INDIANEWSTrending

രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപി; കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിജെപി നേടിയത് തൊട്ടുതാഴെയുള്ള അഞ്ച് പാർട്ടികൾ നേടിയതിനേക്കാൾ ഇരട്ടിയിലധികം വരുമാനം; കോൺഗ്രസിന് മൂന്നാം സ്ഥാനം

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപിയെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിഎസ്പിക്കാണ് രണ്ടാം സ്ഥാനം. 698.33 കോടിയാണ് പാർട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് 588.16 കോടിയുടെ ആസ്തിയാണുള്ളത്.

തൊട്ടു താഴെയുള്ള അഞ്ച് പാർട്ടികൾ നേടിയതിനേക്കാൾ ഇരട്ടിയിലധികം വരുമാനമാണ് കഴിഞ്ഞ വർഷം ബിജെപി നേടിയത്. 2019 സാമ്പത്തിക വർഷത്തിൽ 24.10 ശതകോടി രൂപ സ്വന്തമാക്കിയ പാർട്ടി, മുൻവർഷത്തിൽ നിന്നും ഇരട്ടിയിലധികം സമ്പാദിച്ചതായും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

രാജ്യത്തെ ദേശീയ, പ്രാദേശിക പാർട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആർ ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കാലയളവിൽ രാജ്യത്തെ ഏഴ് ദേശീയ പാർട്ടികൾക്കും 44 പ്രാദേശിക പാർട്ടികൾക്കും യഥാക്രമം 6988.57 കോടി രൂപയും 2,129.38 കോടി രൂപയും ആകെ ആസ്തിയുണ്ടെന്നാണ് എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നത്.

പ്രാദേശിയ പാർട്ടികളിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ളത് സമാജ്‌വാദി പാർട്ടിക്കാണ് (എസ്പി). 2019-20 സാമ്പത്തിക വർഷത്തിൽ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. ടിആർഎസ് ആണ് തൊട്ടുപിന്നിലുള്ളത്. ആസ്തി 301.47 കോടി. മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്. 267.61 കോടിയാണ് പാർട്ടിയുടെ ആസ്തി. 44 പ്രാദേശിക പാർട്ടികളുടെ ആകെ ആസ്തികളിൽ 95.27 ശതമാനവും ആദ്യ പത്ത് സംസ്ഥാനത്തുള്ളവയ്ക്കാണ്.

2019-20 സാമ്പത്തിക വർഷത്തിൽ ഏഴ് ദേശീയ പാർട്ടികളുടെയും 44 പ്രാദേശിക പാർട്ടികളുടെയും ആകെ ബാധ്യത 134.93 കോടി രൂപയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close