KERALANEWSTop News

പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷയില്ല; സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ഇന്ന് മുതൽ അനുപമയുടെ നിരാഹാരസമരം; സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ഒരു അമ്മയുടെ പോരാട്ടം തുടരുന്നു

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ഒരു അമ്മയുടെ പോരാട്ടം തുടരുന്നു. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. മകളെ തിരിച്ചുകിട്ടാനായി ഇന്ന് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ നിരാഹാര സമരമിരിക്കാനാണ് തീരുമാനം. ഇന്ന് മുതൽ ആരംഭിക്കുന്ന സമരം കുഞ്ഞിനെ തിരികെ ലഭിക്കുന്നത് വരെ തുടരുമെന്നാണ് അനുപമ പറഞ്ഞിരിക്കുന്നത്. പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ചാണ് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുന്നത്.

അതേസമയം സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമുണ്ടെന്ന വിവരവും ഇന്നലെ പുറത്തുവന്നു. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ.

അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആൺകുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നൽകിയിരുന്നു. മറ്റ് വിവരങ്ങൾ ലഭ്യമല്ലായെന്നും വിശദീകരണം നൽകി. ഈ സാഹചര്യത്തിലാണ് ദത്തുനൽകിയതിന്റെ വിശദാംശങ്ങൾ തേടി സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിക്ക് പൊലീസ് കത്ത് നൽകിയത്. വേഗത്തിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് പൊലീസ് ആലോചിക്കുന്നത്. പൊലീസ് അന്വേഷണത്തിനെതിരെ വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ മേൽനോട്ട ചുമതല കന്റോൺമെൻറ് അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close