
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് ചൈനീസ് പട്ടാളം തട്ടികൊണ്ടുപോയ കുട്ടിയെ തിരികെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി കരസേന. ഇത് സംബന്ധിച്ച് ചൈനീസ് സേനയുമായി ആശയ വിനിമയം നടത്തിയെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന് പിന്നാലെ
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
ഇന്നലെയാണ് രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് പുറത്തുവന്നത്. അപ്പര്‍ സിയാങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. 17കാരനായ മിരം തരോണ്‍, സുഹൃത്ത് ജോണി യായിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. വനമേഖലയിൽ വേട്ടക്ക് പോയ ഇവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അരുണാചൽപ്രദേശ് പൊലീസും അറിയിച്ചു. ഇതിൽ ജോണി യായിങ് പിന്നീട് തിരികെ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവത്തിൽ അടിയന്തരനടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി എം പി താപിർ ഗാവോവും ട്വീറ്റ് ചെയ്തു. വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ അറിയിച്ചെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് പറഞ്ഞു. സംഭവത്തിൽ വലിയ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രസർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച രാഹുൽ ഗാന്ധി പതിനേഴുകാരന്റെ കുടുംബത്തിനൊപ്പമെന്ന് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജ്ജേവാല പറഞ്ഞു. ഇതിനു പിന്നാലയാണ് ഇത് സംബന്ധിച്ച് നടപടികൾ തുടങ്ങിയെന്നും ഹോട്ട് ലൈനിലൂടെ ചൈനീസ് പട്ടാളവുമായി ആശയവിനിമയം നടത്തിയെന്നും കരസേന വ്യക്തമാക്കിയത്. നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും കുട്ടിക്ക് വഴിതെറ്റിയതാകാമെന്നുമാണ് സേനയുടെ വിശദീകരണം. ചൈന പാംഗോങ് തടാകത്തിനു കുറുകെ പാലം നിർമ്മിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അരുണാചൽ അതിർത്തിയിലെ ഈ സംഭവവും കേന്ദ്രത്തിന് തലവേദനയാകുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..