NEWSTrendingWORLD

വീണ്ടും പുരസ്കാരനിറവിൽ ബിടിഎസ്; ഏഷ്യൻ സംഗീത ബാൻഡ് അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ എഴുതിച്ചേർത്തത് പുതിയ ചരിത്രം

അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ തിളങ്ങി കൊറിയൻ ബോയ് ബാൻഡ് ബിടിഎസ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കലാകാരന്മാർക്കുള്ള ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്‌കാരമാണ് ഏഴംഗ സംഘം നേടിയത്. ഇതാദ്യമായാണ് ഒരു ഏഷ്യൻ സംഗീത ബാൻഡ് അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നത്.

നാമനിർദേശം ചെയ്യപ്പെട്ട എല്ലാ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടി ബിടിഎസ് ആരാധകരുടെ മനസ്സ് നിറച്ചു. ഞായറാഴ്ച ലോസ് ആഞ്ചൽസിൽ വച്ചായിരുന്നു അമേരിക്കൻ മ്യൂസിക് അവാർഡ്സ് പ്രഖ്യാപനം. സംഗീതലോകത്ത് അമേരിക്കൻ, ബ്രിട്ടിഷ് ആധിപത്യം അവസാനിക്കുന്നതിന്റെ സൂചനയാണ് ബിടിഎസിന്റെ തുടർച്ചയായ നേട്ടങ്ങൾ എന്ന് ആരാധകർ വിലയിരുത്തുന്നു.

പുരസ്കാര നേട്ടം ആരാധകർക്കായി സമർപ്പിക്കുകയാണെന്ന് ബിടിഎസ് അംഗങ്ങൾ ട്വിറ്ററിൽ കുറിച്ചു. പുരസ്കാര പ്രഖ്യാപനത്തിനു മുന്നോടിയായി ബിടിഎസ് വേദിയില്‍ അവതരിപ്പിച്ച സംഗീതപരിപാടിയ്ക്കു വലിയ സ്വീകരണമാണു ലഭിച്ചത്. മികച്ച പുരുഷ ആര്‍ട്ടിസ്റ്റായി എഡ് ഷെറീനും വനിതാ ആര്‍ട്ടിസ്റ്റായി ടെയിലര്‍ സ്വിഫ്റ്റും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ടെയിലര്‍ സ്വിഫ്ററ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സംഗീതപുരസ്കരാം നേടുന്ന വ്യക്തിയായി . ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബി.ടി.എസും കോള്‍ഡ് പ്ലേയും ഒന്നിച്ച് വേദിയില്‍ അണിനിരന്നു. ഇരുവരും സംയുക്തമായി ഒരുക്കിയ ‘മൈ യൂണിവേഴ്സ്’ എന്ന ഗാനമാണ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഒക്ടോബറിലാണ് മൈ യൂണിവേഴ്സ് പുറത്തിറങ്ങിയത്.

ബിടിഎസും കോൾഡ് പ്ലേയും സംയുക്തമായൊരുക്കിയ മൈ യൂണിവേഴ്‌സും ബിടിഎസിന്റെ സ്വതന്ത്ര സംഗീത വിഡിയോ ആയ ബട്ടറും ആണ് അമേരിക്കൻ മ്യൂസിക് അവാർഡ്സിന്റെ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെ പുരസ്കാര വേദി ഇരുകൂട്ടരുടെയും പ്രകടനത്തെ വരവേറ്റു. ഇതാദ്യമായാണ് പ്രശസ്ത ജനപ്രിയ സംഗീതബാൻഡുകളായ ബിടിഎസും കോൾഡ് പ്ലേയും ഒരുമിച്ചു വേദി പങ്കിടുന്നത്.

ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്കാരത്തിനൊപ്പം മികച്ച പോപ് സംഘത്തിനുള്ള പുരസ്കാരവും മികച്ച പോപ് ഗാനത്തിനുള്ള പുരസ്കാരവും ബിടിഎസ് നേടി. ഇതോടെ പോപ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും സ്വന്തമാക്കുന്ന ബാൻഡ് എന്ന ഖ്യാതിയും ബിടിഎസ് സ്വന്തമാക്കി. സംഘത്തിന്റെ ‘ബട്ടർ’ ആണ് കഴിഞ്ഞ വർഷത്തെ മികച്ച പോപ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്.

റെക്കോർഡുകളുടെയും നേട്ടങ്ങളുടെയും പട്ടിക അവസാനിക്കുന്നില്ലെങ്കിലും ഗ്രാമിയിൽ മുത്തമിടാൻ ബിടിഎസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴി​ഞ്ഞ വർഷം മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ബാൻഡിന്റെ ‘ഡയനാമൈറ്റ്’ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഈ വിഭാഗത്തിൽ പോപ് താരം ലേഡി ഗാഗയും അരിയാനാ ഗ്രാന്‍ഡെയും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് നേട്ടം കൈവരിച്ചത്.

ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് എന്ന കമ്പനി ബിടിഎസ് എന്ന കെ പോപ് ബാൻഡ് രൂപീകരിക്കുന്നത് 2013ലാണ്. കിം നാജൂൻ എന്ന ആർഎമ്മാണ് ബിടിഎസിന്റെ ആദ്യ അംഗവും സ്റ്റേജ് നായകനും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാപ് ചെയ്തു തുടങ്ങിയ ആർഎം പിന്നീട് ഒരു ഹിപ് ഹോപ് ഏജൻസിയുടെ ഓഡിഷൻ വേദിയിലാണ് ബിഗ് ഹിറ്റ് സിഇഒ ബാങ് ഷി ഹ്യൂകുമായി പരിചയപ്പെട്ടത്. അതു ജീവിതത്തിലെ വഴിത്തിരിവായി. 2010ൽ ‘റാപ് മോൺസ്റ്റർ’ കിംനാജുൻ (ആർഎം) ആദ്യത്തെ അംഗമായി ബിടിഎസിന്റെ ഭാഗമായി. പിന്നീടെത്തിയത് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ– ജിയോൻ ജംകുക്ക്.

15–ാം വയസ്സിലാണ് ആരാധകർ ‘കുക്കി’യെന്നു ചെല്ലപ്പേരു വിളിക്കുന്ന ജംകുക്ക് ബുസാനിലെ ഓഡിഷൻ വേദിയിൽ നിന്ന് ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിലേക്കെത്തിയത്. വിവിധ കമ്പനികളിൽ നിന്നു ക്ഷണം ലഭിച്ചെങ്കിലും ബിടിഎസിന്റെ ഭാഗമാകാനുളള നിയോഗം കുക്കിയിലെത്തിയത് ആർഎമ്മിന്റെ രൂപത്തിലായിരുന്നു. ആർഎമ്മിന്റെ റാപ്പിങ് സ്വാധിനിച്ചതോടെ ഒരുമിച്ചു സംഗീതം ചെയ്യണമെന്ന മോഹത്താലാണ് കുക്കി ആ തീരുമാനമെടുത്തത്. പിന്നീട് കിംടെയുങ് എന്ന ‘വി’, മിൻ യൂഗി എന്ന ‘ഷുഗ’, കിം സിയോജിൻ എന്ന ജിൻ, പാർക്ക് ജിമിൻ എന്ന ജീമിൻ, ജംക് ഹോസിയോക് എന്ന ജെഹോപ് എന്നിവർ ഏഴംഗ ബോയ് ബാൻഡ് സംഘത്തിന്റെ ഭാഗമായി. കൊറിയൻ പേരുകളാണ് ഉച്ചാരണം ഇങ്ങനെയോ എന്ന് പോലും അറിയാതെ ലോകമെന്നും ഇന്നവർക്ക് കോടികണക്കിന് ആരാധകരാണ്.

ലോകം കീഴടക്കിയ സംഗീതവുമായി ആഡംബരത്തിൽ ഉല്ലസിക്കുന്ന ഏഴു സുന്ദരന്മായ പയ്യൻമാർ! പുറമേ നിന്നു നോക്കുന്നവർ ബിടിഎസിനെ കാണുന്നത് ഇങ്ങനെയാകാം. പക്ഷേ ഒറ്റരാത്രികൊണ്ടുണ്ടായതല്ല ഈ വിജയം. ലോകത്തിന്റെ ഏതു കോണിൽ ഇരുന്നാലും ബിടിഎസ് എന്ന വികാരത്തിൽ ഒരുമിക്കുന്ന, ഓരോ പുതിയ പാട്ടും മ്യൂസിക് ചാർട്ടുകളിലെ ഹിറ്റ്ലിസ്റ്റിലെത്തിക്കുന്ന ഏറ്റവും ആത്മാർഥതയുള്ള ‘ആർമി’ എന്ന ആരാധകസംഘത്തെ സൃഷ്ടിച്ചത് ബിടിഎസിന്റെ പുറമോടികളല്ല, പാട്ടിലെയും സംഗീതത്തിലെയും സത്യസന്ധതയാണ്. ഏതു നാട്ടിലെയും യുവതയ്ക്ക് ഏറ്റവും പെട്ടെന്നു താദാത്മ്യം പ്രാപിക്കാവുന്ന വരികളും താളവും, അതിൽ പറയുന്നത് അവരുടെ വികാരങ്ങളും വിചാരങ്ങളും ആണ്.

ഭാഷയ്ക്കതീതമായ കഥകൾ കാഴ്ചകളിലൂടെ പങ്കുവയ്ക്കുന്ന സംഗീത വിഡിയോകൾ, ആരെയും നൃത്തംവയ്പ്പിക്കുന്ന ചടുലവും താളാത്മകവുമായ ചലനങ്ങൾ. ലോകമെമ്പാടും ആരാധരുടെ ആർമി സൃഷ്ടിക്കാൻ അതുകൊണ്ടുതന്നെ അവർക്ക് അധികം സമയം ആവശ്യമായി വന്നില്ല. വിമർശകരുടെ വലിയൊരു വിഭാഗം എപ്പോഴും ഉന്നം വെയ്ക്കുന്ന ഈ ഏഴംഗ സംഘത്തിന് അവരുടെ വിമർശനങ്ങൾ പോലും കരുത്ത് പകരുന്നു. അതുകൊണ്ടു തന്നെയാവാം 2019 ലോകത്ത് ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റിൽ ബിടിഎസ് വന്നെത്തിയതും.

ഈ വർഷവും ബിടിഎസിനു ഗ്രാമി നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കാണഅ ബാൻഡിന്റെ ‘ബട്ടർ’ പരിഗണിക്കപ്പെടുന്നത്. പ്രശസ്ത പോപ് ഗായകരായ ദോജാ ക്യാറ്റ്, മിലി സൈറസ്, ലിസോ, കാർഡി ബി എന്നിവരോടാണ് ഇത്തവണ ബിടിഎസിന്റെ മത്സരം. സംഘത്തിനു ഗ്രാമിയിൽ തിളങ്ങാനാകുമോയെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close