INDIANEWSTrending

ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒരു വോട്ട്; സ്വന്തം വീട്ടുകാര്‍ പോലും വോട്ട് ചെയ്തില്ല; പൊങ്കാലയിട്ട് സൈബര്‍ ലോകം

കോയമ്പത്തൂർ : ‘നാം ഒന്ന് നമുക്ക് ഒന്ന്’ ഈ ഒരു കാര്യം നമ്മൾ കേട്ടിട്ടുണ്ടാകും. പക്ഷെ ഇതൊരു തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് ആകുമ്പോൾ അത് കൗതുകകരമാകും. തമിഴ്‌നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി ഡി. കാർത്തിക്കിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. അഞ്ചംഗങ്ങൾ അടങ്ങുന്ന കുടുംബത്തിൽ നിന്ന് ഒരു വോട്ട് മാത്രമാണ് കാർത്തിക്കിന് ലഭിച്ചത്. കോയമ്പത്തൂരിലെ പെരിയനായ്ക്കൻപാളയത്തെ വാർഡ് തെരഞ്ഞെടുപ്പിലാണ് കാർത്തിക് ബിജെപിക്ക് വേണ്ടി മത്സരിച്ചത്.

തന്റെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ മറ്റ് ഏഴ് നേതാക്കളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കാർത്തിക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ തയ്യാറാക്കിയത്. സംഭവം വൈറലായതോടെ ട്വിറ്ററിൽ #Single_Vote_BJP എന്ന ഹാഷ്ടാഗും ട്രെന്റിങായി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മീന കന്ദസാമി ട്വീറ്റ് ചെയ്തത് ഇങ്ങനെ “തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരേ ഒരു വോട്ട്. മറ്റുള്ളവർക്ക് വോട്ടുചെയ്യാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് നാല് വോട്ടർമാരെയും ഓർത്ത് അഭിമാനിക്കുന്നു.”

കോൺഗ്രസ് നേതാവ് അശോക് കുമാർ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു “കോയമ്പത്തൂരിൽ അഞ്ച് അംഗങ്ങളുള്ള കുടുംബത്തിൽ നിന്ന് മൽസരിച്ച ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്. ഇങ്ങനെയാണ് തമിഴ്നാട് ബിജെപിയെ കൈകാര്യം ചെയ്യുന്നത്.”

തോൽവിക്ക് ശേഷം കാർത്തിക് പറഞ്ഞു “ഞാൻ ബിജെപിക്കുവേണ്ടി മത്സരിച്ചിട്ടില്ല. കാർ ചിഹ്നത്തിൽ ഞാൻ സ്വാതന്ത്രനായാണ് മത്സരിച്ചത്. എന്റെ കുടുംബത്തിന് നാല് വോട്ടുകളുണ്ട്, എല്ലാ വോട്ടുകളും പഞ്ചായത്തിലെ നാലാം വാർഡിലാണ്.” കുരുടംപാളയം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് കാർത്തിക് മത്സരിച്ചത്. ബിജെപി യൂത്ത് വിംഗ് ജില്ലാ ഉപാധ്യക്ഷൻ കൂടിയാണ് ഡി. കാർത്തിക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close