NEWSSPORTSTrending

ഐ.പി.എൽ; ‘ബാറ്റർ’ മോർഗനും ‘ക്യാപ്റ്റൻ’ മോർഗനും, ആരാണ് കേമൻ?

ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന പോരാട്ടത്തിന് ഇനി ഒരു ദിനം മാത്രം ബാക്കി. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ഓയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മത്സരത്തിൽ കൊൽക്കത്തയെ അലട്ടുന്ന പ്രധാന പ്രശ്നം അവരുടെ നായകൻ മോർഗന്റെ പ്രകടനം തന്നെയാണ്. ബാറ്റിങ്ങിൽ തുടരെ തുടരെ പരാജയപ്പെടുകയാണ് മോർഗൻ. ഇന്ത്യയിൽ നടന്ന ഐ.പി.എൽ ആദ്യ ഘട്ടവും യുഎഇയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മോർഗൻ കാഴ്ചവെക്കുന്നത്. ഇതുവരെ 16 മത്സരങ്ങളിൽ നിന്ന് 11.72 എന്ന മോശം ബാറ്റിങ്ങ് ശരാശരിയോടെ 129 റൺസ് മാത്രമാണ് മോർഗന് നേടാനായത്. പക്ഷെ 2020 ഐ.പി.എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 41.80 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 418 റൺസാണ് മോർഗൻ സ്വന്തമാക്കിയത്. ഡൽഹിക്കെതിരെ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിലും മോർഗൻ റൺസൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഫൈനലിൽ ചെന്നൈക്കെതിരെ ഇറങ്ങുമ്പോൾ മധ്യനിര ബാറ്റർ ആയ മോർഗന്റെ പ്രകടനം കൊൽക്കത്തക്ക് നിർണ്ണായകമാകും.

അതേസമയം ബാറ്ററിൽ നിന്ന് ക്യാപ്റ്റനിലേക്ക് എത്തുമ്പോൾ മോർഗന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. കൊൽക്കത്തയുടെ ടീമിനെ അണിനിരത്തുന്നതിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ കെൽപ്പുള്ളവർക്ക് പന്ത് ഏൽപ്പിക്കുന്നതിലും മോർഗനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വരുൺ ചക്രവർത്തി, ഷാക്കിബ് അൽ ഹസൻ, സുനിൽ നരൈൻ എന്നിവരടങ്ങുന്ന സ്പിന്നർമാരും ലോക്കി ഫെർഗൂസൻ, ശിവം മവി എന്നിവരടങ്ങുന്ന പേസർ നിരയുമാണ് കൊൽക്കത്തയുടെ കരുത്ത്. ഫീൽഡിങ്ങിൽ കളിക്കാരെ അതാത് സ്ഥലങ്ങളിൽ നിർത്തുവാനുള്ള മോർഗന്റെ കഴിവ് മികച്ചതാണ്. പൊതുവെ ആക്രമണ രീതി ഇഷ്ടപെടുന്ന മോർഗനും പരിശീലകൻ ബ്രണ്ടൻ മക്കല്ലവും കളിക്കാരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുന്നതും കൊൽക്കത്തയുടെ വിജയങ്ങൾക്ക് പ്രധാന കാരണമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close