NEWSTop NewsTrendingWORLD

ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള എട്ടാമത്തെ അട്ടിമറി; ജനാധിപത്യം സ്വപ്നം കണ്ട ജനതയുടെ പ്രതീക്ഷ വീണ്ടും മങ്ങുന്നു; വീണ്ടും അശാന്തി പുലരുന്ന നാടായി മാറിയ സുഡാൻ

1956-ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള എട്ടാമത്തെ ഭരണ അട്ടിമറിക്കാണ് ആഫ്രിക്കൻ രാജ്യമായ സുഡാൻ ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അബ്ദുല്ല ഹംഡോക്ക് ഉൾപ്പെടെ നിരവധി സിവിലിയൻ നേതാക്കളെ അജ്ഞാത സൈനികർ അറസ്റ്റ് ചെയ്‌തെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. മുപ്പത് വർഷത്തെ ഏകാധിപത്യത്തിൽ നിന്നും മോചനം നേടിയ ശേഷം ജനാധിപത്യം സ്വപ്നം കണ്ട് തുടങ്ങുകയായിരുന്നു സുഡാൻ. അപ്പോഴാണ് വീണ്ടും തിരിച്ചടിയായി പട്ടാള അട്ടിമറി നടന്നിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഒമർ അൽ ബഷീറിന്റെ ഏകാധിപത്യ ഭരണമാണ് സുഡാനിൽ നില നിന്നിരുന്നത്. അട്ടിമറി നടത്തി പ്രസിഡന്റായിരുന്ന അൽ ബഷീറിനെ 2019ലാണ് സുഡാൻ പുറത്താക്കിയത്. 2019-ൽ മാസങ്ങൾ നീണ്ട തെരുവ് പ്രതിഷേധത്തെ തുടർന്നാണ് ബഷീർ പുറത്താക്കപ്പെട്ടത്. അതിനു ശേഷം നിലവിൽ വന്ന സർക്കാരിന്റെ പ്രതിനിധിയാണ് അബ്ദുല്ല ഹംഡോക്ക്. തീർത്തും ജനാധിപത്യത്തിന് മുൻഗണന നൽകി നടന്ന ഭരണത്തിലൂടെ സുഡാൻ വീണ്ടും പ്രതീക്ഷയുടെ പാതയിലെത്തുകയായിരുന്നു. സൈന്യത്തിനും ജനാധിപത്യ നേതാക്കള്‍ക്കും പ്രാധിനിത്യമുള്ള ഭരണസംവിധാനമാണ് 2 വര്‍ഷമായി തുടര്‍ന്നിരുന്നത്. 2023ല്‍ സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് സുഡാന്‍ എത്തുമായിരുന്നു. ഇതാണ് പുതിയ അട്ടിമറിയിലൂടെ ഇല്ലാതായത്.

സൈന്യവും സ്വാതന്ത്ര്യത്തിനും അവസരത്തിനും വേണ്ടിയുള്ള ഫോഴ്‌സസ്‌ ഫോർ ഫ്രീഡം ആൻഡ് ചാൻസ് (എഫ്‌എഫ്‌സി) എന്ന് സ്വയം വിളിക്കുന്ന ജനാധിപത്യ അനുകൂല ഗ്രൂപ്പുകളുടെ ഒരു സഖ്യവും തമ്മിലുള്ള അധികാരം പങ്കിടൽ കരാറിലൂടെയാണ് പരിവർത്തന ഗവൺമെന്റ് രൂപീകരിച്ചത്. ഒരു ജനാധിപത്യ സർക്കാർ തിരഞ്ഞെടുക്കപ്പെടുന്നതുവരെ പരിവർത്തന ഗവൺമെന്റ് പ്രവർത്തിപ്പിക്കുന്നതിന് അവർ ഒരു പരമാധികാര സമിതിയും രൂപീകരിച്ചു.

പക്ഷെ ജനാധിപത്യ അനുകൂല, ജനാധിപത്യ വിരുദ്ധ ഗ്രൂപ്പുകളുടെ വലിയ പ്രതിഷേധം സുഡാൻ അടുത്തിടെ കണ്ടിരുന്നു. രണ്ട് വർഷം മുമ്പ് ട്രാൻസിഷണൽ സർക്കാർ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ സൈനിക നേതൃത്വവും സിവിലിയൻ നേതൃത്വവും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. കുറച്ച് ആഴ്ചകളായി സൈന്യം സുഡാനിൽ അധികാരം പിടിച്ചെടുക്കാൻ നീക്കം നടത്തിവരികയായിരുന്നു.

ഇതുവരെ നടന്ന അട്ടിമറികൾ

1956-ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ സുഡാൻ 2019 വരെ ഏഴ് അട്ടിമറികൾ കണ്ടു. സുസ്ഥിരമായ ഒരു ഭരണ സംവിധാനം കണ്ടെത്താൻ ഇതുകൊണ്ട് തന്നെ സുഡാൻ പരാജയപെട്ടു. സർക്കാരിന്റെ നിയന്ത്രണം പലപ്പോഴും സൈന്യം ഏറ്റെടുത്തു.

1958ൽ സുഡാനിൽ ജനറൽ ഇബ്രാഹിം അബൗദിന്റെ നേതൃത്വത്തിലുള്ള സൈന്യം ഒരു വർഷം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചതോടെയാണ് ആദ്യത്തെ അട്ടിമറി നടന്നത്. 1969-ൽ മറ്റൊരു സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയ ജാഫർ നുമേരി 1983-ൽ സുഡാനിൽ ഇസ്ലാമിക നിയമവ്യവസ്ഥയായ ശരിഅത്ത് അടിച്ചേൽപ്പിച്ചു. അവസാനത്തെ ഏകാധിപതിയായിരുന്നു ജനറൽ അൽ-ബഷീർ. ബഷീറിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് വന്ന വഴി

2019 ഓഗസ്റ്റിലാണ് അധികാരം പങ്കിടല്‍ കരാറില്‍ സിവിലിയന്‍ നേതൃത്വവും, സൈനിക നേതൃത്വവും ഒപ്പുവച്ചത്. അല്‍ ബഷീറിനെ നീക്കിയതിന് ശേഷം സ്ഥാപിതമായ സിവിലിയന്‍ – സൈനിക പ്രതിനിധികള്‍ അടങ്ങുന്ന ഒരു പരിവര്‍ത്തന സര്‍ക്കാരാണ് നിലവിലുണ്ടായിരുന്നത്. മുൻ ഭരണാധികാരിയുടെ കാലത്ത് ഉണ്ടായിരുന്ന രാഷ്ട്രീയ വിഭജനങ്ങളും സാമ്പത്തിക പ്രശനങ്ങളും പുതിയ ഭരണത്തിലും തുടര്‍ന്നു.

ഇതോടെ സിവിലിയന്‍ ഉദ്യോഗസ്ഥരും സൈന്യവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ വര്‍ധിച്ചു. കൂടാതെ, സുഡാന്‍റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാന്‍ ജനാധിപത്യ ഭരണം വേണമെന്നുമുള്ള ആവശ്യങ്ങള്‍ പല ഭാഗത്ത് നിന്നും ഉയരുകയും ചെയ്തു. അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍ കടുത്ത നടപടികളാണ് സുഡാന്‍ പ്രഖ്യാപിച്ചത്. സബ്‍സിഡി വെട്ടിക്കുറയ്ക്കുക, ഔദ്യോഗിക നാണയമായ സുഡാനീസ് പൗണ്ട് ലഭ്യത കുറയ്ക്കുക തുടങ്ങിയ പരിഷ്‍കാരങ്ങള്‍ ഇതില്‍പ്പെടും. ഐ.എം.എഫ് പിന്തുണകൂടെയുണ്ടായിരുന്ന ഈ സാമ്പത്തിക പരിഷ്‍കാരങ്ങള്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഇതിന് പിന്നാലെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് അട്ടിമറി അപലപിക്കുകയും ചെയ്തിരുന്നു. സുഡാന്‍ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണം. നതയുടെ അഭിലാഷങ്ങളുടെ സാക്ഷാത്കാരത്തിനും നല്ല ഭാവിക്കും സമാധാനപരവും സുസ്ഥിരവും ജനാധിപത്യപരവുമായ ഭരണം വേണം. എല്ലാ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരിവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഒമർ അൽ ബഷീറിന് മുൻപും ശേഷവും

ഒമർ അൽ-ബഷീർ 1990-കൾ മുതൽ 2019 വരെ സുഡാൻ ഭരിച്ചു. മുപ്പത് വർഷത്തോളം ഭരണം നടത്തിയ അദ്ദേഹം 1998-ൽ സുഡാനിൽ ഒരു പുതിയ ഭരണഘടന കൊണ്ടുവന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തു. 2015-ൽ അൽ-ബഷീർ വിജയിച്ച അവസാന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ 2015-ൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി പ്രസിഡന്റായി.

എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ അദ്ദേഹത്തെ തകർച്ചയിലേക്ക് നയിച്ചു. അൽ-ബഷീർ സർക്കാർ സബ്‌സിഡികൾ എടുത്തുകളഞ്ഞതിനെത്തുടർന്ന് 2018 ജനുവരി മുതൽ സുഡാനിലുടനീളം ബ്രെഡ് വില ഉയരുന്നതിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അടുത്ത ഒരു വർഷത്തിനുള്ളിൽ പ്രതിഷേധം വലുതായി. ഈ പ്രതിഷേധങ്ങളിൽ 2020 ഫെബ്രുവരിയിൽ 40-ലധികം ആളുകൾ മരിച്ചു.

2019 ഏപ്രിലിൽ സൈന്യം അതിന്റെ മുൻ മേധാവി അൽ-ബഷീറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കി. സിവിലിയൻ സഖ്യവും സൈന്യവും തമ്മിലുള്ള മൂന്ന് വർഷത്തെ അധികാരം പങ്കിടൽ കരാറിന്റെ ഭാഗമായാണ് ഹംഡോക്ക് പ്രധാനമന്ത്രിയുടെ സ്ഥാനം ഏറ്റെടുത്തത്.

ഇപ്പോൾ, പരിവർത്തന ഗവൺമെന്റിന്റെ കാലാവധിക്ക് ഒരു വർഷം മുമ്പാണ് സുഡാനിൽ അട്ടിമറി നടത്തി സൈന്യം ഭരണം നേടിയിരിക്കുന്നത്. യഥാർത്ഥ പദ്ധതി പ്രകാരം പരിവർത്തന ഗവൺമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയും സുഡാനിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സിവിലിയൻ സർക്കാരിന് വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ ഏറ്റവും പുതിയ നീക്കം സുഡാനിൽ ജനാധിപത്യത്തിലേക്കുള്ള പാതയിൽ തടസ്സം സൃഷ്ടിക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close