celebrityINDIANEWSTrending

താരപുത്രൻ ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്തകങ്ങൾ; ഭക്ഷണം നാഷണൽ ഹിന്ദു റെസ്റ്റോറന്റിൽ നിന്ന്; കേസിൽ ആര്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

മുംബൈ: നർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ ഉദ്യോഗസ്ഥരോട് ശാസ്ത്ര പുസ്തകങ്ങൾ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ഉദോഗസ്ഥർ പുസ്തകങ്ങൾ എത്തിച്ച് നൽകിയെന്നാണ് ദേശിയ മാധ്യമങ്ങൾ പുറത്ത് വിടുന്നത്. കസ്റ്റഡിയിൽ ഉള്ളവർക്ക് ഭക്ഷണം വീടുകളിൽ നിന്ന് അനുവദിക്കാത്തതിനാൽ എൻസിബി മെസ്സിൽ നിന്നും ഓഫീസിൽ പരിസരത്തെ നാഷണൽ ഹിന്ദു റെസ്റ്റോറന്റിൽ നിന്നുമാണ് ഇവർക്ക് ഭക്ഷണം എത്തിക്കുന്നത് എന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതേസമയം ആര്യന്‍റെയും എന്‍സിബി കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഗാന്ധിനഗറിലുള്ള ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസന്വേഷണത്തിന്‍റെ ഭാഗമായി നാല് പേരെക്കൂടി ഇന്നലെ എന്‍സിബി അറസ്റ്റ് ചെയ്‍തിരുന്നു. ‘നമാസ് ക്രെയ്’ എന്ന ദില്ലി ആസ്ഥാനമായ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിലെ നാല് ജീവനക്കാരാണ് അറസ്റ്റിലായത്. ഇതില്‍ സ്ഥാപനത്തിന്‍റെ രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരും ഉള്‍പ്പെടും. ഫാഷന്‍ ടിവിക്കൊപ്പം ചേര്‍ന്ന് ഈ സ്ഥാപനമാണ് കപ്പല്‍ യാത്രയിലെ പരിപാടികള്‍ സംഘടിപ്പിച്ചത്. ഒളിവിലുള്ള മറ്റു മൂന്ന് ജീവനക്കാര്‍ക്കായുള്ള അന്വേഷണവും എന്‍സിബി ആരംഭിച്ചിട്ടുണ്ട്.

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാൻ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും പറഞ്ഞതായി അന്വേഷണസംഘം. ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്ക് ലഹരിമരുന്ന് വിതരണക്കാരുമായി ബന്ധമുണ്ടെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചു. 1.33 ലക്ഷം രൂപയുടെ ലഹരി മരുന്നുകള്‍ അറസ്റ്റിലായ മൂന്ന് പേരില്‍ നിന്ന് പിടിച്ചെടുത്തതായും എന്‍.സി.ബി കോടതിയെ അറിയിച്ചു. അതേസമയം ലഹരി മരുന്ന് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ തെളിവില്ലെന്ന് ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ വാദിച്ചു.

നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ആര്യന്‍ ഖാനും രണ്ടും മൂന്നും പ്രതികളായ അര്‍ബാസ് മര്‍ച്ചന്‍റ്, മുന്‍മന്‍ ധമേച്ച എന്നിവര്‍ക്കുമെതിരെ ലഹരി മരുന്ന് ഉപയോഗിച്ചതിന് മാത്രമല്ല, ലഹരി മരുന്ന് വാങ്ങി, വിതരണം ചെയ്തു എന്നീ കുറ്റങ്ങളും ചേര്‍ത്തിട്ടുണ്ട്. കൊക്കെയ്ന്‍, എം.ഡ‍ി, ചരസ്, എം.ഡി.എം.എ ഗുളികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മരുന്ന് വിതരണക്കാരുമായും വില്‍പ്പനക്കാരുമായും പ്രതികള്‍ നിരന്തരം ബന്ധം പുലര്‍ത്തിയെന്നും ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു. ആര്യന്‍ ഖാന്‍റെ പക്കലില്‍ നിന്ന് ലഹരി മരുന്നുകള്‍ പിടിച്ചിട്ടില്ല. ഉപയോഗിച്ചതിനും തെളിവില്ല. ചില വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് എന്‍.സി.ബിക്ക് ഉന്നയിക്കാനുള്ളത്. അതിനാല്‍ എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്ന ഒരു വകുപ്പും നിലനില്‍ക്കില്ലെന്ന് ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുന്നതില്‍ എതിര്‍പ്പില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.

സ്പെയിനിൽ ചിത്രീകരണത്തിലുള്ള ഷാറുഖ് ഖാൻ ചിത്രീകരണം നിർത്തിവച്ച് ഉടൻ മുംബൈയിലേക്കു മടങ്ങിയെത്തിയേക്കും. ഷാറുഖ് ഖാന്റെയും ഗൗരി ഖാന്റെയും മക്കളിൽ മൂത്തയാളാണ് ആര്യൻ ഖാൻ. പിതാവിന്റെ പാതയിലൂടെ അഭിനയരംഗത്ത് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സിനിമയിൽ ക്യാമറയ്ക്കു പിന്നിൽ നിൽക്കാനാണ് ആര്യൻ ഇഷ്ടപ്പെട്ടിരുന്നത്. 2001ൽ പുറത്തിറങ്ങിയ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിൽ ബാലതാരമായിരുന്നു.

ലണ്ടനിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം യുഎസിൽ നിന്ന് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്‌ഷനിൽ ബിരുദമെടുത്തു. ഇൻസ്റ്റഗ്രാമിൽ 14 ലക്ഷത്തോളം പേർ പിന്തുടരുന്നുവെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ചിത്രങ്ങളും വിഡിയോകളുമാണ് അധികവും പങ്കുവയ്ക്കാറുള്ളത്. അമിതാഭ് ബച്ചന്റെ മകളുടെ മകൾ നവ്യ നവേലി നന്ദയുമായി ബന്ധപ്പെട്ടു ഗോസിപ്പുകളുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close