INSIGHTNEWSSPORTSTrending

ഡബിൾ ഹാട്രിക്കിൽ കാമ്പർ മൂന്നാമൻ; ആദ്യത്തെ രണ്ട് പേർ ഇവരാണ്

ക്രിക്കറ്റിൽ ഹാട്രിക് എന്നാൽ എന്താണെന്ന് എല്ലാവർക്കും അറിയാം. ബൗളിങ്ങിൽ അടുത്തടുത്ത പന്തുകളിൽ വിക്കറ്റ് നേടുമ്പോൾ ആണ് ഒരു ബൗളറിന് ഹാട്രിക് ലഭിക്കുന്നത്. എന്നാൽ ഡബിൾ ഹാട്രിക്കോ? അടുത്തടുത്ത നാല് പന്തുകളിൽ വിക്കറ്റ് നേടുന്നതിനെയാണ് ഡബിൾ ഹാട്രിക് എന്ന് പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മുൻ ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയാണ് ആദ്യം ഡബിൾ ഹാട്രിക് നേടുന്നത്.

ക്രിക്കറ്റിന്റെ കുട്ടി ക്രിക്കറ്റ് ഫോർമാറ്റായ ടി20 ക്രിക്കറ്റിൽ ഡബിൾ ഹാട്രിക് നേടിയവർ ഇവരാണ്

1.റഷീദ് ഖാൻ

അഫ്ഗാൻ സ്പിൻ മാന്ത്രികൻ റഷീദ് ഖാൻ ആണ് ടി20 യിൽ ആദ്യമായി ഈ നേട്ടം കൈവരിച്ച ബൗളർ. 2019 ഫെബ്രുവരി 24-ന് അയർലൻഡിനെതിരായ മൂന്നാം ടി20-യിൽ ആയിരുന്നു റഷീദ് ഖാന്റെ പ്രകടനം. 16ാം ഓവറിന്റെ അവസാന പന്തിൽ കെവിൻ ഒബ്രിയാനെ കളഞ്ഞ താരം 18ാം ഓവറിന്റെ ആദ്യത്തെ മൂന്ന് പന്തുകളിൽ ഡോക്രൽ, ഗെറ്റ്കറ്റേ, സിമി സിംഗ് എന്നിവരെ പുറത്താക്കിയാണ് റഷീദ് ഖാൻ ഡബിൾ ഹാട്രിക് തികച്ചത്. മത്സരത്തിൽ നാല് ഓവറിൽ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

2.ലസിത് മലിംഗ

മുൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗയാണ് ടി20 ക്രിക്കറ്റ് ചരിത്രത്തിൽ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ആദ്യ ഫാസ്റ്റ് ബൗളർ. 2019 സെപ്റ്റംബർ ആറിന് ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തിലായിരുന്നു മലിംഗയുടെ പ്രകടനം. ഈ പ്രകടനത്തോടെ അന്താരാഷ്ര ക്രിക്കറ്റിൽ രണ്ട് തവണ ഡബിൾ ഹാട്രിക് കരസ്ഥമാക്കുന്ന താരമായി മാറി മലിംഗ. ന്യൂസിലൻഡിന്റെ കോളിൻ മൺറോ, ഹാമിഷ് റുഥർഫോർഡ്, കോളിൻ ഡി ഗ്രാൻഡ്ഹോം, റോസ് ടെയ്‌ലർ എന്നിവരെ പുറത്താക്കിയാണ് മലിംഗ ഈ നേട്ടം കൊയ്തത്. മത്സരത്തിൽ നാല് ഓവറിൽ ഒരു മെയ്ഡനടക്കം ആറ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

3.കർട്ടിസ് കാമ്പർ

അയർലൻഡിന്റെ ഫാസ്റ്റ് ബൗളർ കർട്ടിസ് കാമ്പർ ആണ് മൂന്നാമത്തെ താരം. ഒക്ടോബർ 18-ന് നടന്ന 2021 ടി20 ലോകകപ്പിന്റെ യോഗ്യത മത്സരത്തിൽ നെതർലൻഡ്സിനെതിരെ ആയിരുന്നു കാമ്പറിന്റെ മാസ്മരിക പ്രകടനം. ആക്കർമാൻ, റയാൻ ടെൻ ഡോസ്‌ചേറ്റ്, സ്കോട്ട് എഡ്‌വേഡ്സ്, വാൻ ഡെർ മെർവ് എന്നിവരാണ് കാമ്പറിന്റെ ഇരകൾ. മത്സരത്തിൽ നാല് ഓവറിൽ 26 റൺസ് വഴങ്ങി കാമ്പർ നാല് വിക്കറ്റ് നേടി. ഈ പ്രകടനത്തോടെ ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറായി കാമ്പർ. 2007-ൽ നടന്ന ആദ്യ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബൗളർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close