Breaking NewsKERALANEWSTop News

ശാന്തമായി ചെറുതോണി; ഇടുക്കി ഡാം തുറന്ന വെള്ളം ചെറുതോണിയിലെത്തി; ജാഗ്രതയോടെ ഉറ്റുനോക്കി കേരളം

ഇടുക്കി : ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി. 2018ലെ ഓർമ്മയിൽ ആശങ്കപ്പെട്ടിരുന്നവർക്ക് ആശ്വാസമായി പെരിയാർ ശാന്തമായി ഒഴുകുകയാണ്. രാവിലെ 11 മണിക്ക് തന്നെ ഡാമിന്റെ ആദ്യ ഷട്ടർ ഉയർത്തി. ഡാം തുറന്നതോടെ കേരളമൊട്ടാകെ ജാഗ്രതയിലാണ്. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം ഇന്ന് തുറന്നത്. സൈറൺ മുഴക്കിയ ശേഷമാണ് ഷട്ടർ തുറന്നത്. ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് തുറന്നത്. ഇതിലൂടെ 35000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മൂന്ന് ഷട്ടറുകളും ഉയർത്തുന്നതോടെ ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകും.

മൂന്ന് ഷട്ടറുകൾ തുറന്ന് 100 ക്യുമക്‌സ് വരെ ജലം ഒഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുന്നത്. കനത്ത മഴയുടെ സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ മഴയിൽ നീരൊഴുക്ക് കൂടി ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണിത്.

ഡാം തുറക്കുന്നതിനാൽ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത മുതല്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തി.

ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 – 6 മണിക്കൂറിനുള്ളിൽ കാലടി – ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചിരുന്നു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിരുന്നു.

ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും.എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽ ചേരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close