Breaking NewsINDIANEWSTop News

68 വർഷത്തിന് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റായുടെ കൈകളിൽ; ലേലത്തിൽ ഉയർന്ന വില ടാറ്റയുടേത്; അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർണമാക്കുമെന്ന് വ്യോമയാനമന്ത്രാലയം

എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്. ലേലത്തിൽ ഏറ്റവും ഉയർന്ന വില നൽകിയാണ് ടാറ്റ എയർ ഇന്ത്യ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും ഉയർന്ന വിലയായ 18000 കോടി രൂപ ടാറ്റയുടേതായിരുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ കൈമാറ്റം പൂർണ്ണമാക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

അറുപത്തിയെട്ട് വർഷങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ തിരിച്ച് ടാറ്റ സൺസിന്റെ കൈകളിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ സൺസിന്റെ ടെൻഡറിന് അംഗീകാരമായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയർ ഇന്ത്യയുടെ ടെൻഡറിന് അംഗീകാരം നൽകിയിരുന്നു.

എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.

പ്രധാനമായും ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റുമാണ് എയർഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. ലേലത്തിലെ ഉയർന്ന തുക ടാറ്റയുടേതാണെന്നാണ് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എയർ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റർ അപ്‌സ് കമ്പനിയും രംഗത്ത് വന്നിരുന്നുവെങ്കിലും പിന്നീട് അതിൽ നിന്നും അവർ പിന്മാറി. 2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുകയാണ് എയർ ഇന്ത്യ. 60,000 കോടിയിലധികമാണ് സർക്കാരിന് കടം. പ്രതിദിനം 20 കോടിയോളം നഷ്ടം വഹിക്കുന്നതായാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. തുടർന്നാണ് എയർ ഇന്ത്യ ലേലത്തിലേക്ക് വെക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതും.

ലേലത്തിൽ കേന്ദ്ര സർക്കാർ ടാറ്റയെ തിരഞ്ഞെടുത്തതോടെ ഇത് ചരിത്രമായി മാറുകയാണ്. 68 വർഷത്തിനു ശേഷം വീണ്ടും ടാറ്റായുടെ കൈകളിലേക്ക് ആ കമ്പനി എത്തി എന്നതുതന്നെയാണ് പ്രധാന പ്രത്യേകത.

എയർ ഇന്ത്യയുടെ ചരിത്രം

1930 ലാണ് കമ്പനിയുടെ ആരംഭം. കമ്പനിയുടെ ജനനത്തോടൊപ്പം ഇന്ത്യൻ വ്യോമയാനത്തിന്റെ ഉത്ഭവവും ഉണ്ടായി. ഇന്ത്യയിലെ ആദ്യത്തെ ലൈസൻസുള്ള പൈലറ്റായ വ്യവസായി ജെആർഡി ടാറ്റ തുടങ്ങിയ എയർലൈൻ 1932 ഒക്ടോബർ 15 നാണ് അതിന്റെ ആദ്യ വിമാനം സ്ഥാപിച്ചത്. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള അവിഭക്ത ഇന്ത്യയിലെ കറാച്ചിക്കും ബോംബെക്കും ഇടയിലാണ് എയർലൈൻ ആദ്യം ചരക്ക് കൊണ്ടുപോയത്. ജെആർഡി ടാറ്റയുടെ ആദ്യ വിമാനം. സിംഗിൾ എഞ്ചിൻ ഡി ഹാവിലാൻഡ് പുസ് മോത്ത് കറാച്ചിയിൽ നിന്ന് അഹമ്മദാബാദ് വഴി ബോംബെയിലേക്ക് 25 കിലോഗ്രാം ലോഡ് ചരക്ക് കയറ്റിയിരുന്നു. എന്നാൽ 1940 കളിൽ എയർലൈൻ വാണിജ്യപരമായിത്തീർന്നു. തുടർന്ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. ഇതോടെ സമ്പന്നരായ യാത്രക്കാർ എയർലൈനിന്റെ ഫ്ലൈറ്റുകളിൽ കയറാൻ തടിച്ചുകൂടി. അതിന്റെ മഹാരാജ ചിഹ്നം ഇന്ത്യൻ വ്യോമയാനത്തിന്റെ മായാത്ത ചിഹ്നമായി മാറി.

1946-ൽ ടാറ്റാ എയർലൈൻസ്, എയർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇത് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. സ്വാതന്ത്ര്യത്തിന് ഒരു വർഷത്തിനുശേഷം, 1948 ൽ ഇന്ത്യൻ സർക്കാർ എയർലൈൻ കമ്പനിയിൽ 49 ശതമാനം ഓഹരികൾ വാങ്ങി. 1953 -ൽ സർക്കാർ വ്യോമയാന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. എയർ ഇന്ത്യ ഒരു പൊതുമേഖലാ സംരംഭമായി മാറിയപ്പോഴും ജെആർഡി ടാറ്റ 1977 വരെ എയർലൈനിന്റെ തലപ്പത്ത് ചെയർമാനായി തുടർന്നു. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. എന്നാൽ തൽക്കാലം വില്പന വേണ്ട എന്ന് സർക്കാർ തീരുമാനിക്കുകയുയായിരുന്നു. 2013ൽ ടാറ്റ എയർ ഏഷ്യ ഇന്ത്യ വിമാന കമ്പനി ആരംഭിച്ചു.

കടക്കെണിയിൽ കുടുങ്ങിയ എയർ ഇന്ത്യ സർക്കാരിന് കോടികളുടെ നഷ്ടം വരുത്തുന്നതോടെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എയർ ഇന്ത്യ വിൽക്കാനുള്ള രണ്ടാമത്തെ ശ്രമമാണിത്. 2018 മാർച്ചിൽ ഈ എയർലൈൻ വിറ്റഴിക്കാൻ ശ്രമിച്ചതിൽ കേന്ദ്രം പരാജയപ്പെട്ടു. എയർലൈനിന്റെ 76 ശതമാനം ഓഹരികൾ വിൽക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചപ്പോൾ, എയർലൈനിന്റെ വർദ്ധിച്ചുവരുന്ന കടം സംബന്ധിച്ച ആശങ്കകൾ കാരണം ആ സമയത്ത് ഒരു കമ്പനിയും ഏറ്റെടുക്കാൻ മുന്നോട്ട് വന്നില്ല.

2020 ഡിസംബറിൽ, എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനായി സർക്കാർ വീണ്ടും താത്പര്യം പ്രകടിപ്പിച്ചു. തകർന്ന എയർലൈൻ ഏറ്റെടുക്കാൻ നാല് ലേലക്കാർ മത്സരരംഗത്തെത്തിയെങ്കിലും ടാറ്റ ഗ്രൂപ്പും സ്പൈസ്ജെറ്റ് സിഇഒ അജയ് സിംഗും മാത്രമാണ് അവസാന ഘട്ടത്തിലേക്ക് കടന്നത്. ഒടുവിൽ ഇപ്പോൾ ലേലത്തിലെ ഏറ്റവും ഉയർന്ന വില നൽകി വീണ്ടും ടാറ്റയുടെ കൈകളിലേക്ക് എത്തി ചരിത്രം കുറിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close