
തിരുവനന്തപുരം: വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
- രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
- കുടുംബാംഗങ്ങളുമായി സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
- കോവിഡ് പോസിറ്റിവായി ചുരുങ്ങിയത് ഏഴുദിവസമെങ്കിലും പിന്നിടുകയോ മൂന്നുദിവസം പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം.
- ഐസൊലേഷൻ കാലാവധി കഴിഞ്ഞ് വീണ്ടും പരിശോധന നടത്തേണ്ടതില്ല. മാസ്ക് ധരിക്കുന്നത് തുടരണം.
- രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാൽ വൈദ്യസഹായം തേടുകയും വേണം.
- മൂന്നുദിവസം തുടർച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും മർദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും എഴുന്നേൽക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശീവേദനയും അനുഭവപ്പെടുക, ശരീരത്തിൽ ഓക്സിജൻ അളവ് കുറയുക തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണ് വൈദ്യസഹായം തേടേണ്ടത്.
- വീട്ടിൽ വായുസഞ്ചാരമുള്ള മുറിയിലാണ് കഴിയേണ്ടത്. എപ്പോഴും എൻ95 മാസ്കോ ഡബിൾ മാസ്ക്കോ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
- കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസ് ചെയ്യുകയും വേണം. പാത്രങ്ങൾ ഉൾപ്പെടെ വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവെക്കരുത്.
- ഇടക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ്, ഡിറ്റർജൻറ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. ഓക്സിജൻ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.