KERALANEWSTop News

എ. വി. ഗോപിനാഥിന്റെ പത്ര സമ്മേളനം ഇന്ന് ; കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുമെന്ന് സൂചന

പാലക്കാട് : ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് എ. വി. ഗോപിനാഥ് രാജി വെച്ചേക്കും. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്നതിനെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഇദ്ദേഹം കോൺഗ്രസ് വിട്ടേക്കുമെന്നാണ് സൂചന.

ഇന്ന് രാവിലെ അദ്ദേഹം പത്ര സമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. മുതിർന്ന നേതാവായ ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജി വെച്ചാൽ സിപിഎമ്മിലേക്ക് പോകാനാണ് സാധ്യത. ഗോപിനാഥിനെ പാർട്ടിയിലേക്കെത്തിക്കാൻ സിപിഎം നേരത്തെ തന്നെ നീക്കം തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. നിർണ്ണായകമായ തീരുമാനം പത്രസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുശ്ശേരി പഞ്ചായത്തിലെ പതിനൊന്ന് അംഗങ്ങളും ഗോപിനാഥിനൊപ്പം പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോയേക്കും. ഗോപിനാഥ് എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണയേകി ഒപ്പം നിൽക്കുമെന്നാണ് ഇവർ അറിയിച്ചത്. പതിനൊന്ന് അംഗങ്ങൾ രാജി വെച്ചാൽ അതോടെ കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുശ്ശേരി പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കാനും സിപിഎമ്മിനാകും.

ഗോപിനാഥിനെ തഴഞ്ഞ് എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നേതൃത്വവുമായി ഇടഞ്ഞ ഗോപിനാഥ് കോൺഗ്രസ് വിടാനൊരുങ്ങിയിരുന്നു. അന്ന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞ് അനുനയിപ്പിച്ചാണ് നേതാക്കൾ ഇദ്ദേഹത്തെ കോൺഗ്രസിൽ തന്നെ നിലനിർത്തിയത്.

അതിനിടെ കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്നും ഇനി കോൺഗ്രസിനെ രക്ഷിക്കാൻ ആരു വിചാരിച്ചാലും കഴിയില്ലെന്നും സിപിഎം നേതാവ് എ.കെ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിന്റെ നാശം പാലക്കാട്ട് നിന്ന് തുടങ്ങുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close