ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം; വിവാഹത്തിന് പിന്നാലെ കൂട്ടബലാത്സംഗവും

ലഖ്നൗ: ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. ഉത്തർപ്രദേശ് സ്വദേശിയായ യുവതിയെ മുംബൈയിലേക്ക് തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
യുവതിക്കു മുൻപ് പരിചയമുള്ള ജാവേദ് എന്നയാളുടെ സഹോദരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ജൂൺ 14ന് യുവതിയെ മുംബൈയിലേക്ക് തട്ടിക്കൊണ്ടു പോകുകയും യുവതിയെ ജാവേദ് മുറിയിൽ പൂട്ടിയിട്ട ശേഷം നിർബന്ധിച്ച് മതപരിവർത്തനം നടത്തി വിവാഹം കഴിച്ചു. തുടർന്ന് ജാവേദും അയാളുടെ പിതാവും സഹോദരനും ഉൾപ്പെടെ നാല് പേർ ചേർന്ന് മകളെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. ജൂൺ 23ന് ജാവേദ് യുവതിയെ കേണൽഗഞ്ജ് റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.