അസ്ഥി മരവിക്കുന്ന തണുപ്പിലൂടെ നാലംഗ ഇന്ത്യൻ കുടുംബം നടന്നെത്തിയത് 11 കിലോമീറ്ററുകളോളം; അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മരവിച്ച് മരിച്ചത് പിഞ്ചു കുഞ്ഞുൾപ്പെടെ നാലുപേർ ; മൃതദേഹങ്ങൾ കണ്ടെടുത്തത് മഞ്ഞിൽ പുതഞ്ഞ നിലയിൽ; കാനഡയിലുണ്ടായ ഇന്ത്യക്കാരുടെ മരണത്തിൽ നടുക്കം മാറാതെ രാജ്യം

ന്യൂയോർക്ക്: യു എസ് കാനഡ അതിർത്തിക്ക് സമീപം നാലംഗ ഇന്ത്യൻ കുടുംബം കൊടും തണുപ്പിൽ പെട്ട് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടും തണുപ്പിൽ അകപ്പെട്ട് തണുത്ത് മരവിച്ച് മരിച്ച ഇവരുടെ മൃതദേഹങ്ങൾ മഞ്ഞിൽ പൊതിഞ്ഞ നിലയിലായിരുന്നു. മൈനസ് 35 ഡിഗ്രി താപനില നിലനിൽക്കുന്ന കനേഡിയൻ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്സനിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.
ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കാനഡയിൽനിന്നു യുഎസിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്നാണു പൊലീസ് പറയുന്നത്. അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ട് മണിക്കൂറുകളോളം കൊടും തണുപ്പിൽ കഴിയേണ്ടി വന്നതാണ് ഇവരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
വലിയ മനുഷ്യക്കടത്തിന്റെ ഭാഗമാണ് ഇവരെന്നാണ് പോലീസിന്റെ നിഗമനം. അതിർത്തിയിൽ കനേഡിയൻ ഭാഗത്താണ് പുരുഷൻ, സ്ത്രീ, കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു മാനിട്ടോബ അസി. കമ്മിഷണർ ജെയ്ൻ മക്ലാച്ചി പറഞ്ഞു. വേറെയും ആളുകൾ അപകടത്തിൽപ്പെട്ടിരിക്കാം എന്നുള്ള സംശയത്തെതുടർന്നുള്ള തിരച്ചിലിലാണു കൗമാരക്കാരന്റെ മൃതദേഹം മഞ്ഞിൽ പുതഞ്ഞനിലയിൽ കണ്ടെത്തിയത്.
അതിനിടെ, ഗുജറാത്തിൽനിന്നുള്ളവരെന്നു കരുതുന്ന 7 ഇന്ത്യക്കാരെ അനധികൃതമായി യുഎസിൽ എത്തിയതിന് അറസ്റ്റ് ചെയ്തു. അതിർത്തി വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്റ്റീവ് ഷാൻഡ് എന്ന യുഎസ് പൗരനെ ഫ്ലോറിഡയിലും അറസ്റ്റ് ചെയ്തു. ഇയാൾക്ക് എമേഴ്സൻ സംഭവവുമായി ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.
അതിർത്തിയിൽ എത്തിയാൽ ആരെങ്കിലും കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണു നേരത്തേ യുഎസിൽ അറസ്റ്റിലായ അഞ്ചംഗ ഇന്ത്യൻ സംഘം പറയുന്നത്. 11 മണിക്കൂറിലേറെ നടന്നാണ് ഇവർ അതിർത്തി കടന്ന് യുഎസിൽ എത്തിയത്. ഇവരിൽ ഒരാളാണ്, മരിച്ച നാലംഗ സംഘത്തിന്റെ ബാഗ് വഹിച്ചിരുന്നത്. നേരത്തേ നാലംഗ സംഘം ഇവർക്കൊപ്പം സഞ്ചരിച്ചിരുന്നെന്നും രാത്രിയോടെ അവർ വേറെ പോയെന്നും പിടിയിലായവർ പറഞ്ഞു. കുട്ടികളുടെ വസ്ത്രങ്ങൾ, ഡയപർ, കളിപ്പാട്ടങ്ങൾ, കുട്ടികൾക്കുള്ള മരുന്ന് എന്നിവയാണ് ബാഗിലുള്ളത്.
ഇന്ത്യക്കാരുടെ ദാരുണ മരണത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ നടുക്കം രേഖപ്പെടുത്തി. വിഷയത്തിൽ ഉടൻ ഇടപെടാൻ യുഎസിലെയും കാനഡിയിലെയും അംബാസഡർമാരോടു ഇന്ത്യ നിർദേശിച്ചു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു, കാനഡയിലെ ഹൈക്കമ്മിഷണർ അജയ് ബിസാരിയ എന്നിവരുമായി ജയ്ശങ്കർ സംസാരിച്ചു. നിർഭാഗ്യകരവും ദാരുണവുമായ സംഭവമാണിതെന്നും ഇരു രാജ്യങ്ങളിലെയും അധികൃതരുമായി ബന്ധപ്പെട്ടു തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു.
ആരെങ്കിലും അതിർത്തി കടത്തി സഹായിക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കരുതെന്നും അതു സാധ്യമല്ലെന്നും ജെയ്ൻ മക്ലാച്ചി ഓർമപ്പെടുത്തി. എമേഴ്സനിൽ ഇപ്പോൾ മൈനസ് 41 ഡിഗ്രിയാണ് താപനില. ആവശ്യത്തിനു വസ്ത്രമുൾപ്പെടെ ധരിച്ചാലും ഈ തണുപ്പിലെ യാത്ര ദുഷ്കരമാണ്. മിനിറ്റുകൾക്കകം തൊലി മരവിക്കും. മറ്റൊരു രാജ്യത്തു പോകാൻ നിങ്ങൾക്ക് ആഗ്രഹവും ആവശ്യവുമുണ്ടാകും. പക്ഷേ ഇതല്ല മാർഗം. നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ അപകടത്തിലാക്കരുത്– ജെയ്ൻ മക്ലാച്ചി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..