KERALANEWS

തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്ന് രക്ഷിതാക്കൾ വേർപെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്ജ്

പത്തനംതിട്ട: തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ രക്ഷിതാക്കൾ വേർപെടുത്തിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. അന്വേഷണ ചുമതല വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.

ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചു നൽകൂവെന്നാണ് മനസിലാകുന്നതെന്നും അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോ‍ർജ്ജ് വ്യക്തമാക്കി. അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്.

സിഡബ്ല്യൂസി ചെയർപേഴ്സന്റെ നിലപാട് മന്ത്രി തള്ളി. പരാതി എഴുതി നൽകണമെന്നില്ലെന്ന് വീണ ജോർജ് വ്യക്തമാക്കി. സ്ത്രീകളുടെ വിഷയത്തിൽ വാട്സ് ആപ് സന്ദേശം ആണെങ്കിൽ പോലും പരാതി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

അനുപമ നേരിട്ട് ഹാജരായി പരാതി നൽകാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നൽകുന്ന കാര്യത്തിൽ നടപടി എടുക്കാതിരുന്നത് എന്നായിരുന്നു വിഷയത്തിൽ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അ‍ഡ്വ. എൻ സുനന്ദയുടെ വിചിത്ര വിശദീകരണം. കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയിൽ നടത്തിയ വീഡിയോ കോൺഫറൻസിൽ കുഞ്ഞിന്റെ വിവരങ്ങൾ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ പറഞ്ഞിരുന്നു.

ഒരു നിയമ പിൻബലവും കിട്ടാത്ത രേഖകളുണ്ടാക്കി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് അനുപമയുടെ അച്ഛൻ പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാൻ നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന മറുപടിയാണ് ഉന്നത പോലീസുദ്യോഗസ്ഥർ അടക്കം അനുപമയ്ക്ക് നൽകിയത്.

വിവാദത്തിൽ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ വിശദീകരണവുമായി എത്തിയിരുന്നു. കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞിന്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നുമാണ് ആനാവൂർ വിശദീകരിച്ചത്. അനുപമ ഫോണിൽ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ പറയുന്നത്.

എന്നാൽ കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുൻപ് ആനാവൂർ നാഗപ്പനോട് സംസാരിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്നാണ് അനുപമയും അജിതും പറയുന്നത്. ആനാവൂരിന് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അനുപമ പറയുന്നു.

ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. പക്ഷേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തത്.

അനുപമയുടെ സമ്മതത്തോടെ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചുവെന്നാണ് അനുപമയുടെ അച്ഛൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 19ന് ആണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കൾ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് അനുപമയെ ആരും അറിയിച്ചില്ല.

സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകായായിരുന്നുവെന്നാണ് അനുപമയുടെ പറയുന്നത്. എന്നാൽ സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോൾ അനുപമ വീടുവിട്ടിറങ്ങി. കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങി. അന്ന് തുടങ്ങിയതാണ് പരാതി കൊടുക്കൽ ആറുമാസത്തിനിപ്പുറവും ഇന്നും തുടരുന്നു.

ദുരഭിമാനത്തെ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. പരാതി അന്വേഷിക്കാതെ പോലീസും പരാതി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് സിഡബ്ല്യൂസിയും നേരത്തെ അനുപമയെ കൈയ്യൊഴിഞ്ഞിരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ചോ ഇല്ലയോ എന്നന്വേഷിക്കാൻ പോലും പോലീസ് ഇതുവരെ തയ്യാറായിരുന്നില്ല. എസ്എസ്എൽസി ബുക്കും തിരിച്ചറിയൽ രേഖകളും അടക്കമുള്ള സർട്ടിഫിക്കറ്റുകൾ വിട്ടുകിട്ടണമെന്ന് ഏപ്രിൽ 15 ന് പേരൂർക്കട പോലീസിൽ കൊടുത്ത പരാതി പോലും അവഗണിച്ച പോലീസിൽ നിന്ന് അനുപമയിപ്പോൾ നീതി പ്രതീക്ഷിക്കുന്നില്ല. ഡിജിപിയും മുഖ്യമന്ത്രിയും സിപിഎമ്മിൻറെ നേതാക്കളും എല്ലാം കൈവിട്ട അനുപമയുടെ പരാതി, സിഡബ്ലൂസിയും തള്ളിയോടെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close