KERALANEWSTrending

സന്നിപാതജ്വരം ബാധിച്ച് കിടക്കുന്ന ഭാർ​ഗവിയുടെ അരുകിലിരുന്ന് ഈച്ചയെ ആട്ടുന്ന അനിയൻ; വള്ളികുന്നത്തെ ആദ്യ കമ്യൂണിസ്റ്റു മീറ്റിങ്ങിനു വിളക്ക് തെളിയിച്ച ഭാർഗവി മരിച്ചത് അച്ഛന്റെ തോളിൽ കിടന്ന്; ശൂരനാട് രക്തസാക്ഷികളെ സ്മരിക്കുമ്പോൾ രക്തം തിളയ്ക്കുന്ന ഓർമ്മയായി ചേലക്കോട്ടേത്ത് കുഞ്ഞിരാമന്റെ കഥ

കൊല്ലം: ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ ധീരനായിരുന്നു. അനീതി എവിടെ കണ്ടാലും ചോദ്യം ചെയ്യുന്ന ധീരൻ. തൊള്ളായിരത്തി നാൽപ്പതുകളുടെ മധ്യത്തിൽ ഒരു സന്ധ്യയിൽ കുഞ്ഞുരാമന്റെ വീട്ടിൽ മകൾ ഭാർഗവി കൊളുത്തി വെച്ച മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വള്ളികുന്നം ​ഗ്രാമത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോ​ഗം ചേർന്നു. ശങ്കരനാരായണൻ തമ്പിയും, പുതുപ്പള്ളി രാഘവനും, തോപ്പിൽ ഭാസിയും, കുഞ്ഞുരാമനും, ചാലിത്തറകുഞ്ഞച്ചനും, ടി കെ തേവനും മറ്റ് സഖാക്കളും ചേലക്കോട്ടേത്ത് അന്ന് ഒത്തുചേരുമ്പോൾ അറിഞ്ഞിരുന്നില്ല, അനീതിയെ ചോദ്യം ചെയ്തതിന്റെ പേരിൽ ആ കുടുംബത്തിന് ഇത്രയേറെ പീഡനങ്ങൾ സഹിക്കേണ്ടി വരുമെന്ന്. ഭാർ​ഗവി എന്ന പെൺകുട്ടിയുടെ ജീവൻ പോലും ബലി കൊടുക്കേണ്ടി വരുമെന്ന്. ശുരനാട് രക്തസാക്ഷികൾക്കൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് ആവേശം നൽകുന്ന സ്മരണകളാണ് ചേലക്കോട്ടേത്ത് കുഞ്ഞിരാമനും മകൾ ഭാർ​ഗവിയും അവളുടെ അമ്മയും സഹോദരങ്ങളുമെല്ലാം. കമ്മ്യൂണിസ്റ്റുകൾക്ക് മാത്രമല്ല, ഹൃദയമുള്ള ഏതൊരാൾക്കും കണ്ണുനിറയാതെ വായിച്ചു തീർക്കാനാകില്ല ഭാർ​ഗവി എന്ന പെൺകുട്ടിയുടെയും അവളുടെ അച്ഛൻ ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ എന്ന ധീര കമ്മ്യൂണിസ്റ്റിന്റെയും ജീവിത കഥ.

അക്കാലത്ത് ശൂരനാടും വള്ളികുന്നത്തും കായംകുളത്തുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്രാപിച്ച് വരികയായിരുന്നു. കായംകുളം ഡിസിയുടെ കീഴിലായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ ഓണാട്ടുകരയിൽ പ്രവർത്തിച്ചിരുന്നത്. ആ പാർട്ടി സഖാക്കളുടെ നേതൃത്വത്തിൽ ജന്മിത്വ ചൂഷണങ്ങൾക്കെതിരെ കർഷകത്തൊഴിലാളികളുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നു വന്നു. കുഞ്ഞിരാമനും, സഖാക്കളും ജന്മിത്വത്തിന്റെ കണ്ണിൽ വീണ കരടായിരുന്നു. 1949 ഡിസംബർ 31 നു ശൂരനാട്ട് തൊഴിലാളികളെ ആക്രമിച്ച നാല് പോലീസുകാർ, തൊഴിലാളികളുടെ ചെറുത്തു നിൽപ്പിൽ മരണപ്പെട്ടു.

ശങ്കരനാരായണൻ തമ്പിയും, തോപ്പിൽ ഭാസിയും, സി കെ കുഞ്ഞി രാമനും ഉൾപ്പടെ ഇരുപത്തിയെട്ടു പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ശൂരനാട് എന്നൊരു നാടിനി വേണ്ട എന്നാണു മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള കൽപ്പിച്ചത്. ഒരു വർഷം ശൂരനാട് പോലീസിന്റെ ക്രൂരമായ തേർവാഴ്ചക്കിരയായി. പോലീസുകാർ അമ്മമാരെ ബലാൽസംഗം ചെയ്തു. പത്തു സഖാക്കളെ തല്ലിക്കൊന്നു. ഭാര്യയേയും അഞ്ചു മക്കളെയും കൂട്ടി കുഞ്ഞിരാമൻ നാട് വിട്ടു.

പകൽ എവിടെങ്കിലും ഒളിച്ചിരുന്ന്, നേരം ഇരുളുമ്പോ എങ്ങോട്ടെന്നില്ലാതെ നടക്കും. രണ്ടു കുഞ്ഞുങ്ങൾ അച്ഛന്റെ തോളിൽ, ഒരാൾ അമ്മയുടെ കയ്യിൽ, മറ്റു രണ്ടു പേർ ഒപ്പം നടക്കും. എരൂർ എവിടെയെങ്കിലും തങ്ങാം എന്ന് പ്രതീക്ഷിച്ചാണ് നടപ്പ്. കുഞ്ഞിരാമനെ തിരിച്ചറിയാനുള്ള പോലീസിൻറെ പ്രധാന അടയാളം ആ കുടുംബം തന്നെ ആണ്. ഒടുവിൽ ഇങ്ങനെ പോയാൽ പിടിക്കപ്പെടും എന്ന് കുഞ്ഞിരാമന് ഉറപ്പായി. ഒരു രാത്രി ഏവൂർ ഒരു വീടിന്റെ എരുത്തിലിന്റെ ഇറയത്ത്‌ മക്കളെ ഉറക്കിക്കിടത്തിയിട്ട്. വിശാലമായ ലോകത്തിന്റെ ദയാദാക്ഷിണ്യത്തിന് മറ്റു മക്കളെ വിട്ടു കൊടുത്തിട്ട്, ഏറ്റവും ഇളയ കുഞ്ഞിനേയും എടുത്ത്‌ ആ അച്ഛനും അമ്മയും നടന്നു.

മക്കൾ അച്ഛനെയും അമ്മയെയും തിരക്കി നാടുനീളെ അലഞ്ഞു നടന്നു. ആയിരം തെങ്ങ് കടപ്പുറത്ത് മൂത്തമകൾ ഭാർഗവി സന്നിപാതജ്വരം പിടിച്ചു കിടക്കുന്നതറിഞ്ഞ് കുളത്തൂപ്പുഴ മലയിൽ ഒളിവിളിരുന്ന കുഞ്ഞിരാമൻ, നടന്ന് ആയിരംതെങ്ങിലെത്തി. മക്കളെ തിരക്കി നടന്ന കുഞ്ഞുരാമൻ കണ്ടത് ഹൃദയം തകർക്കുന്ന കാഴ്ച. ഭാർഗവിയുടെ മുഖത്തുനിന്നും ഈച്ചയെ ആട്ടി അകറ്റുകയാണ് അനിയൻ.. അപ്പോഴും ഭാർഗവിക്കു ജീവനുണ്ടായിരുന്നു. അബോധാവസ്ഥയിലും അവൾ അമ്മയെ വിളിക്കുന്നു.

കുഞ്ഞുരാമൻ മകളെയും തോളിലെടുത്തു തിരിച്ചു നടന്നു. പടിഞ്ഞാറ് അറബിക്കടൽ തീരത്തുനിന്ന് നടന്നു മൂന്ന് രാവും മൂന്ന് പകലും കൊണ്ട്സഹ്യപർവതം എത്തി. മകളെ അമ്മയെ കാണിക്കാനുള്ള ആർത്തിയോടെ താഴെ ഇറക്കുമ്പോഴാണ് അവൾ മരിച്ചു പോയെന്നു കുഞ്ഞിരാമൻ അറിയുന്നത്. വള്ളികുന്നത്തെ ആദ്യ കമ്യൂണിസ്റ്റു മീറ്റിങ്ങിനു വിളക്ക് തെളിയിച്ച ഭാർഗവി അച്ഛന്റെ തോളിൽ കിടന്നു മരിച്ചു. കുളത്തൂപ്പുഴ മലയുടെ അടിവാരത്ത് കുഞ്ഞിരാമാനൊരു കുഴിവെട്ടി. ഭാർഗവിയെ അവിടെ അടക്കി. ആ കുഴിമാടത്തിന് മുകളിൽ ഒരു കരിക്കുവെട്ടി വെക്കാനുള്ള സമയം പൊലീസ് ആ മനുഷ്യന് നൽകിയില്ല. മകളുടെ കുഴിമാടം മൂടി നിന്ന കുഞ്ഞിരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രൂര മർദ്ദനമാണ് കുഞ്ഞിരാമന് ലോക്കപ്പിൽ ഏൽക്കേണ്ടി വന്നത്. അടിയിലെ രാജാവാണ് “കവിട്ട അടി”. അര അടി പൊക്കമുള്ള തടികഷ്ണം ഭിത്തിയോടു ചേർത്തിടും. ചോദ്യം ചെയ്യാൻ കൊണ്ടുവരുന്നവനെ നൂൽ ബന്ധം ഇല്ലാതെ അതിൽ ഇരുത്തും. കൈകൾ ഇരുവശത്തേക്കും അകത്തി ഭിത്തിയോടു ചേർത്തു രണ്ടു പേർ പിടിക്കും. എന്നിട്ട് രണ്ടു കാലും വലിച്ചകത്തി ഭിത്തിയോടു ചേർത്ത് വെക്കും. എന്നിട്ട് രണ്ടു കാലിലും ഭാരം വെച്ച് താഴ്ത്തും. അല്ലെങ്കിൽ പോലീസുകാർ തന്നെ കാലിൽ കയറി നിൽക്കും.

കാലു രണ്ടും തറയിൽ തൊടും. ഞരമ്പ് കോച്ചി വലിക്കും, കണ്ണ് തളും. മിണ്ടാനോ, കരയാനോ പറ്റില്ല. പതിനഞ്ചു മിനിട്ട് നേരം ഉള്ള ഈ മർദ്ദന മുറ കഴിയുമ്പോൾ എഴുനേറ്റു നിൽക്കാൻ പറ്റില്ല. രണ്ടു പേർ ചേർന്ന് കുറെ നേരം പിടിച്ചു നടത്തിയിട്ട് ലോക്കപ്പിൽ കൊണ്ട് കിടത്തും.
ഇതിനിടയിൽ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നീട് അവനിൽ നിന്ന് ഒന്നും കിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. കുഞ്ഞുരാമനെ രണ്ടു തവണയാണ് ഇത് ചെയ്തത്. എന്നിട്ടും പോലീസിനു വേണ്ടതൊന്നും കുഞ്ഞുരാമനിൽ നിന്ന് കിട്ടിയില്ല.

ഒളിവു ജീവിതത്തിലെ ഒരു ദിവസം. ഒരുച്ച സമയത്ത് ചെറിയഴീക്കൽ എന്നൊരു സ്ഥലത്ത് ഒരു കുളക്കരയിൽ ഇരുന്നു ഒരു സ്ത്രീ തുണി കഴുകുന്നു. സ്ത്രീ എന്ന് പറഞ്ഞാൽ, ചടച്ചു മെലിഞ്ഞ ഒരു മനുഷ്യക്കോലം. അവരുടെ മുൻപിലൂടെ അഴുക്ക് പുരണ്ട വസ്ത്രങ്ങളും, പാറിപ്പറന്ന മുടിയും, നീണ്ട താടിയും ഉള്ള ഒരു മനുഷ്യൻ നടന്നു വരുന്നു. രണ്ടു പേരും പരസ്പ്പരം ശ്രദ്ധിച്ചു. ഒരു സംശയം. എവിടെയോ കണ്ട പ്രതീതി…
അവർ പരസ്പ്പരം തിരിച്ചറിഞ്ഞു..തന്റെ ഭാര്യ..തന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ..അവർക്ക് പരസ്പ്പരം മിണ്ടാൻ കഴിഞ്ഞില്ല..കണ്ണുനീര് വന്നു കാഴ്ച മങ്ങിപ്പോയി.. ഗദ്ഗദം കൊണ്ട് വാക്ക് മുറിഞ്ഞു പോയി.

“മക്കൾ എവിടെ?” ഭർത്താവ് ചോദിച്ചു? “അറിയില്ല”ഇടനെഞ്ചു പൊട്ടി ഭാര്യ പറഞ്ഞു. പാർട്ടിയുമായി ബന്ധമൊന്നുമില്ലേ? ഇല്ല…വൈകിട്ട് കാണാം, കടപ്പുറത്ത്. ഇടറുന്ന കാലുകളോടെ ആ മനുഷ്യൻ നടന്നുപോയി….വീണു പോകാതിരിക്കാൻ അവരാ കൽക്കെട്ടിൽ ഇരുന്നു. വൈകിട്ടവർ വീണ്ടും കണ്ടു. അയാൾ വീണ്ടും ചോദിച്ചു. മക്കൾ എവിടെ?.’എനിക്കറിഞ്ഞു കൂടാ. പോലീസ് ഇട്ടോടിച്ചു. അതിനുശേഷം പരിചയമുള്ള ആരെയും കണ്ടില്ല. നിങ്ങളെയും മക്കളെയും എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയിൽ ഞാനിങ്ങനെ ജീവിക്കുന്നു.’

അയാൾക്കവളെ ആശ്വസിപ്പിക്കാനായില്ല. അവർ ഒരുമിച്ചു ഇരുട്ടിൽ മറഞ്ഞു. നാളുകൾക്ക് ശേഷമാണ് എരൂരിൽ വെച്ച് സീ കെ കുഞ്ഞുരാമൻ അറസ്റ്റിലാകുന്നത്. നാളുകൾ ഏറെ കഴിഞ്ഞു. ശൂരനാട്‌ കേസിൽ നിരപരാധി ആണെന്ന് കണ്ടു കോടതി കുഞ്ഞുരാമനെ വെറുതെ വിട്ടു. ജയിലിൽ നിന്നിറങ്ങിയ കുഞ്ഞുരാമൻ, നേരേ പോയത് വീട്ടിലേക്കല്ല.. വളരെ ക്ലേശിച്ചു ഒളിവിലിരുന്ന പാർട്ടി നേതാക്കളെ കണ്ടു.

തോപ്പിൽ ഭാസി എഴുതി. കുഞ്ഞുരാമനെ നേരിടാൻ ഞങ്ങൾക്ക് പ്രയാസമുണ്ടായിര്രുന്നു. പക്ഷെ ആ സഖാവ് അൽഭുതപൂർവ്വം നില കൊണ്ടു.
അദ്ദേഹം ചോദിച്ചു..നിങ്ങൾ എന്നെ ഓർത്തോ?…ഞാൻ പറഞ്ഞു. ഓർത്തു…ഞാനിനി എന്ത് വേണം?…വീട്ടിലേക്കു പോകണം…
കുറച്ചു നിമിഷം എൻറെ മുഖത്തേക്ക് നോക്കിനിന്നിട്ടു ആ സഖാവ് നെഞ്ചുപൊട്ടി പറഞ്ഞു, എനിക്കെന്റെ പാർട്ടിയേക്കാൾ വലുതായി വേറൊന്നുമില്ല.

സിപിഐ നേതാവായ തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകളിലാണ് ശൂരനാട് സംഭവവും ചേലക്കോട്ടേത്ത് കുഞ്ഞിരാമനും ഭാർ​ഗവിയുമെല്ലാം വിശദമായി പ്രതിപാദിക്കുന്നത്. തോപ്പിൽ ഭാസിയുടെ പാട്ടബാക്കി എന്ന സിനിമ സമർപ്പിച്ചിരിക്കുന്നത് ഭാർ​ഗവിയുടെ സ്മരണകൾക്ക് മുന്നിലാണ്.

ശൂരനാട് രക്തസാക്ഷികൾ

ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരേ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ നടത്തിയ ചെറുത്തു നിൽപ്പിൽ ജീവൻ നഷ്ടമായത് അഞ്ച് സഖാക്കൾക്കായിരുന്നു. തണ്ടാശേരി രാഘവൻ എന്ന ധീര കമ്മ്യൂണിസ്റ്റ് 1950 ജനുവരി 18നാണ് അടൂരിലെ പോലീസ് ലോക്കപ്പിൽ ക്രൂരമായ മർദനങ്ങളേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ കളയ്ക്കാട്ടുതറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, കാഞ്ഞിരപ്പള്ളിവടക്ക് പുരുഷോത്തമക്കുറുപ്പ്, മഠത്തിൽ ഭാസ്‌കരൻനായർ എന്നിവരും പോലീസ് മർദനങ്ങളേറ്റ് തടവറയിൽ മരിച്ചു. ശൂരനാട് നടന്ന നരനായാട്ടിൽ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ സികെ കുഞ്ഞിരാമൻ, അയണിവിള കുഞ്ഞു പിള്ള, നടേവടക്കതിൽ പരമു നായർ, അമ്പിയിൽ ജനാർദ്ദനൻ നായർ, പോണാൽ തങ്കപ്പ കുറുപ്പ്, ചിറപ്പാട്ട് ചാത്തൻകുട്ടി, പായിക്കാലിൽ പരമേശ്വരൻനായർ, ചേലക്കോട്ടേത്ത് കുഞ്ഞിരമാൻ എന്നിവരെല്ലാം പിൽക്കാലത്ത് മരിച്ചു. തണ്ടാശേരി രാഘവൻ രക്തസാക്ഷിയായ ജനുവരി 18ആണ് ശൂരനാട് രക്തസാക്ഷി ദിനമായി സിപിഐയും സിപിഎമ്മും ആചരിക്കുന്നത്.

അടൂരിലെ പോലീസ് ലോക്കപ്പിലും ജയിലറകളിലുമായി കൊടിയ മർദനങ്ങളേറ്റ് ശൂരനാട്ടെ അഞ്ച് കർഷക തൊഴിലാളികളാണ് രക്തസാക്ഷികളായത്. 72 വർഷങ്ങൾക്കിപ്പുറവും സമാനതകളില്ലാത്ത ആദരവോടെ, ആവേശത്തോടെ ശൂരനാടിൻറെ ഗ്രാമ വഴികൾ അവരുടെ പ്രീയ സഖാക്കളെ ചേർത്ത് പിടിക്കുകയാണ്. പണിയിടങ്ങളിലെ നീതി നിഷേധത്തിൽ അസ്വസ്ഥരായ തൊഴിലാളികൾ പോലീസുമായി ഏറ്റുമുട്ടുന്നത് 1949 ഡിസംബർ 31 രാത്രിയിലാണ്. നാട്ടുകാർ മത്സ്യം പിടിച്ചിരുന്ന ശൂരനാട് ഉള്ളന്നൂ‌ർ കുളത്തിലെ മത്സ്യം പിടിക്കാനുള്ള അവകാശം ലേലം ചെയ്തതോടെ കർഷകരും യുവാക്കളും അതിനെ ചോദ്യം ചെയ്ത് സംഘടിച്ചു. ഇവരെ നേരിടാനായി അടൂരിൽ നിന്ന് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം ശൂരനാട്ട് എത്തി. തെന്നില തറവാട്ടിൽ പോലീസെത്തി തമ്പടിച്ച വിവരം കാട്ടുതീ പോലെ കർഷക കുടുംബങ്ങളിലേക്ക് പാഞ്ഞു. ആക്രമണം ഭയന്ന് അവരും മറുഭാഗത്ത് സംഘടിച്ചു.

ശൂരനാട് കേന്ദ്രീകരിച്ച് രൂപമെടുത്ത ജനാധിപത്യ യുവജന സംഘത്തിൻറെ പ്രവർത്തകരെ പിടികൂടാനായിരുന്നു പോലീസിൻറെ നീക്കം. അതിനായി വീടുകൾ കയറിയിറങ്ങി പോലീസ് അന്വേഷണം തുടങ്ങി. കിഴകിട ഏലയിൽ വെച്ച് രാത്രിയിൽ പോലീസ് സംഘത്തെ കർഷകർ തടഞ്ഞു. തുടർന്ന് നടന്ന സംഘർഷത്തിൽ സബ്ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് പോലീസുകാർ കൊല്ലപ്പെട്ടു.

1950 ജനുവരി ഒന്നിന് ശൂരനാട്ട് എത്തിയ തിരുകൊച്ചി പ്രധാനമന്ത്രി പരവൂർ ടികെ നാരായണപിള്ള, ശൂരനാട് എന്നൊരു നാടിനി വേണ്ടെന്ന് പ്രഖ്യാപിച്ചു. ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതകളാണ് പിന്നീടുള്ള ദിവസങ്ങളിൽ ശൂരനാട് നേരിട്ടത്. സംശയമുള്ള യുവാക്കളെയും കർഷകരെയും പോലീസ് പിടികൂടി ക്രൂരമായി മർദിച്ചു. ശൂരനാട്ട് ഇതിനായി പ്രത്യേക പോലീസ് ക്യാമ്പ് തന്നെ ആരംഭിച്ചു. ജീവനും കയ്യിൽ പിടിച്ച് പലരും നാട് വിട്ടു. ശേഷിച്ച കുടുംബങ്ങളെല്ലാം ക്രൂരമായ പോലീസ് നരനായാട്ടിൽ അനാഥമായി.

പോലീസിനെ ഭയന്ന് ശൂരനാട്ട് നിന്ന് പലായനം ചെയ്തവരിൽ പലരും തിരികെ വന്നില്ല. കേസിൽ ശിക്ഷിക്കപ്പെട്ടവരെ 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചു. ജന്മിവാഴ്ച അവസാനിപ്പിച്ച് പണിയിടങ്ങളിലും ജീവിത ക്രമത്തിലും നീതി ഉറപ്പാക്കാൻ തീരുമാനിച്ചിറങ്ങിയ കർഷകരും അതിന് സാഹചര്യമൊരുക്കിയ ശൂരനാടിൻറെ വയലേലകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ സാമനതകളില്ലാത്ത ധൈര്യത്തിൻറെ അടയാളങ്ങളാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close