INDIANEWS

സുപ്രീംകോടതിയിലേക്ക്​ ഒമ്ബതു​ ജഡ്​ജിമാരെ ശുപാർശ ചെയ്​ത്​ കൊളീജിയം; മൂന്നു​ വനിതകൾ പട്ടികയിൽ, ജസ്​റ്റിസ്​ ബി.വി. നാഗരത്ന ആദ്യ വനിത ചീഫ്​ ജസ്​റ്റിസ്​ ആയേക്കും

ന്യൂഡൽഹി: കേരള ഹൈകോടതിയിലെ ജസ്​റ്റിസ്​ സി.ടി. രവികുമാർ അടക്കം ഒമ്പതു പേരെ സുപ്രീംകോടതി ജഡ്​ജിമാരായി നിയമിക്കാൻ കേന്ദ്ര സർക്കാറിന്​ ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ കൊളീജിയത്തി​ന്റെ ശുപാർശ​. വനിത ജഡ്​ജിമാരായ ജസ്​റ്റിസ്​ ബി.വി. നാഗരത്ന (കർണാടക), ജസ്​റ്റിസ്​ ഹിമ കോഹ്​ലി (തെലങ്കാന), ജസ്​റ്റിസ്​ ബേല ത്രിവേദി (ഗുജറാത്ത്​) എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ജസ്​റ്റിസ്​ എ.എസ്. ഓഖ (കർണാടക ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ വിക്രംനാഥ്​ (ഗുജറാത്ത്​ ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ ജെ.കെ. മഹേശ്വരി (സിക്കിം ചീഫ്​ ജസ്​റ്റിസ്​), ജസ്​റ്റിസ്​ എം.എം. സുന്ദരേഷ്​ (ചെ​ന്നൈ​), പി.എസ്. നരസിംഹ( മുൻ അഡീഷനൽ​ സോളിസിറ്റർ ജനറൽ) എന്നിവരാണ്​ മറ്റ്​ അംഗങ്ങൾ. ഇവരുടെ പേരുവിവരം സുപ്രീംകോടതി വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ശുപാർശ സർക്കാർ അംഗീകരിച്ചാൽ ജസ്​റ്റിസ് ബി.വി. നാഗരത്ന 2027 ഓടെ സു​പ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ പദവിയിലേക്കെത്തുന്ന ആദ്യ വനിതയാകും. സുപ്രീംകോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ ആയിരുന്ന ഇ.എസ്​ വെങ്കട്ടരാമയ്യയുടെ മകളാണ്​ ജസ്​റ്റിസ്​ നാഗരത്​ന. ആദ്യമായാണ്​ സുപ്രീംകോടതിയിലേക്ക്​ ഒരേ സമയം മൂന്ന്​ വനിതകളെ കൊളീജിയം ശുപാർ​ശ ചെയ്യുന്നത്​.

​നിലവിൽ ഹൈക്കോടതികളിലെ ഏറ്റവും മുതിർന്ന ജഡ്​ജിയാണ്​ എ.എസ്​ ഓഖ. കോവിഡ്​ മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സർക്കാറിനെ ചോദ്യം ചെയ്​തും മഹാമാരിക്കാലത്ത്​ അന്തർസംസ്​ഥാന തൊഴിലാളികളുടെ അവകാശങ്ങളിൽ നിരവധി വിധി പുറ​പ്പെടുവിച്ചും രാജ്യത്ത്​ അറിയപ്പെട്ടിരുന്നു ജസ്​റ്റിസ്​ ഓഖ.

ചീഫ്​ ജസ്​റ്റിസ്​ രമണയെ കൂടാതെ, ജസ്​റ്റിസുമാരായ യു.യു. ലളിത്​, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്​, എൽ. നാഗേശ്വര റാവു എന്നിവരാണ്​ കൊളീജിയത്തിലെ മറ്റ്​ അംഗങ്ങൾ.

കൊളീജിയം ശുപാർശ സംബന്ധിച്ച്‌​ ഔദ്യോഗിക പ്രഖ്യാപനത്തിനു ​മുമ്പേ​ മാധ്യമങ്ങൾ വാർത്ത നൽകിയതിൽ അതൃപ്​തി പ്രകടിപ്പിച്ച്‌​ ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ. ഊഹാപോഹങ്ങൾക്കു പകരം നിയന്ത്രണം പാലിക്കുക എന്നത് ഭൂരിപക്ഷ മാധ്യമങ്ങളും അനുവർത്തിക്കുന്ന പതിവാണ്. ജനാധിപത്യത്തിനും ഭൂഷണം അതാണ്. ധാർമികതയിൽ അധിഷ്​ഠിതമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ സുപ്രീംകോടതിയുടെ കരുത്താണെന്നും ചീഫ് ജസ്​റ്റിസ്​ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തികളുടെ അവകാശത്തെയും സുപ്രീംകോടതി ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, അന്തിമ തീരുമാനമാവാത്ത കാര്യത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത വിപരീതഫലമുണ്ടാക്കും. അർഹതയുള്ളവരുടെ നിയമനത്തെ ബാധിച്ചതിന് ഉദാഹരണങ്ങളുണ്ടെന്നും ചീഫ് ജസ്​റ്റിസ്​ പറഞ്ഞു. ജസ്​റ്റിസ് നവീൻ സിൻഹക്കുള്ള യാത്രയയപ്പ്​ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ചീഫ് ജസ്​റ്റിസിന്റെ വിമർശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close