
ന്യൂഡൽഹി: അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചർച്ച ചെയ്യാനായി ഇന്ത്യ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാന്റെ ചുറ്റുപാടുമുള്ള എല്ലാവരുടെയും സുരക്ഷക്കായി പ്രാദേശിക രാജ്യങ്ങൾ തമ്മിൽ അടുത്ത സഹകരണത്തിനും കൂടിയാലോചനക്കും സമയമായെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനത്തിലെ ഭരണം താലിബാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം ചേർന്നത്. ഇന്ത്യ വിളിച്ച് ചേർത്ത യോഗത്തിൽ എട്ട് രാജ്യങ്ങൾ പങ്കെടുത്തു. ഡൽഹിയിൽ വെച്ചാണ് യോഗം ചേർന്നത്. റഷ്യ, ഇറാൻ, കസാഖ്സ്താൻ, താജികിസ്താൻ, ഉസ്ബെക്കിസ്താൻ, കിർഗിസ്താൻ, തുർക്മെനിസ്താൻ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളാണ്(എൻ.എസ്.എ) പങ്കെടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സുരക്ഷാ ഉപദേഷ്ടാക്കളുമായി ഡോവൽ വെവ്വേറെ ചർച്ചയും നടത്തുന്നുണ്ട്. താലിബാൻ അധികാരം പിടിച്ച ശേഷം അഫ്ഗാനിസ്താന്റെ കാര്യം അവലോകനം ചെയ്യാനായി ഇത്തരമൊരു മേഖലാചർച്ച നടക്കുന്നത് ആദ്യമാണ്.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കാൻ ചർച്ചകൾ വഴിവെക്കില്ലെന്ന് ഉറപ്പു വരുത്തണമെന്ന് റഷ്യൻ പ്രതിനിധി നിക്കോളായ് പി. പത്രുഷേവ് പറഞ്ഞു. 2018ൽ ഇറാൻ തുടങ്ങഇവെച്ച സംഭാഷണ പ്രക്രിയയുടെ മൂന്നാം ഘട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഡോവൽ പറഞ്ഞു. ഇതിന് കാരണമായതിൽ ഇറാനോട് നന്ദിയുണ്ട്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നമ്മൾ ഇന്ന് യോഗം ചേരുകയാണ്. ഇവ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മാത്രമല്ല, അയൽക്കാർക്കും പ്രദേശത്തിനും സുപ്രധാനമായ സംഗതിയാണ്. കൂടുതൽ സഹകരണത്തിനും ആശയവിനിമയത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സമയമാണിത് -ചർച്ചക്ക് തുടക്കമിട്ടുകൊണ്ട് ഡോവൽ പറഞ്ഞു. മധ്യേഷ്യൻ രാജ്യങ്ങളുടെയും റഷ്യയുടെയും ഇറാന്റെയും ദേശീയ സുരക്ഷാ മേധാവികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്താനെയും ചൈനയെയും ഇന്ത്യ ക്ഷണിച്ചിരുന്നുവെങ്കിലും ഇരുവരും വിട്ടുനിന്നു.
അഫ്ഗാനിസ്താനിലും അയൽപക്കത്തും നിന്നുള്ള ഭീകരവാദ ഭീഷണിയെയും തീവ്രവാദത്തെയും മൗലികവാദത്തെയും കുറിച്ച് വിശദമായ ചർച്ച നടന്നു. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അവരെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നില്ല. 2018, 19 വർഷങ്ങളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഇറാനിലാണ് നടന്നത്. 2020-ൽ ഇന്ത്യയിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. ചർച്ചയുടെ സമയക്രമത്തിലുള്ള അസൗകര്യങ്ങൾ കാരണമാണ് എത്താത്തതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്താൻ പ്രശ്നം സംബന്ധിച്ച് ഇന്ത്യയുമായി തുറന്ന ചർച്ചകൾക്ക് തയ്യാറാണെന്നും വ്യക്തമാക്കി. എന്നാൽ, പാകിസ്താനെ പിണക്കാതിരിക്കാനാവും ഈ നിലപാടെന്നാണ് സുരക്ഷാമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇറാനിൽ നടന്ന രണ്ടു യോഗങ്ങളിലും ചൈന പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ നേരത്തേതന്നെ വ്യക്തമാക്കിയതാണ്.