Breaking NewsKERALANEWSTrending

പഠിക്കാൻ യൂറോപ്പിൽ പോയ അക്ഷയ് പെൺവീട്ടുകാരെ വീഴ്ത്തിയത് ഇംഗ്ലീഷിലൂടെ; പ്രതികളുടെ പേരിൽ കോട്ടയം ഉൾപ്പെടെ 15 സ്റ്റേഷനുകളിൽ രണ്ടര കോടിയുടെ തട്ടിപ്പ് കേസുകളും; വിവാഹ തട്ടിപ്പ് വീരൻ പിടിയിലായതോടെ പുറത്തുവരുന്നത് വൻ തട്ടിപ്പുകളുടെ കഥ

പ്രതിശ്രുത വരൻ ചമഞ്ഞ് പെൺവീട്ടുകാരുടെ പക്കൽ നിന്ന് പണം തട്ടിയ അക്ഷയിയും അജുവും വിസാ തട്ടിപ്പിലും പ്രതികൾ. ഇവരുടെ പേരിൽ കോട്ടയവും കിടങ്ങൂരും ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പഠനത്തിനായി യൂറോപ്പിൽ പോയിരുന്ന അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. 2.5 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേർന്ന് വിസയുടെ പേരിൽ നടത്തിയത്.

സംസ്ഥാനത്ത് കൊടുങ്ങല്ലൂർ, കൊല്ലം ക്രൈംബ്രാഞ്ച്, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ, കോട്ടയം കിടങ്ങൂർ തുടങ്ങിയ പതിനഞ്ചോളം സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കേസുകൾ നിലവിലുള്ളത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇവരെ കണ്ടെത്താനുള്ള നീക്കവും തുടങ്ങി.

തട്ടിപ്പ് കേസിൽ കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിൽ നോട്ടിക്കണ്ടത്തിൽ അക്ഷയ് (30), സുഹൃത്തും സഹായിയുമായ കൊല്ലം കരവല്ലൂരിൽ അജി (40) എന്നിവരാണ് പിടിയിലായത്. വിദേശത്ത് പോയി വിദ്യാഭ്യാസം നേടിയ നന്നായി ഇംഗ്ലീഷും കൈകാര്യം ചെയ്യും. ഈ ഇംഗ്ലീഷിലൂടെയാണ് ഇയാൾ പെൺവീട്ടുകാരെ ഉയർന്ന ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത്. ഗൂഗിളിൽ ഉയർന്ന ജോലിയുണ്ടെന്ന് ധരിപ്പിച്ചാണ് ഇയാൾ അധ്യാപികയുടെ മകളുമായി വിവാഹം ഉറപ്പിച്ചത്. ഇയാളുടെ പേരിൽ വിവാഹ പരസ്യം നൽകി അതിൽ വിളിക്കുന്നവരോട് ഗൂഗിളിൽ ജോലിയാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ആർഭാടമായി വിവാഹ നിശ്ചയം നടത്തുകയായിരുന്നു. ദിവസക്കൂലിക്ക് വാടകയ്ക്ക് എടുത്ത ബന്ധുക്കളുമായാണ് ഇയാൾ ചടങ്ങിനെത്തിയത്.

തുടർന്ന് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച് കൂടുതൽ വിശ്വാസ്യതനേടും ചെയ്തു. ഇതിനുശേഷം പിതാവ് അത്യാസന്നനിലയിൽ ആശുപത്രിയിലാണെന്ന് ഇയാൾ പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. ചികിത്സയ്ക്ക് കൂടുതൽ തുക വേണമെന്നും താത്കാലികമായ ബുദ്ധിമുട്ടുണ്ടെന്നും ഇയാൾ പെൺകുട്ടിയെ പറഞ്ഞ് ധരിപ്പിച്ചു. തുടർന്ന് പെൺകുട്ടി വിവരം വീട്ടിലറിയിക്കുകയും വീട്ടുകാർ സഹായം വാഗ്ദാനംചെയ്യുകയുമായിരുന്നു. ആദ്യമെല്ലാം ഇയാൾ ഇത് നിരസിച്ച ശേഷം ഒടുവിൽ പത്തുലക്ഷത്തോളം രൂപ കൈക്കലാക്കി.

പണം നൽകിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കളിപ്പിക്കപെട്ട വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞത്. പിന്നീട് വിളിക്കുമ്പോൾ ഇയാളിലുണ്ടായ മാറ്റമാണ് തട്ടിപ്പ് തിരിച്ചറിയാൻ വഴിയൊരുക്കിയത്. തുടർന്ന് രക്ഷിതാക്കൾ അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പായിരുന്നെന്ന് മനസിലാകുന്നത്. തുടർന്ന് ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. അപ്പോഴേക്കും പ്രതിയും സംഘാംഗങ്ങളും സ്ഥലംവിട്ടിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവാഹ നിശ്ചയത്തിന് വരന്റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നവരായിരുന്നുവെന്ന് വ്യക്തമായി. പ്രതികൾ താമസസ്ഥലവും ഫോണുമെല്ലാം അടിക്കടി മാറ്റുന്നതിനാൽ പോലീസിന് കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. കൊല്ലത്തുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടത്തെ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) അംഗങ്ങളായ മനു, ബൈജു എന്നിവരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close