INDIANEWSUncategorized

ഇന്ത്യന്‍ നിര്‍ദേശത്തോട് മുഖം തിരിച്ച് ചൈന ; കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനുള്ള കമാന്‍ഡര്‍ തല ചര്‍ച്ച പരാജയപ്പെട്ടു; പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ മുന്നോട്ടുവെച്ച ക്രിയാത്മക നിര്‍ദേശങ്ങളോട് ചൈന ഒരു തരത്തിലും സഹകരിച്ചില്ലെന്ന് കരസേന

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള കമാൻഡർ തല ചർച്ച പരാജയപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഇന്ത്യ മുന്നോട്ടുവെച്ച ക്രിയാത്മക നിർദേശങ്ങളോട് ചൈന ഒരു തരത്തിലും സഹകരിച്ചില്ലെന്ന് കരസേന അറിയിച്ചു. നിയന്ത്രണരേഖയിലെ ചൈനീസ് ഭാഗമായ ചുഷൂൽ- മോൾഡോ അതിർത്തിയിൽ വെച്ചായിരുന്നു 13-ാം വട്ട കമാൻഡർ തല ചർച്ച നടന്നത്.

ഇന്ത്യൻ നിർദേശം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പ്രശ്‌ന പരിഹാരത്തിന് ചൈന യാതൊരു നിർദേശങ്ങളും മുന്നോട്ടുവെച്ചുമില്ല.അതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് ചൈന അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ചർച്ച യാതൊരു തീരുമാനവുമില്ലാതെ പിരിഞ്ഞുവെന്ന് കരസേന വാർത്താക്കുറിപ്പിൽ അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങളാണ് ചർച്ചയിൽ കേന്ദ്രീകരിച്ചത്. ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനൻ്റ് ജനറൽ പി ജി കെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു.

അതേസമയം ഇന്ത്യ യുക്തിരഹിതവും യഥാർത്ഥ്യമാക്കാൻ കഴിയാത്തതുമായ ആവശ്യങ്ങളാണ് ചർച്ചയിൽ മുന്നോട്ടുവെച്ചതെന്ന് ചൈനീസ് സൈന്യത്തിലെ വെസ്‌റ്റേൺ തിയേറ്റർ കമാന്റ് പ്രസ്താവനയിൽ ആരോപിച്ചു. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ചൈന കഠിനശ്രമം നടത്തുകയാണെന്നും ചൈനീസ് സൈന്യം പ്രസ്താവനയിൽ പറയുന്നു.

ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ നിലപാട്. ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജനറൽ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close