KERALANEWSTop News

‘മർദ്ദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിൽ’; ചിറയിൻകീഴിലെ ദുരഭിമാന മർദ്ദനത്തിൽ കുറ്റം സമ്മതിച്ച് പ്രതി ഡാനിഷ്; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിലെ ദുരഭിമാന മർദ്ദനത്തിൽ പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിലാണ് മർദ്ദിച്ചതെന്ന് പ്രതി ഡോ. ഡാനിഷ് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. ഇന്നലെയാണ് സഹോദരീ ഭർത്താവിനെ ക്രൂരമായി മർദിച്ച കേസിൽ ഡാനിഷ് പോലീസിന്റെ പിടിയിലായത്. ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. അന്യമതത്തിൽ പെട്ട മിഥുൻ എന്ന യുവാവ് സഹോദരിയെ വിവാഹം കഴിച്ചതിന് പിന്നാലെ മതംമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡാനിഷ് അക്രമം നടത്തിയത്.

ഭാര്യാസഹോദരന് പുറമെ മതം മാറണമെന്ന് ആവശ്യപ്പെട്ട് പള്ളിവികാരിയും ഭീഷണിപ്പെടുത്തിയെന്ന് മർദ്ദനത്തിനിരയായ മിഥുൻ ഇന്ന് രാവിലെ മൊഴി നൽകിയിരുന്നു. ഒന്നുകിൽ മതം മാറണമെന്നും അല്ലെങ്കിൽ ജനിക്കുന്ന കുട്ടിയെ ക്രിസ്ത്യൻ മതത്തിൽ ചേർക്കണമെന്നും പ്രതിയായ ഡോക്ടർ ഡാനിഷും പള്ളിവികാരിയും ആവശ്യപെട്ടെന്നാണ് മിഥുൻ കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. ഭാര്യാ സഹോദരൻ ഡാനിഷ് മിഥുനെ പട്ടാപകൽ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

അന്യമതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് മതംമാറ്റവുമായി ബന്ധപ്പെട്ട് മിഥുന് ക്രൂരമർദ്ദനമേറ്റത്. ഭാര്യ ദീപ്തിയുടെ സഹോദരൻ ഡാനിഷ് നടുറോഡിൽ പട്ടാപകൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയായതോടെ വെള്ളിയാഴ്ചയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ആശുപത്രിയിലെത്തി മൊഴിയെടുത്തത്. പ്രതിയായ ഡോക്ടർ ഡാനിഷ് ജോർജിനും അരയതുരുത്തി ആൾ സെയ്ന്റ്സ് പള്ളി വികാരി ജോസഫ് പ്രസാദിനും എതിരെയാണ് മൊഴി.

രജിസ്റ്റർ വിവാഹത്തിന് പിന്നാലെ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് ഡാനിഷ് പള്ളിയിലേക്ക് വിളിച്ചുവരുത്തി. പട്ടികജാതി വിഭാഗത്തിലുള്ള മിഥുൻ ക്രിസ്തു മതം സ്വീകരിച്ചാൽ മാത്രമേ വിവാഹം നടത്താനാവൂവെന്നായിരുന്നു ആദ്യ ആവശ്യം. അത് നിരസിച്ചതോടെ ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടു. ഡാനിഷിന് പുറമെ പള്ളി വികാരിയും ഈ ആവശ്യം മുന്നോട്ട് വച്ചെന്നാണ് മൊഴി.

അക്കാര്യം കുട്ടിയുണ്ടാകുമ്പോൾ ആലോചിക്കാമെന്ന് പറഞ്ഞതോടെ പള്ളിയിലെ സംസാരം രമ്യമായി അവസാനിപ്പിച്ചു. അതിന് ശേഷം അമ്മയെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ഡാനിഷിന്റെ വീടിന്റെ സമീപത്തെത്തിച്ച ശേഷമാണ് മർദനത്തിലേക്ക് കടന്നതെന്നും മൊഴിയിലുണ്ട്. നിലവിൽ പൊലീസെടുത്തിരിക്കുന്ന കേസിൽ മത പരിവർത്തന ശ്രമത്തിനോ ദുരഭിമാന മർദത്തിനോ ഉള്ള വകുപ്പുകൾ ചുമത്തിയിട്ടില്ല. മിഥുന്റെ മൊഴി പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡിവൈഎസ്പി സുനീഷ് ബാബു വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close