INDIANEWSTrending

അന്ധവിശ്വാസത്തിന്റെ പേരിൽ വീണ്ടും അരുംകൊല; പ്രേതബാധയുണ്ടെന്ന് ആരോപണം; ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല കൊണ്ട് യുവതിയെ അടിച്ച് കൊന്നു

ഗുജറാത്ത്: രാജ്യത്ത് അന്ധവിശ്വാസത്തിൽ വീണ്ടും അരുംകൊല. പ്രേതബാധയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് യുവതിയെ അടിച്ചുകൊന്നു. ഗുജറാത്തിലെ ദ്വാരകയിൽ മിഥാപൂര്‍ താലൂക്കിലെ ആരംഭദ ഗ്രാമത്തില്‍ താമസിക്കുന്ന റമീല സോളങ്കി എന്ന യുവതിയാണ് മരിച്ചത്.

ഇരുപത്തഞ്ചുകാരിയായ യുവതിയെ കുടുംബക്കാർ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുവന്നു. അവിടെ വെച്ച് മന്ത്രവാദിയും ബന്ധുക്കളും ചേർന്ന് ചുട്ടു പഴുപ്പിച്ച ഇരുമ്പ് ചങ്ങല ഉപയോഗിച്ച് യുവതിയെ ക്രൂരമായി അടിച്ച് കൊല്ലുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം നവരാത്രി ആഘോഷിക്കുന്നതിനായി ഓഖമാധി ഗ്രാമത്തിലേക്ക് യുവതി പോയിരുന്നു. അതിനിടെ റമീലയ്ക്ക് പെട്ടന്ന് വിറയല്‍ വന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രവാദി യുവതിയില്‍ ബാധ കയറിയതാണെന്നും ദേവി കോപിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു.

ബാധ ഒഴിപ്പിക്കാൻ യുവതിയെ അടിക്കാന്‍ ബന്ധുക്കളോട് മന്ത്രവാദി പറഞ്ഞു. ഇല്ലെങ്കില്‍ അവൾ എല്ലാവരെയും കൊല്ലുമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് വിറക് കൊള്ളിക്കൊണ്ടും ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങലക്കൊണ്ടും യുവതിയെ ക്രൂരമായി അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളുമാണ് അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close