KERALANEWSTop NewsTrending

വിവാദങ്ങളിലൂടെ സിനിമ കത്തിക്കയറുമ്പോൾ വെട്ടിലായത് യഥാർത്ഥ ചുരുളി നിവാസികൾ; ഗ്രാമം തേടി ആളുകളെത്തിയതോടെ സ്വര്യജീവിതം തകർന്നു; മാനക്കേടിന് മന്ത്രിക്ക് പരാതി നൽകാനൊരുങ്ങി നാട്ടുകാർ

ചെറുതോണി: വിവാദങ്ങളിലൂടെ ഇപ്പോൾ കേരളമാകെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചലച്ചിത്രം. തെറി വാക്കുകളും അസഭ്യ വർഷങ്ങൾ കൊണ്ട് നിറഞ്ഞ സിനിമ എന്നൊക്കെ പലരും വിലയിരുത്തുന്നുണ്ടെങ്കിലും സിനിമയെ അനുകൂലിക്കുന്നവരും ഒരുപാടുണ്ട്. എന്നാൽ ചുരുളി സിനിമയുടെ വരവോടെ പെട്ടുപോയത് യഥാർത്ഥ ചുരുളി നിവാസികളാണ്. സിനിമ കണ്ടു കഴിഞ്ഞതോടെ ചുരുളി ഗ്രാമം തേടി നിരവധി പേരാണ് എത്തുന്നത്.

അസഭ്യ വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു സ്ഥലമായാണ് ചുരുളിയെ സിനിമയിൽ കാണിച്ചിരിക്കുന്നത്. ഇതോടെയാണ് സിനിമ കണ്ടിറങ്ങിയ പലർക്കും യഥാർത്ഥ ചുരുളി ഗ്രാമം കാണാൻ ആഗ്രഹമുദിച്ചത്. എന്നാൽ സിനിമയിൽ കാണുന്നതുപോലെ ഒന്നുമല്ല ചുരുളി. ആ ഗ്രാമത്തിൽ ഒരു മദ്യശാല പോലുമില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്.

ചുരുളി എന്ന ഗ്രാമം ചരിത്രത്തിൽ ഇടം പിടിക്കുന്നത് അറുപതുകളിൽ ചുരുളി കീരിത്തോട്ടിൽ വാസമുറപ്പിച്ച കർഷകരെ കുടിയൊഴിപ്പിക്കാൻ അന്നത്തെ സർക്കാർ ബലപ്രയോഗം നടത്തിയതോടെയാണ്. കീരിത്തോട്ടിലും ചുരുളിയിലും കർഷകർ മർദനങ്ങൾക്ക് ഇരകളായി. തുടർന്ന് എ.കെ. ഗോപാലൻ, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാൻ, എൻ.എം. ജോൺ, വെല്ലിങ്ടൺ തുടങ്ങിയവർ കീരിത്തോട്ടിലും ചുരുളിയിലും നടത്തിയ സമരം പ്രസിദ്ധമാണ്.

എകെജി ഏറെ നാൾ നിരാഹാരം അനുഷ്ഠിച്ച് കർഷകർക്ക് അനുകൂലമായ തീരുമാനം നേടിയെടുത്തതോടെയാണ് ചുരുളിയിലും സമീപഗ്രാമങ്ങളിലും സമാധാന ജീവിതത്തിന് അരങ്ങൊരുങ്ങിയത്. എന്നാൽ ആ സ്വര്യജീവിതത്തിന് ഇപ്പോൾ വിള്ളൽ വീണിരിക്കുകയാണ്. ഇതുമൂലം മാനക്കേടുണ്ടായതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് ചുരുളിക്കാർ.

അതേസമയം ശുഭാനന്ദ ഗുരു എഴുതിയ ‘ആനന്ദം പരമാനന്ദമാണ് എൻെറ കുടുംബം’ എന്ന കീർത്തനം സിനിമയിൽ ഉപയോഗിച്ചതിനെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയിരുന്നു.

ആശ്രമത്തിൻെറ അനുവാദം കൂടാതെ മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുറ്റിയിൽ ജങ്ഷനിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിനെതിരെ രംഗത്ത് വന്നു. സംഭവം വകുപ്പ്മന്ത്രി സജി ചെറിയാൻെറ ശ്രദ്ധയിൽ വിഷയമെത്തിച്ച് വേണ്ട നടപടികൾക്ക് ആവശ്യപ്പെടുമെന്ന് ആശ്രമം അധികൃതർ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close