KERALANEWSTrending

‘മാമനോടൊന്നും തോന്നല്ലേ മക്കളെ’; കരിക്കിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരം

കരിക്ക് വെബ് സീരിസിലൂടെ മലയാളികൾക്ക് സുപരിചിതനായ അർജുൻ രത്തൻ വിവാഹിതനാകുന്നു. തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിവരം പങ്കുവെച്ചത്. ശിഖ മനോജ് ആണ് വധു.

സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേർ ആശംസകളുമായി എത്തുന്നുണ്ട്. എലീന പടിക്കല്‍, ആദില്‍ ഇബ്രാഹിം, ശൃന്ദ, മിഥുന്‍ മാനുവല്‍ തോമസ്, സിതാര കൃഷ്ണകുമാര്‍,രശ്മി സോമന്‍ തുടങ്ങിയവരെല്ലാം ആശംസ അറിയിച്ചവരുടെ കൂട്ടത്തിൽ പെടുന്നു.

വെബ് സീരിസിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മിഥുൻ മാനുവൽ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. മാമനോടൊന്നും തോന്നല്ലേ മക്കളേ, ആശാനും പെട്ട് ആശാനെ, കല്യാണം അവിടെ നിക്കട്ടെ, ആദ്യം ട്രിപ്പ്‌ പോയ സ്ഥലത്ത് നിന്ന് തിരിച്ചു വാ. വർഷങ്ങളായി അവിടെ തന്നാണല്ലോ, കല്യാണം അവിടെ നിൽക്കട്ടെ നിങ്ങടെ ഒരു എപ്പിസോഡ് വന്നിട്ട് മാസം മൂന്നായി. ഉത്തരവാദിത്തം വേണം മനുഷ്യന്മാർ ആയാൽ. നിങ്ങളെയൊക്കെ നോക്കി ഇരിക്കാൻ തുടങ്ങിട്ട് മാസങ്ങളായി. അടുത്ത വീഡിയോസ് എന്ന് വരും കരിക്കിന്റെ? കല്യാണം ഒക്കെ കഴിച്ചു നടന്നാ മതിയോ. എപ്പിസോഡ് എപ്പോ ഇടാനാ ഇനി എന്നൊക്കെയാണ് ആരാധകർ കമ്മന്റുകളിലൂടെ ചോദിക്കുന്നത്.

ജോലി കളഞ്ഞിട്ടാണ് അർജുൻ രത്തൻ അഭിനയ ജീവിതം തിരഞ്ഞെടുത്തത്. ജോലി കളഞ്ഞ് യൂട്യൂബ് ചാനലില്‍ അഭിനേതാവാകാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ആശങ്കയിലായിരുന്നു. ഒരു വര്‍ഷം സമയം തരും, അതിനുള്ളില്‍ സെറ്റായില്ലെങ്കില്‍ തിരിച്ച് ജോലിയിലേക്ക് കയറിക്കോളണമെന്നായിരുന്നു വീട്ടുകാരുടെ നിര്‍ദേശം. ചേട്ടന്‍ ശക്തമായ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു. കരിക്ക് ക്ലിക്കായതോടെ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അര്‍ജുന്‍, കരിക്കിന് ശേഷമായാണ് ബിഗ് സ്‌ക്രീനിലെ അവസരങ്ങളും അര്‍ജുനെ തേടിയെത്തിയത്.

അഭിനയമോഹം കുഞ്ഞുന്നാള്‍ മുതലേയുണ്ടായിരുന്നു. വിസ്മയത്തുമ്പത്തിന്റെ ലൊക്കേഷനില്‍ പോയി മോഹന്‍ലാലിനോട് വരെ ചാന്‍സ് ചോദിച്ചിട്ടുണ്ട് താനെന്ന് മുന്‍പൊരു അഭിമുഖത്തിനിടെ അര്‍ജുന്‍ പറഞ്ഞിരുന്നു. എംബിഎയ്ക്ക് ശേഷം കുറച്ചുകാലം ജോലി ചെയ്തതിന് ശേഷമായാണ് അര്‍ജുന്‍ അഭിനയമോഹം സാക്ഷാത്ക്കരിക്കാനായി ഇറങ്ങിത്തിരിച്ചത്. കരിക്കിലെ ഉണ്ണി മാത്യൂസ് അര്‍ജുന്റെ സുഹൃത്തായിരുന്നു. ഒരു പരീക്ഷണമാവാമെന്ന് കരുതിയായിരുന്നു കരിക്കിനൊപ്പം ചേര്‍ന്നത്. സംഭവം ക്ലിക്കായതോടെ അര്‍ജുന്‍ ജോലി രാജി വെക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close