ്റൺ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ജനങ്ങളുടെ ഉത്തരവാദിത്തം നിലനിർത്താൻ ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ എവിടെയും പോകുന്നില്ല എന്നും അവർ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ ഭീമന്മാരുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ സിലിക്കണ്‍ വാലിയില്‍ ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ പതിവാണെങ്കിലും നെറ്റ്ഫ്ലിക്സിനെ സംബന്ധിച്ച് ഇത് ആദ്യത്തെ പ്രതിഷേധമായിരുന്നു. ദക്ഷിണ കൊറിയന്‍ ത്രില്ലറായ സ്ക്വഡ് ഗെയിമിന്‍റെ ആഗോള ജനപ്രീതിയില്‍ പുതിയ റെക്കോഡുകള്‍ ഉണ്ടാകുമ്പോഴും ചാപ്പലിന്‍റെ സ്റ്റാന്‍ഡ് അപ്പ് ഷോയായ ദി ക്ലോസര്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കിടയിലുണ്ടായ അസംതൃപ്തി കൈകാര്യം ചെയ്യുന്നതില്‍ നെറ്റ്ഫ്ലിക്സിനും വീഴ്ച പറ്റിയിരുന്നു.

“സ്ക്രീനിലെ ഉള്ളടക്കം യഥാർത്ഥ ലോകത്തിന് ഹാനികരമാകില്ലെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്.” നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്‍റ് ഓഫീസര്‍ ടെഡ് സരണ്ടോസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ഇതിന് മുമ്പും നെറ്റ്ഫ്ലിക്സില്‍ ഉള്ളടക്കത്തിന്‍റെ പേരില്‍ വിവാദങ്ങളുണ്ടായിട്ടുണ്ട്. ചെറുപ്പക്കാരായ പെൺകുട്ടികളെ ഹൈപ്പർസെക്ഷ്വലൈസ് ചെയ്തതായി ആരോപിക്കപ്പെട്ട “കുട്ടീസ്”, കൗമാരക്കാരുടെ ആത്മഹത്യയെ കുറിച്ച് പറയുന്ന “13 കാരണങ്ങൾ,” എന്നിവ ഉദാഹരണങ്ങളാണ്. ഇവയിൽ ചിലതൊക്കെ കൗമാര ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായതായി ആരോപണമുയര്‍ന്നിരുന്നു.

കമ്പനി മീറ്റിംഗുകളിൽ വംശീയ പദപ്രയോഗം ഉപയോഗിച്ചതിന് നെറ്റ്ഫ്ലിക്സിന്‍റെ മുൻ കമ്മ്യൂണിക്കേഷൻ ഹെഡ് കമ്പനിയില്‍ നിന്നും പുറത്തായതിന് ശേഷമാണ് ഇപ്പോള്‍ ഈ വംശീയ വിവാദം നെറ്റ്ഫ്ലിക്സില്‍ ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 2018 ലാണ് നെറ്റഫ്ലിക്സ് ആരംഭിക്കുന്നത്. ഇവിടെ ഒരു വീട് ഉണ്ടെന്ന് ജീവനക്കാർക്ക് തോന്നുന്ന ഒരു ജോലിസ്ഥലം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ശ്രമമെന്നായിരുന്നു അന്ന് കമ്പനി പറഞ്ഞിരുന്നത്. അതേ കമ്പനിയിലെ ജീവനക്കാരാണ് ഇന്ന് ട്രാന്‍സ് വിഭാഗങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ ഷോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് മുന്നില്‍ സമരം നടത്തുന്നതും.

ജീവനക്കാരുടെ പ്രതിഷേധത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ “ഇന്നത്തെ ഏറ്റവും ജനപ്രിയമായ സ്റ്റാൻഡ്-അപ്പ് ഹാസ്യനടന്മാരിൽ ഒരാളാണ് ചാപ്പൽ, ഞങ്ങൾക്ക് അദ്ദേഹവുമായി ദീർഘകാലമായുള്ള കരാറുണ്ട്,” എന്നായിരുന്നു കമ്പനിയുടെ മറുപടി. ഏതാണ്ട് ഒരു മണിക്കൂറോളം ദൈർഘ്യമുള്ള സ്റ്റാന്‍റ് അപ്പ് കോമഡിയില്‍ ചാപ്പലില്‍ സ്പെഷ്യൽ ട്രാൻസ്ജെൻഡർ ആളുകളെയും എൽജിബിടി+ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളെയും നിരന്തരം പരിഹസിക്കുന്ന പരാമർശങ്ങൾ നടത്തി.

കഴിഞ്ഞ വർഷം മാത്രം 44 ട്രാൻസ്ജെൻഡേഴ്സാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടതെന്ന കണക്കുകളും ഈ വിവാദത്തിനിടെ പുറത്ത് വന്നു. 2013 ല്‍ കണക്കെടുപ്പ് തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് കൊല്ലപ്പെട്ടതും കഴിഞ്ഞ വര്‍ഷമാണ്. ഈ കണക്കുകള്‍ കൂടി നെറ്റ്ഫ്ലിക്സ് കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close