
പട്ന: ഫാംഹൗസിൽ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികൾക്ക് നേരെ വെടിയുതിർത്ത് മന്ത്രിപുത്രൻ. ബീഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദിന്റെ മകൻ ബബ്ലു പ്രസാദാണ് കുട്ടികൾക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. വെസ്റ്റ് ചമ്പാരൺ ജില്ലയിലെ ഹാർദിയ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. തന്റെ ഫാംഹൗസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാനായി മന്ത്രി പുത്രനും കൂട്ടരും തോക്കുമായി എത്തുകയായിരുന്നു.
അക്രമത്തിന്റെ ദൃശ്യങ്ങളെല്ലാം സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു. ബബ്ലു പ്രസാദ് കയ്യിൽ തോക്കുമായി കുട്ടികളെ ഓടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടികൾ ഭയന്ന് ചിതറിയോടുന്നത് വീഡിയോയിൽ കാണാം. കുട്ടികൾ തോട്ടത്തിൽ നിന്ന് കളിക്കുകയായിരുന്നെന്നും ഇതിന് പിന്നാലെ നാലഞ്ചാളുകൾ ചേർന്ന് കുട്ടികളെ തല്ലാൻ ആരംഭിച്ചുവെന്നും ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നു.
തുടർന്ന് ഇവർ ഒരാളെ തോക്കിന്റെ പുറക് വശം കൊണ്ട് മർദ്ദിക്കുകയും വെടിയുതിർക്കുകയും ചെയ്തുവെന്നും ഇയാൾ പറഞ്ഞു. ആക്രമണത്തിൽ ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ നാട്ടുകാർ ക്ഷുഭിതരായി മന്ത്രി നാരായൺ പ്രസാദിന്റെ വീട്ടിലേക്കെത്തുകയും വാഹനം അടിച്ചു തകർക്കുകയും മകൻ ബബ്ലു പ്രസാദിനെ മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ ബബ്ലു ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ മകൻ വെടിയുതിർത്തു എന്ന ആരോപണം മന്ത്രി നാരായൺ പ്രസാദ് നിഷേധിച്ചു. നാട്ടുകാർ തന്റെ ഭൂമി കയ്യടക്കാൻ നിരന്തരം ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസവും ഇത്തരത്തിലൊരു നീക്കം നടന്നിരുന്നു. ഇതറിഞ്ഞ് കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി തന്റെ സഹോദരങ്ങൾ സ്ഥലത്തെത്തി. എന്നാൽ അവരെ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് മന്ത്രി പറയുന്നു.
വിവരം അറിഞ്ഞാണ് മകൻ ബബ്ലു പ്രസാദും കൂട്ടരും സ്ഥലത്തെത്തിയത്. എന്നാൽ നാട്ടുകാർ മകനെയും ഒപ്പമുള്ളവരെയും അടിച്ചിട്ടശേഷം തോക്ക് കൈക്കലാക്കിയെന്നും കാർ നശിപ്പിച്ചുവെന്നും മന്ത്രി നാരായൺ പ്രസാദ് ആരോപിച്ചു. സംഘർഷത്തിനിടെ ഒരു സംഘം നാട്ടുകാർ കല്ലേറും നടത്തി. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായും മന്ത്രി പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..