KERALANEWS

പാട്ടിന്റെ ലോകത്തെ പാലാഴി ഇനി ഏഴു ജീവിതങ്ങൾക്ക് രാഗമേകും; നേവിസിന്റെ ഓർമകളിൽ നാടും കുടുംബവും

പാട്ടിന്റെ താളത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച നേവിസ് യാത്രയായത് ഏഴുപേർക്ക് പുതുജീവൻ നൽകികൊണ്ട്. കളത്തിപ്പടി ചിറത്തിലത്ത് ഏദന്‍സ് (പീടികയില്‍) സാജൻ മാത്യുവിന്റെ മകനാണ് ഇരുപത്തിയഞ്ചുകാരനായ നേവിസ് സാജന്‍. നേവിസിന്റെ ഓർമകളിൽ ജീവിക്കാനാണ് അച്ഛൻ സാജൻ മാത്യു അവയവദാനത്തിന് തീരുമാനമെടുത്തതെന്ന് ബന്ധുക്കൾ പറയുന്നു. പാരിസില്‍ ബിരുദാനന്തര ബിരുദം അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നേവിസ്. കോവിഡിനെ തുടർന്നാണ് നാട്ടിലെത്തിയത്. 29നു ഫ്രാന്‍സിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു.

സാജന്‍ മാത്യുവിന്റെയും ഷെറിന്‍ മാത്യുവിന്റെയും മൂത്ത മകനാണ്. എല്‍വിസും വിസ്മയയുമാണ് സഹോദരങ്ങള്‍. എല്‍വിസും ഫ്രാന്‍സിലാണ് പഠിക്കുന്നത്. അച്ഛന്‍ സാജന് മസ്‌കറ്റിലും ദുബായിലുമായി ബിസിനസായിരുന്നു. കോട്ടയം ഗിരിദീപം സ്കൂളിലായിരുന്നു നേവിസിന്റെ ഹൈസ്കൂൾ പഠനം. പാട്ടിലും പഠനത്തിലും ഒരുപോലെ തിളങ്ങിയ താരമായ നേവിസിനെ ഇന്നും ഗിരിദീപം സ്‌കൂളിലെ അധ്യാപിക അന്നമ്മാള്‍ എബ്രഹാം ഓർക്കുന്നു. തുടർപഠനം കോയമ്പത്തൂരിലും ചെന്നൈയിലും ആയിരുന്നു.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്ന് 16നു വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നേവിസിനെ ആദ്യം കോട്ടയത്തെയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നേവിസിന്റെ അവയവങ്ങള്‍ 7 പേര്‍ക്കായി ദാനം ചെയ്യാന്‍ വീട്ടുകാര്‍ സമ്മതം അറിയിക്കുകയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തു. പാലായിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഇന്നു രാവിലെ ഒന്‍പതോടെ കളത്തിപ്പടിയിലെ വീട്ടിലെത്തിക്കും. 12.30നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയില്‍ നടക്കും. നാദം അകന്നു പോയാലും നേവിസ് ഇനി ഏഴു ജീവിതങ്ങൾക്ക് നാദമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close