KERALANEWSTop NewsTrending

ആറ്റം ബോബുമായി നൃത്തം ചവിട്ടുന്ന ഡ​ഗ്ലസിനെ വരച്ച് അരങ്ങേറ്റം; ജനയു​ഗത്തിലെ കിട്ടുമ്മാവനും വനിതയിലെ മിസ്സിസ് നായരും മനോരയിലെ പൊന്നമ്മ സൂപ്രണ്ടും ജൂബാ ചേട്ടനും എല്ലാം പിറന്ന കൈകൾ ഇനി നിശ്ചലം; കാർട്ടൂണിസ്റ്റ് യേശുദാസൻ സമാനതകളില്ലാത്ത പ്രതിഭ

കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസൻ വിട പറയുമ്പോൾ അന്ത്യമാകുന്നത് വരകളിലൂടെ കാലിക പ്രശ്നങ്ങളെ പരിഹസിച്ച ഒരു വിപ്ലവ ജീവിതത്തിന്. സിപിഐ മുഖപത്രമായ ജനയു​ഗത്തിലെ ചന്തു എന്ന കാർട്ടൂൺ പരമ്പരയിലൂടെ പ്രതികരണ വരകൾ ആരംഭിച്ച യേശുദാസൻ പിന്നീട് രാജ്യത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം മുൻ കോളത്തിൽ വരകളാൽ പ്രതിഷേധം തീർത്തു. ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതാണ് യേശുദാസൻ വരച്ച ആദ്യത്തെ കാർട്ടൂൺ. 1955-ൽ കോട്ടയത്തുനിന്നും പന്തളം കെ.പിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘അശോക’ എന്ന വിനോദമാസികയിലാണ് ഈ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്.

ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. സിപിഐ നേതാവ് വൈക്കം ചന്ദ്രശേഖരൻ നായരാണ് ആ പംക്തിക്ക് ചന്തു എന്ന് പേര് നൽകിയത്. വിമോചനസമരക്കാലത്ത് ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം ‘കിട്ടുമ്മാവൻ’ എന്ന ‘പോക്കറ്റ്’ കാർട്ടൂൺ 1959 ജൂലായ് 19-മുതൽ വരച്ച് തുടങ്ങി. ‘സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും’ അഭിപ്രായം പറയുന്ന ‘കിട്ടുമ്മാവൻ’ വായനക്കാർക്കിടയിൽ പെട്ടെന്ന് ജനപ്രീതിയാർജ്ജിച്ചു. ഈ കഥാപാത്രത്തോടൊപ്പം പൈലി, കാർത്ത്യായനി, പാച്ചരൻ ഭാഗവതർ, ചെവിയൻ പപ്പു, കാഥികൻ കിണറ്റുകുഴി, അയൽക്കാരൻ വേലുപിള്ള, ചായക്കടക്കാരൻ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കാർട്ടൂൺ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളിൽ കിട്ടുമ്മാവനായും, പൈലിയായും വേഷം ധരിച്ചെത്തുക ആരാധകരുടെ പതിവായി മാറി.

ഏതു മുഖങ്ങളുടെയും രൂപവൈവിധ്യം വർച്ചു ഫലിപ്പിക്കാനുള്ള സാമർത്ഥ്യം യേശുദാസനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാരിക്കേച്ചറുകളിൽ ഏറ്റവും നാടകീയമായ ഒന്നാണ് ഇ.എം.എസിന്റേത്. “നമ്പൂതിരിപ്പാടിന്റെ താത്വിക പ്രതിച്ഛായയ്ക്ക് കാർട്ടൂൺ രൂപം നൽകിയത് യേശുദാസനാണ് – ഉന്തിയ നെറ്റിയും പെരുപ്പിച്ച തലയുമായി. ഈ കാരിക്കേച്ചർ നാടെങ്ങും അനുകരിക്കപ്പെട്ടു. കാർട്ടൂണിൽ ഇ.എം.എസ് നിത്യഹരിത മധ്യവയസ്കനായി തുടർന്നു

മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ 1938 ജൂൺ 12നാണ് യേശുദാസൻ ജനിച്ചത്. തന്റെ ക്ലാസ് മുറിയിലെ മണ്ണിൽ നിന്നു തന്നെ വരയ്ക്കാൻ തുടങ്ങിയ യേശുദാസൻ ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണുകൾ എന്നവകാശപ്പെടാവുന്നതാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാർട്ടൂണിസ്റ്റാക്കിയതും. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ കാർട്ടൂൺ കഥാപാത്രങ്ങളും മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്.

1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച ‘ദാസ്’ കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ ‘ബാലയുഗം’ എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു. ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് തുടങ്ങിയ ‘അസാധു’ എന്ന ജനപ്രിയ രാഷ്ട്രീയ മാസിക കൊല്ലത്തു നിന്നും സിനിമാ ഹാസ്യമാസികയായ ‘കട്ട്-കട്ട്’, ‘ടക്-ടക്’ എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി. പ്രസിദ്ധീകരണരംഗത്തുനിന്നും പിന്മാറിയ യേശുദാസൻ 1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനായിരുന്നു. യേശുദാസൻ കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളഭാഷ പ്രസിദ്ധീകരണങ്ങിലും കാലികപ്രസിദ്ധീകരണങ്ങിലും ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഇടംപിടിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close