celebrityINSIGHTKERALANEWSTrending

താരാട്ടുപാട്ടിന്റെ രാജകുമാരൻ; കുട്ടിക്കഥകൾ പാട്ടിലൊളിപ്പിച്ച അതുല്യ പ്രതിഭ; സ്വന്തം പേരി‍ൽപോലും കുട്ടിത്തം നിറച്ച ബിച്ചു

ഏതൊരാളുടേയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചു തിരുമലയുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ മലയാളികളുടെ ഒരു ദിവസം കടന്നു പോകുന്നത് അദ്ദേഹത്തിന്റെ പാട്ടിലൂടെ തന്നെ ആയിരിക്കും. കുട്ടികാലത്ത് നഷ്ടപെട്ട തന്റെ അനുജനോടുള്ള അഗാധമായ സ്നേഹം തന്നെ ആയിരിക്കണം വർഷമിത്ര കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ താരാട്ടു പാട്ടുകളിൽ പ്രതിഫലിക്കുന്നത്.

അന്ന് ബിച്ചു തിരുമലയ്ക്ക് മൂന്നരവയസ്. രണ്ടര വയസുള്ള അനിയൻ ബാലഗോപാലൻ തന്നെയായിരുന്നു കളിക്കൂട്ടുകാരനും. പട്ടാഴി മണ്ണടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള വേടമല എസ്റ്റേറ്റിലായിരുന്നു താമസം. ഒരു ദിവസം രാത്രി ബാലു കഠിനമായ എന്തോ വേദനകൊണ്ടു പുളഞ്ഞുകരഞ്ഞു. പതിനാല് കിലോമീറ്റർ അപ്പുറമാണ് വൈദ്യൻ താമസിക്കുന്നത്. വൈദ്യനെ വിളിച്ചുകൊണ്ടുവരാൻ ബന്ധു അപ്പോൾത്തന്നെ സൈക്കിളുമായി പുറപ്പെട്ടു. പക്ഷേ, വൈദ്യൻ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ ബിച്ചു ഉറക്കമുണർന്നു നോക്കുമ്പോൾ കുഞ്ഞനിയൻ ചുവന്ന പട്ട് പുതച്ചു കിടക്കുകയാണ്. തനിക്ക് അതുപോലൊരു പട്ട് കിട്ടിയില്ലല്ലോ എന്നായിരുന്നു അന്ന് ബിച്ചുവിന്റെ സങ്കടം. ബാലുവിനെ കുഴിയിൽ വച്ച് മണ്ണിട്ട് മൂടിയപ്പോൾ അവൻ നാളെ മുളച്ചു വരുമെന്ന് ബിച്ചു കരുതി. ആ പ്രതീക്ഷയിൽ ബിച്ചു കാത്തിരുന്നു.

ഇളം മനസിന്റെ നോവ് ബിച്ചുവിനോളം അറിഞ്ഞ കവികൾ വേറെയുണ്ടാവില്ല. തന്റെ കുഞ്ഞനിയന് പകർന്നു നൽകാൻ കഴിയാത്ത ആ സ്നേഹമാകാം തന്റെ പാട്ടുകളിലൂടെ കവി ആയിരക്കണക്ക് കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകിയത്. അതുകൊണ്ടായിരിക്കാം, ബിച്ചുവിന്റ പ്രേമഗാനങ്ങളിൽപ്പോലും പ്രധാനവികാരം വാത്സല്യമായി മാറുന്നത്.

ഒരു ഗാനത്തിൽ മാത്രമേ ബാലുവിനെക്കുറിച്ച് അദ്ദേഹം നേരിട്ടു പറയുന്നുള്ളൂ.

അന്ന് ബിച്ചു ആലപ്പുഴയിെല ലോഡ്ജിലായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനുവേണ്ടി എഴുതേണ്ട താരാട്ടിന്റെ ഈണം കയ്യിലുണ്ട്. എത്ര ശ്രമിച്ചിട്ടും വരികളൊന്നും ശരിയാകുന്നില്ല. പുലർച്ചെ നാലുമണിയായപ്പോൾ അവിചാരിതമായി മനസിലേക്കെത്തിയ അനിയന്റെ ഓർമകൾ അദ്ദേഹത്തെ വല്ലാതെ നോവിക്കാൻ തുടങ്ങി. ആ വികാരവിക്ഷോഭത്തിൽ പാട്ടിന്റെ വരികൾ ഉയിരെടുത്തു.

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ,
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’

ഇത് ഒരു പാട്ടിന്റെ മാത്രം കാര്യമാണെന്നു കരുതാനാവില്ല. ബിച്ചുവിന്റെ മനസിൽ ഒരു കുട്ടിയുണ്ട്. നികത്താനാവാത്ത നഷ്ടം തന്നൊരു കുട്ടിക്കാലമുണ്ട്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ സംഭവിച്ച നഷ്ടത്തിന്റെ വേദനയുണ്ട്. കയ്പേറിയ അനുഭവങ്ങളെ മറികടന്ന് എത്തുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ താരാട്ടുപാട്ടുകൾ ഇത്രയ്ക്ക് മധുരിക്കുന്നത്.

ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ, ഉണ്ണിയാരാരിരോ തങ്കമാരാരിരോ…., രാവു പാതി പോയ് മകനേ ഉറങ്ങു നീ.., കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…..കണ്ണോടു കണ്ണോരം നീ കണിമലരല്ലേ… എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ… മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന താരാട്ടുകൾ മിക്കവയും ബിച്ചു തിരുമല എഴുതിയതാണ്.

1977ൽ പുറത്തിങ്ങിയ ‘ആരാധന’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ‘ആരാരോ ആരിരാരോ…’എഴുതിയത്. കെ.ജെ ജോയിയുടെ ഈണത്തിൽ യേശുദാസും എസ് ജാനകിയും പാടിയപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്നായി അത്.

‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ, എന്റെ പിഞ്ചോമനപ്പൂങ്കുരുന്നാരാരിരോ…’ ‘അവളുടെ രാവുകൾ’ എന്ന ചിത്രം ഓർമിക്കപ്പെടേണ്ടത് ഹൃദയസ്പർശിയായ ഈ താരാട്ടുകൊണ്ടുകൂടിയാകണം. എ.ടി ഉമ്മറിന്റെ ഈണത്തിൽ വാത്സല്യം വഴിഞ്ഞൊഴുകുന്നു. എസ്.ജാനകിയുടെ ശബ്ദത്തിലെ മാതൃഭാവം അതിന്റെ മാറ്റ് കൂട്ടൂന്നു.

നായകൻ നായികയെ ആണ് പാടി ഉറക്കുന്നതെങ്കിലും ‘കിലുക്കം’ സിനിമയിലെ ‘കിലുകിൽ പമ്പരം തിരിയും മാനസം….’, ‘കളിപ്പാട്ടം’ എന്ന സിനിമയിലെ ‘കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നുവാ…’എന്നിവയും തികഞ്ഞ താരാട്ടുപാട്ടുകൾ തന്നെ.

‘ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിൻ കഥപറയാം…’, ‘കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ…’ എന്നീ പാട്ടുകളും സിനിമയുടെ മുഴുവൻ മൂഡ് ഉൾക്കൊളളുന്നവയാണ്.

ബിച്ചു തിരുമലയുടെ ചില പ്രണയഗാനങ്ങളിൽപ്പോലും മുന്നിട്ടുനിൽക്കുന്ന വികാരം വാൽസല്യമല്ലേ എന്നു തോന്നിപ്പോകും. പ്രണയത്തെയും വിരഹത്തെയും ഏറ്റവും തീവ്രമായി ആവിഷ്കരിച്ച മലയാള ചലച്ചിത്രങ്ങളിൽ ഒന്നാണ് ‘പൂമുഖപ്പടിയിൽ നിന്നെയുംകാത്ത്’.

‘കൊഞ്ചി കരയല്ലേ..മിഴികൾ നനയല്ലേ…ഇളമനമുരുകരുതേ…’

കൂട്ടിലെ പൈങ്കിളിയോടാണ് പറയുന്നതെങ്കിലും കേൾക്കേണ്ടത് കാമുക ഹൃദയമാണ്…ഉരുകുന്ന ‘ഇളം മന’ത്തെക്കുറിച്ചാണ് ഇവിടെയും കവിയുടെ വേദന.

‘പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ,

കളികൾ ചൊല്ലി കാട്ടൂപൂവിൻ കരളിനോടും നീ…’

ബിച്ചുതിരുമലയുടെ തൂലികയിൽ പ്രേമം ഒരു കുട്ടിക്കളിപോലെ നിഷ്കളങ്കമാണ്. ഇളയരാജയുടെ സംഗീതവും യേശുദാസ്–എസ്. ജാനകിമാരുടെ ശബ്ദവും ഒന്നിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രോതാക്കൾ ഹൃദയംകൊണ്ടു കേട്ടു.

‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി

പൂങ്കുരുവി പൂവാങ്കുരുവി പൊന്നോലാഞ്ഞാലിക്കുരുവി

ഈ വഴിവാ…..’–

കുട്ടികൾ ഇത്രയും തിമിർത്ത് ആഘോഷിക്കുന്ന മറ്റൊരു ഗാനം മലയാളത്തിലുണ്ടോ എന്നത് പോലും സംശയമാണ്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകൾ എല്ലാം പിറന്നത് ഒരേ തൂലികയിൽനിന്നാണ്. ഈണത്തിന്റെ പോരായ്മകൊണ്ടു ശ്രദ്ധിക്കപ്പെടാതെ പോയ ബിച്ചുവിന്റെ രചനകൾ ഇവയുടെ പലമടങ്ങുണ്ടെന്നതാണ് നിർഭാഗ്യകരം.

‘ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടൻ കുടുക്കു’ന്ന ഒന്നാന്തരം ഒരു കുട്ടിക്കഥയാണ് ‘വിയറ്റ്നാം കോളനി’യിലെ പാട്ടിൽ ബിച്ചു പറയുന്നത്.

ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപ്പൂവേ….ഒരുതലമുറയെ നൊടിയിടയിൽ അവരുടെ കുട്ടിക്കാലത്ത് എത്തിക്കുന്ന ടൈംമെഷീനാണ് ഈ പാട്ട്. തൊണ്ണൂറുകളുടെ മധ്യത്തിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്ന ജംഗിൾബുക്ക് എന്ന പരമ്പരയുടെ തുടക്കഗാനം. വരികൾ ബിച്ചുവിന് മാത്രം സാധിക്കുന്നത്. മാന്ത്രിക ഈണം മോഹൻ സിത്താരയുടേതും.

‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി,

കുഞ്ഞോളേ കുമ്പാളീ മാമുണ്ടു ചായുറങ്ങൂ…..’

എന്ന് ബിച്ചു എഴുതുമ്പോൾ അതിൽ കഥയുണ്ട്, താരാട്ടുണ്ട്, വാവയെ മാമൂട്ടാനുള്ള ചെപ്പടിവിദ്യകൾ എല്ലാമുണ്ട്… സ്വന്തം പേരി‍ൽപോലും കുട്ടിത്തം നിറച്ച ബിച്ചൂ…പിഞ്ചുഹൃദയങ്ങളിൽ ഇത്രയധികം ആനന്ദം നിറച്ചൊരു പാട്ടുകാരൻ മലയാളത്തിൽ മറ്റൊരാളില്ല. ഇന്ന് അദ്ദേഹം നമ്മെ വിട്ടു പിരിയുമ്പോൾ മലയാളികളിൽ ഉണ്ടാകുന്ന തീരാ നഷ്ടം കൂടിയാണത്. എന്നെന്നും ആ അതുല്യ പ്രതിഭയ്ക്ക് മുന്നിൽ പ്രണാമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close