NEWSTECH

പുതിയ പിക്സൽ ഫോണുകൾ ഇന്ത്യയിൽ വിൽക്കില്ല; ചൈനീസ് ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളുടെ പ്രധാന വിപണിയായ ഇന്ത്യയിൽ കാര്യമായ താൽപ്പര്യമില്ലെന്ന് ​ഗൂ​ഗിൾ

ന്യൂയോർക്ക്: പുതിയ പിക്സൽ ഫോണുകൾ ഇന്ത്യയിൽ വിൽക്കില്ലെന്ന് ഗൂഗിൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ് ഗൂഗിളിന്റെ പുതിയ പിക്സൽ 6 പ്രോ ഫോണുകൾ. എന്നാൽ ഇത് തൽക്കാലം ഇന്ത്യയിൽ വിൽക്കുന്നില്ലെന്നാണ് കമ്പനിയുടെ തീരുമാനം. ചിപ്പ് ക്ഷാമം മൂലം ഉത്പാദനത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് ഇന്ത്യൻ വിപണിയെ മാറ്റി നിർത്താനുള്ള കാരണമായി ഗൂഗിൾ ചൂണ്ടികാണിക്കുന്നത്.

മറ്റൊരു കാരണം മുമ്പ് ​ഗൂ​ഗിൾ കൊണ്ടു വന്ന പിക്‌സൽ ഫോണുകൾ ഇന്ത്യയിൽ കാര്യമായി സ്വീകരിക്കപ്പെട്ടില്ല എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഫോണുകളിൽ 90 ശതമാനത്തിലേറെയും 20,000 രൂപയിൽത്താഴെ വിലയുള്ളതാണ്. അതിനാൽ ആപ്പിൾ പോലുള്ള വമ്പൻ കമ്പനികളോട് മത്സരിക്കുന്ന ഗൂഗിൾ പിക്‌സലിന് ചൈനീസ് ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളുടെ പ്രധാന വിപണിയായ ഇന്ത്യയിൽ കാര്യമായ താൽപ്പര്യം ഇല്ലെന്നും പറയപ്പെടുന്നു. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ മാത്രമാണ് പുതിയ ഫോണുകൾക്കു ബുക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ആണ് ആപ്പിൾ ഒഴികെയുള്ള ഫോൺ നിർമാതാക്കളുടെയെല്ലാം സോഫ്റ്റ്‌വെയർ എങ്കിലും, പിക്‌സൽ 6 ശ്രേണി വന്നതോടെ ഗൂഗിൾ ഒരു പടി കൂടി മുന്നോട്ടുപോയിട്ടുണ്ട്.

പുതിയ ഫോണുകളുടെ ചിപ്പുകൾ ഗൂഗിൾ സ്വന്തമായി രൂപപ്പെടുത്തിയതാണ്. ഗൂഗിൾ പുതിയ ഫോണുകളിൽ ഉപയോഗിക്കുന്നത് ടെൻസർ എന്ന പുതിയ ചിപ്പാണ്. ആൻഡ്രോയ്ഡ് 12 പതിപ്പും ആദ്യമായി അവതരിപ്പിക്കുന്നത് ഈ ഫോണിലാണ്. കഴിഞ്ഞ വർഷം പിക്‌സൽ 4എ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ വിപണിയിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടെന്ന തീരുമാനം എടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close