തിളച്ചവെള്ളം അടുപ്പിൽനിന്നിറക്കവേ വഴുതിവീണു; പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

മലപ്പുറം: തിളച്ചവെള്ളം അടുപ്പിൽ നിന്നറക്കവേ വഴുതി വീണ പിതാവിന്റെ കെെയിൽ നിന്ന് തെറിച്ചു വീണ് പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. പൊന്നാനി ചങ്ങരംകുളം സ്വദേശികളായ ബാബുവിന്റെയും സരിതയുടെയും മകൻ അമൻ എസ് ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തിളച്ചവെള്ളം തെറിച്ചുവീണത് കുഞ്ഞിന്റെ ദേഹത്തെക്കായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
അടുപ്പിൽ നിന്ന് വെള്ളം ഇറക്കുന്നതിനിടെ ബാബു കുഞ്ഞിന്റെ മൂത്രത്തിൽച്ചവിട്ടി വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പൊള്ളലേറ്റു. ബാബു, മക്കളായ അലൻ, അനുദീബ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചിയാന്നൂരിലെ വാടകവീട്ടിലാണു ബാബുവും സരിതയും താമസിക്കുന്നത്.
ആശാരിപ്പണിക്കാരനാണ് ബാബു. സരിത ജലസേചനവകുപ്പിലെ ജോലിക്കാരിയും. അയൽക്കാർ ചേർന്നാണ് ബാബുവിനെയും മക്കളെയും ആശുപത്രിയിൽ എത്തിച്ചത്. ചങ്ങരംകുളം, തൃശ്ശൂർ ആശുപത്രികളിലെത്തിച്ചശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്.