KERALANEWS

കർദിനാൾ ആലഞ്ചേരിക്കെതിരെ റവന്യു വകുപ്പ് അന്വേഷണം; നടപടി സീറോ മലബാർ സഭ ഭൂമിയിടപാടിനെത്തുടർന്ന്

കൊച്ചി : സീറോ മലബാർ സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ റവന്യു വകുപ്പ് അന്വേഷണം നടത്തുന്നു. ഇതിനായി സർക്കാർ ഏഴം​ഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ലാന്റ് റവന്യു അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് സംഘത്തെ പ്രഖ്യാപിച്ചത്. ഇതിന് മുൻപേ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. കർദിനാൾ സമർപ്പിച്ച ആറ് ഹർജികളും അന്ന് തള്ളിയിരുന്നു.

മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസിൽ വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് മാർ ജോർജ്ജ് ആലഞ്ചേരി നേരത്തെ നൽകിയ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിൽ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി വിൽപന നടത്തിയതെന്നുമാണ് കേസ്. ഇടപാടിൽ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണം എന്നും കർദ്ദിനാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഭൂമി ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പട്ടയ രേഖയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യൂ ഓഫീസിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close