NEWSTECHTrendingWORLD

ബഹിരാകാശത്തേക്ക് പോകാം..ഇനി ബലൂണിലും; ചരിത്ര പദ്ധതി പ്രഖ്യാപിച്ച് വേൾഡ് വ്യൂ; 2024ൽ ആരംഭിക്കുന്ന പദ്ധതിക്ക് ഇപ്പോഴേ ഡെപ്പോസിറ്റ് നൽകി ബുക്ക് ചെയ്യാം

ബഹിരാകാശത്തേക്ക് ഒരു യാത്ര നടത്താൻ ആഗ്രഹിക്കാത്തവർ കുറവാണ്. ചന്ദ്രനെ തൊട്ടടുത്ത് കാണാൻ, ബഹിരാകാശത്ത് നിന്ന് ഭൂമിയെ ഒന്ന് കാണാനുമൊക്കെ സ്വപ്നം കാണാത്ത മനുഷ്യരുണ്ടാകില്ല. ഇത്തരത്തിൽ ബഹിരാകാശത്തേക്കുള്ള യാത്ര ആ മേഖലയിൽ വിദഗ്ദരായവർക്ക് മാത്രം പറ്റുന്നതാണെന്ന് ഒരു ചിന്ത നിലനിന്നിരുന്നു. എന്നാൽ ചിന്തയെ മാറ്റിമറിച്ചുകൊണ്ട് സാധാരണക്കാരായവർ ബഹിരാകാശത്ത് വിനോദയാത്ര പോയി വന്നതും ബഹിരാകാശ നിലയത്തിൽ സിനിമ ചിത്രീകരണം നടത്തിയതുമെല്ലാം നമ്മൾ കണ്ടു. ഇപ്പോൾ അതിൽ നിന്നൊക്കെ വ്യത്യസ്തമായി പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ ടെക് കമ്പനിയായ വേൾഡ് വ്യൂ. ബഹിരാകാശത്തേക്ക് ബലൂണുകൾ വഴി യാത്രക്കാരെ എത്തിക്കാനുള്ള പദ്ധതിയാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബലൂണുകളിലേറി പറക്കുന്നത് വിനോദസഞ്ചാര രീതിയായി പല രാജ്യങ്ങളിലും നിലവിലുണ്ടെങ്കിലും ബഹിരാകാശത്തേയ്ക്ക് ഒരു ബലൂൺ യാത്ര എന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാൻ പറ്റാത്ത ഒരു കാര്യമാണ്. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഈ പദ്ധതിയിലൂടെ യാത്രികരെ ബലൂണിൽ ബഹിരാകാശത്തിനരികെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സീറോ-പ്രഷർ സ്ട്രാറ്റോസ്ഫെറിക് ബലൂൺ വഹിക്കുന്ന പ്രഷറൈസ്​ഡ്​​ സ്​പെയ്​സ്​ കാപ്സ്യൂളിൽ യാത്രക്കാരെ ബഹിരാകാശത്തിന്റെ അരികിലേക്ക് പറത്താനാണ്​ കമ്പനിയുടെ ലക്ഷ്യം​. യാത്ര ചെയ്യാൻ ഒരു സീറ്റിന്​ 50,000 ഡോളർ നൽകിയാൽ മതിയാകും(38 ലക്ഷം രൂപയോളം). ജെഫ്​ ബെസോസിന്റെ ബ്ലൂ ഒറിജിൻ, റിച്ചാർഡ്​ ബ്രാൻസണി​ന്റെ വെർജിൻ ഗലാറ്റിക് പോലുള്ള കമ്പനികൾ അവരുടെ പേടകങ്ങളിൽ യാത്ര ചെയ്യാൻ ഈടാക്കുന്ന ചാർജിനേക്കാൾ ഒരുപാട്​ കുറവാണിത്​​.

ആറ്​ മണിക്കൂർ മുതൽ 12 മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന യാത്രയിൽ സഞ്ചാരികളെ ബലൂൺ 100,000 അടി ഉയരത്തിൽ എത്തിക്കുകയും ചെയ്യും. ഹീലിയം നിറച്ച ബലൂണുകൾ മണിക്കൂറിൽ 12 മൈൽ വേഗത്തിലാണ്​ ഉയർന്നുപൊങ്ങുക. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നാണ്​ ബലൂൺ യാത്രകൾ ആരംഭിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​. ബലൂൺ ബഹിരാകാശ യാത്രയുടെ മറ്റൊരു ​പ്രത്യേകത യാത്രക്കാർക്ക്​ ഭാരക്കുറവ്​ അനുഭവപ്പെടില്ല എന്നതാണെന്നും വേൾഡ്​ വ്യൂ അവകാശപ്പെടുന്നുണ്ട്​. എന്നാൽ, അവർക്ക് ഗ്രേറ്റ്​ ബാരിയർ റീഫും ചൈനീസ്​ വൻമതിലുമൊക്കെ ഉയരങ്ങളിൽ നിന്ന്​ കാണാൻ സാധിക്കും. 2024 ന്റെ തുടക്കത്തിൽ പദ്ധതി നടപ്പാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആദ്യ യാത്രക്ക്​ വേണ്ടി താൽപര്യമുള്ളവരിൽ നിന്ന് കമ്പനി 500 ഡോളർ ഡെപ്പോസിറ്റും ഇപ്പോൾ​ സ്വീകരിക്കുന്നുണ്ട്​. ​

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close