KERALANEWSTop News

കൊലപ്പെടുത്തിയത് ഇങ്ങനെ; കൊല ചെയ്ത രീതി അതേപടി കാണിക്കുമ്പോഴും ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതി; അഭിഷേകിനെ പാലാ St. തോമസ് കോളേജിലെത്തിച്ച് തെളിവെടുത്തു

പാലാ: പ്രണയപകയെ തുടർന്ന് സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിഷേകിനെ കോളേജിലെത്തിച്ച് തെളിവെടുത്തു. നേരത്തെ പോലീസ് ഉദ്യോഗസ്ഥർ കോളേജിലെത്തി സ്ഥിഗതികൾ വിലയിരുത്തിയതിന് ശേഷമാണ് അഭിഷേകിനെ തെളിവെടുപ്പിനായി എത്തിച്ചത്. കൊലപ്പെടുത്തിയ സ്ഥലവും രീതിയും വീണ്ടും അതേപടി പൊലീസിന് വിശദീകരിക്കുമ്പോഴും അഭിഷേകിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. കത്തി പിടിച്ച രീതിയും കൊല ചെയ്തതിന് ശേഷം പോയി ഇരുന്ന മരച്ചുവടും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. സഹപാഠിയായിരുന്ന നിഥിന മോളെയാണ് അഭിഷേക് ഇന്നലെ കോളേജ് ക്യാമ്പസ്സിൽ വെച്ച് കഴുത്തറുത്ത് കൊന്നത്. നിഥിന മോളുടെ സംസ്‍കാരം അല്പസമയത്തിനകം വീട്ടുവളപ്പിൽ നടക്കും.

പാലാ St.തോമസ് കോളേജിൽ പ്രണയപകയ്ക്കിരയായി കൊല്ലപ്പെട്ട നിഥിനമോളുടെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ ആഴത്തിലും വീതിയിലും മുറിവേറ്റു. മുറിവേറ്റതിലൂടെ ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് മരണകാരണമായത്. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്‌മോർട്ടം.

പോസ്റ്റുമോർട്ട നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. നിതിനയുടെ മൃതദേഹം ഉച്ചയോടെ തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്കു ശേഷം ബന്ധുവീട്ടിലാണ് സംസ്‌കരിക്കുക. നിരവധി ആളുകളാണ് നിതിനയുടെ മൃതദേഹം കാണാൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.

നാടിനെ നടുക്കിയ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. പരീക്ഷയ്‌ക്കെത്തിയ അഭിഷേക് മുൻകൂട്ടി നിശ്ചയിച്ചു തന്നെയാണ് കൈയിൽ പേപ്പർ കത്തി കരുതിയത്. ഒരാഴ്ച മുൻപ് തന്നെ ബ്ലെയ്ഡ് വാങ്ങി സൂക്ഷിച്ചിരുന്ന പ്രതി കരുതികൂട്ടി തന്നെയാണ് ഇന്നലെ കോളജിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.

പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി മൂർച്ചയേറിയ ബ്ലേഡ് ഇട്ടാണ് പ്രതി അരുംകൊല നടത്തിയത്. ഇതിനായി ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നും മൂർച്ചയേറിയ ബ്ലേഡ് വാങ്ങി. ഇതോടെ കൃത്യമായി ആസൂത്രണം ചെയ്ത ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. ഇന്ന് പ്രതി അഭിഷേകിനെ കൊല നടന്ന കോളേജ് ക്യാമ്പസ്സിലും കൂത്താട്ടുകുളത്തെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും കൂത്തട്ടുകുളത്ത് എത്തിക്കുക. നിതിനയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന അഭിഷേകിന്റെ സംശയമായിരുന്നു ക്രൂരമായ കൊലക്ക് പിന്നിൽ.

രണ്ടു വർഷമായി നിതിനയുമായി അടുപ്പത്തിലായിരുന്നു എന്നാണ് അഭിഷേക് ചോദ്യം ചെയ്യലിൽ പറഞ്ഞത്. പെൺകുട്ടിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നിതിനയെ വിവാഹം ചെയ്ത് നൽകാമെന്ന് അമ്മയിൽ നിന്ന് ഉറപ്പ് ലഭിച്ചെന്നും എന്നാൽ അഭിഷേകിന്റെ കുടുംബം ഈ ബന്ധത്തെ എതിർക്കുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു യുവാവും ഒത്തുള്ള ചിത്രം കണ്ടത് ഇരുവരും തമ്മിൽ തർക്കത്തിന് ഇടയാക്കി. ഇതോടെയാണ് കൂടുതൽ അകൽച്ച രൂക്ഷമായത്. മുമ്പും തർക്കം ഉണ്ടായിട്ടുണ്ടെന്നും നിതിനയുടെ ഫോൺ അഭിഷേക് പിടിച്ചുവാങ്ങിയെന്നും വിവരം ലഭിച്ചെന്നാണ് മന്ത്രി വി. എൻ വാസവൻ വ്യക്തമാക്കിയത്.

തന്റെ പ്രണയം നിരസിച്ച പെൺകുട്ടിയെ കൊല്ലാനുറച്ച് എത്തിയ അഭിഷേക് സഹപാഠികളോട് പെരുമാറിയതും യാതൊരു സംശയത്തിനും ഇടനൽകാതെയായിരുന്നു. രാവിലെ കോളജിലെത്തിയ അഭിഷേക് ഹാൾടിക്കറ്റ് വാങ്ങി പരീക്ഷാ ഹാളിലേക്ക് എത്തുമ്പോഴും പ്രത്യേകിച്ച് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. അഭിഷേകും കൊല്ലപ്പെട്ട നിതിന മോളും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നാണ് ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നത്. അടുത്ത സൗഹൃദമാണ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത് എന്നും എന്നാൽ, പ്രണയമായിരുന്നോ എന്ന് അറിയില്ലെന്നും ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി ആയ അഭിഷേക് ബൈജു ഇന്ന് വീട്ടിൽ നിന്നിറങ്ങിയത് നിതിനയെ കൊലപ്പെടുത്താൻ ഉറച്ചുതന്നെ എന്നാണ് റിപ്പോർട്ടുകൾ. കോളജിൽ പരീക്ഷ എഴുതാനെത്തിയ അഭിഷേക് കൈയ്യിൽ കരുതിയിരുന്ന കത്തി തന്നെ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പോക്കറ്റിൽ കരുതാൻ പറ്റുന്ന ചെറുതും എന്നാൽ, മൂർച്ചയേറിയതുമായ ചെറിയ കത്തിയാണ് അഭിഷേകിന്റെ കയ്യിലുണ്ടായിരുന്നത്. പരീക്ഷ കഴിയുന്നതിന് മുമ്പു തന്നെ അഭിഷേക് പരീക്ഷാ ഹാൾ വിട്ട് പുറത്തെത്തി. കോളജ് റോഡിലെ മരച്ചുവട്ടിൽ ഇയാൾ പെൺകുട്ടിയെ കാത്തിരിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷവും യാതൊരു കൂസലുമില്ലെതെയാണ് കൊലയാളി പെരുമാറിയതെന്ന് സംഭവത്തിലെ ദൃക്സാക്ഷിയായ കോളജ് സെക്യൂരിറ്റിയും വ്യക്തമാക്കുന്നു. നിതിന മോളും കൊലയാളിയായ അഭിഷേക് ബൈജുവും തമ്മിൽ വളരെ നേരം മരച്ചുവട്ടിൽ നിന്ന് തർക്കിച്ചിരുന്നു. ഇതിനിടെ യുവാവ് പെൺകുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് കീഴ്പ്പെടുത്തി കഴുത്തറുക്കുകയായിരുന്നു. കഴുത്തിൽ നിന്നും രക്തം ചീറ്റിയതോടെ ഇരുകൈകളും തുടച്ച് മരച്ചുവട്ടിലെ തറയിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കുകയായിരുന്നു എന്നും സെക്യൂരിറ്റി പറയുന്നു.

പാലാ സെന്റ് തോമസ് കോളജിലെ നിതിന മോളെ സഹപാഠി ക്രൂരമായി കൊലപ്പെടുത്തിയത് പ്രണയ പകയിൽ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിതിന മോളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും സഹപാഠികളാണ്. 22കാരിയായ നിതിന സപ്ലിമെന്ററി പരീക്ഷ എഴുതി പുറത്തേക്ക് വരവെയാണ് ഹാക്സോ ബ്ലേയ്ഡ് ഉപയോ​ഗിച്ച് അഭിഷേക് കഴുത്തറുത്തത്.

പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിന മോൾ പരീക്ഷ എഴുതാനായാണ് ഇന്ന് കോളജിൽ എത്തിയത്. പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് അഭിഷേക് ആക്രമിച്ചത്. കോളജിലെ തന്നെ മറ്റ് രണ്ട് വിദ്യാർത്ഥിനികളാണ് സംഭവം കണ്ട് അധികൃതരെ വിവരം അറിയിച്ചത്.

അഭിഷേക് നിരന്തരം പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ, പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ഇയാൾ ക്രുദ്ധനാകുകയും നിതിനയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ നിതിനയെ ഉടൻ തന്നെ മരിയൻ മെഡിക്കൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close