INDIANEWSTop News

വരുന്ന തിരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ സ്ഥാനാർത്ഥിയെ നിർത്തും; രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ അമരീന്ദർ സിങ്

ന്യൂഡല്‍ഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ വരുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തി. ഇരുവരെയും ഉപദേശകർ വഴിതെറ്റിച്ചെന്നും ക്യാപ്റ്റൻ പറഞ്ഞു.

രാജി വെക്കുന്നുവെന്ന തീരുമാനം മൂന്ന് ആഴ്ച മുൻപ് സോണിയ ഗാന്ധിയെ അറിയിച്ചപ്പോൾ പദവിയിൽ തുടരാനാണ് അവർ പറഞ്ഞത്. പക്ഷെ അവസാനം തനിക്ക് അപമാനം നേരിടേണ്ടി വന്നെന്നും അമരീന്ദർ കൂട്ടിചേർത്തു. സിദ്ദു രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആണെന്നും സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം എന്ത് വില കൊടുത്തതും തടയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദു ജയിക്കാതിരിക്കാന്‍ പല്ലും നഖവും ഉപയോഗിച്ച് താന്‍ പ്രയത്‌നിക്കും. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം വകുപ്പ് പോലും നല്ല നിലയ്ക്ക് കൊണ്ടുപോകാന്‍ സാധിക്കാതിരുന്ന സിദ്ദുവിന് എങ്ങനെ ഒരു ക്യാബിനറ്റിനെ നയിക്കാന്‍ സാധിക്കുമെന്നും അമരീന്ദർ ചോദിച്ചു.

സിദ്ദുവിനെതിരെ രൂക്ഷ വിമർശനങ്ങളുമായി അമരീന്ദർ നേരത്തെയും രംഗത്തെത്തിയിരുന്നു. നവജ്യോത് സിങ് സിദ്ദുവിന് പാക് ബന്ധങ്ങളുണ്ടെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ ആരോപിച്ചിരുന്നു. സിദ്ദുവുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് അമരീന്ദർ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്. അതേസമയം ചരൺ ജിത്ത് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close