കൊച്ചി : ഫോർട്ട് കൊച്ചി ബീച്ചിൽ പുതുതായി ഉയർന്നു വന്ന തീരം ജനത്തെ ആകർഷിക്കുന്നു. മധ്യ ബീച്ചിലെ പുലിമുട്ടിനു സമീപമാണു കടലിലേക്ക് 50 മീറ്ററോളം നീളത്തിൽ മണ്ണ് അടിഞ്ഞിരിക്കുന്നത്. ഇവിടം ആകർഷണമാണെങ്കിലും ഇങ്ങോട്ട് ഇറങ്ങുന്നത് ലൈഫ് ഗാർഡുമാർ വിലക്കുന്നു.
ഇരുവശവും താഴ്ചയുള്ളതിനാൽ അപകടകരമാണ് ഈ മണ്ണിലൂടെ നടക്കുന്നതെന്ന് അവർ പറയുന്നു. വേലിയേറ്റ സമയത്തു കൂടുതൽ മണ്ണ് ഇവിടേക്ക് എത്തുന്നു. സൗത്ത് ബീച്ചിന്റെ തെക്കുഭാഗത്ത് ഐഎൻഎസ് ദ്രോണാചാര്യയ്ക്കു സമീപം ഏതാനും വർഷം മുൻപ് ഇതുപോലെ പുതിയൊരു ബീച്ച് രൂപപ്പെട്ടുവെങ്കിലും കടൽക്ഷോഭത്തിൽ പിന്നീടു നഷ്ടമായി.
അതുപോലെ ഇവിടെ കടൽ പാമ്പും അണലിയും ഉണ്ട്. ഇടക്ക് മലമ്പാമ്പിനെയും ബീച്ചിൽ നിന്നു പിടികൂടാറുണ്ട്. ഇന്നലെ ഫുഡ് കോർട്ടിനു സമീപം 3 പാമ്പുകളെ കച്ചവടക്കാരും ലൈഫ് ഗാർഡുമാരും പിടികൂടി. നടപ്പാതയോടു ചേർന്നുള്ള കരിങ്കൽ കെട്ടുകളിൽ ചവിട്ടുന്നതു സൂക്ഷിച്ചു വേണമെന്നു ലൈഫ് ഗാർഡുമാർ പറയുന്നു. കല്ലുകൾക്കിടയിൽ പാമ്പുകൾ ഉണ്ടാകാം. കടപ്പുറത്ത് അടിയുന്ന പായലിന് ഒപ്പമാണു പാമ്പുകൾ എത്തുന്നത്.