KERALANEWSTop News

‘ചുരുളി’യിൽ ആദ്യം മുതൽ അവസാനം വരെയുള്ളത് പച്ചത്തെറി വാക്കുകളും അസഭ്യ വർഷവും; ചിത്രത്തിലുള്ളത് ഗുണ്ടാ സംസ്കാരത്തിന്റെ ഭാഷ; ജോജു ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കോൺഗ്രസിന്റെ കത്ത്

ചുരുളി സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ ക്രിമിനൽ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. നടൻ ജോജു ജോർജുവിനും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ചിത്രത്തിലെ തെറി പ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ചുരുളി’ എന്ന മലയാള ചലച്ചിത്രം കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ ആയിരുന്നു രംഗത്തെത്തിയത്. കെപിസിസി നിര്‍വ്വാഹക സമിതിയംഗം അഡ്വ: ജോണ്‍സണ്‍ എബ്രഹാം ആണ് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. ഗുണ്ടാ സംസ്‍കാരത്തിന്‍റെ ഭാഗമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെന്നും ആയതിനാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ജോജു ജോര്‍ജും അടക്കമുള്ള അണിയറക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ജോണ്‍സണ്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

ജോണ്‍സണ്‍ എബ്രഹാമിന്‍റെ കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിൽ റിലീസ് ചെയ്ത ‘ചുരളി’ എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വർഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകൾ ഗുണ്ടാ സംസ്‍കാരത്തിന്‍റെ ഭാഗവും ധാർമ്മികതയ്ക്കും നമ്മുടെ നാട് പുലർത്തി വരുന്ന മഹത്തായ സംസ്‍കാരത്തിന് നിരക്കാത്തതുമാണ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണ്.

ജോജു ജോർജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിർവഹിച്ചിരിക്കുന്നത്. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവർത്തിയിൽ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകൻ, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തിൽ അസഭ്യവർഷവും ഇതര കുറ്റകൃത്യങ്ങൾക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്. ആയതിനാൽ നിർമ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകൻ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചുരുളി സിനിമയിലെ കേസിനാസ്പദമായ ചില വീഡിയോ ക്ലിപ്പുകളും ഇതിനോടൊപ്പം ചേർക്കുന്നു. വിശ്വസ്തതയോടെ, അഡ്വ: ജോൺസൺ എബ്രഹാം, കെപിസിസി നിർവാഹക സമിതി അംഗം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close