KERALANEWSTop NewsTrending

മന്ത്രിമാർക്ക് ഇന്ന് ‘സ്കൂൾ തുറക്കും’; മന്ത്രിമാർക്ക് ഇന്ന് മുതൽ മൂന്ന് ദിവസത്തെ പരിശീലന ക്ലാസുകൾ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ മന്ത്രിമാർക്ക് ‘സ്കൂൾ തുറക്കും’. മന്ത്രിമാരുടെ ഭരണ മികവ് കൂട്ടാനായി നടത്തുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പാർട്ടികൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഐഎംജിയിൽ നടക്കുന്ന പരിപാടി മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

രാവിലെ 9 മുതൽ ഒന്ന് വരെയാണ് മന്ത്രിമാർക്കായി ക്ലാസുകൾ നടക്കുക. മൂന്ന് ദിവസം ക്ലാസുകൾ ഉണ്ടാകും. ഭരണത്തിൽ കൂടുതൽ മികവ് പുലർത്താൻ പ്രഗത്ഭരുടെ ക്ലാസ്സുകളാണ് മന്ത്രിമാർക്കായി ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പത്ത് ക്ലാസുകൾ നടത്തും. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം കോഴിക്കോട് ഐഐഎമ്മിൽ നടന്ന ക്ലാസ്സിൽ പങ്കെടുത്തിരുന്നു. അത്തരത്തിൽ ഒരു പരിശീലന പരിപാടിയാണ് ഇത്തവണ നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ എ. കെ. ശശീന്ദ്രൻ ഇവരൊഴികെ മറ്റെല്ലാ അംഗങ്ങളും ഭരണത്തിൽ പുതുമുഖങ്ങളാണ്. ആദ്യമായി നിയമസഭയിലേക്ക് വരുന്ന അഹമ്മദ് ദേവർകോവിൽ, ആദ്യമായി മന്ത്രിയാകുന്ന മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടുന്നതാണ് മന്ത്രിസഭ. മറ്റു മന്ത്രിമാരിൽ പലരും പല തദ്ദേശസ്ഥാപങ്ങളിൽ അധ്യക്ഷന്മാരായും മേയർമാരായും ചുമതല നിർവ്വഹിച്ചിട്ടുള്ളവരാണ്. ബാക്കിയുള്ളവർക്ക് എംഎൽഎയായും പരിചയമുണ്ട്. എന്നാൽ ഭരണപരമായ പല പരിചയങ്ങളും ഇല്ലാത്തതിനാലാണ് എല്ലാവർക്കും വിവിധ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസ്സുകൾ എടുക്കുന്നത്.

മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗവും ഒരു ഗ്രൂപ് ഫോട്ടോയും എടുത്ത ശേഷമാണ് ക്ലാസുകൾ ആരംഭിക്കുക. ഇന്ന് മൂന്ന് ക്ലാസ്സുകളാണ് ഉണ്ടാവുക. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ. എൻ. ചന്ദ്രശേഖർ, അണ്ടർസ്റ്റാന്റിങ് ദി അഡ്മിനിസ്‌ട്രേറ്റീവ് മിഷനറി എന്ന വിഷയത്തിൽ ഭരണ സംവിധാനത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുന്ന ക്ലാസ് എടുക്കും, അതിനുശേഷം ദുരന്തമുഖത്ത് മന്ത്രിമാരുടെ നായകത്വം എങ്ങനെയായിരിക്കണമെന്ന് മുരളി തുമ്മാരുകുടിയുടെ ക്ലാസ് നടക്കും. പിന്നീട് ഉള്ളത് മിനിസ്റ്റേഴ്‌സ് ആസ് ടീം ലീഡേഴ്‌സ് എന്ന വിഷയത്തിലുള്ള ക്ലാസ്സാണ്. ഐഐമ്മിൽ നേരത്തെ പ്രൊഫസ്സർ ആയിരുന്ന മാത്തുക്കുട്ടി മൂലപ്പള്ളി ആണ് ഈ ക്ലാസ് എടുക്കുന്നത്. സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ എന്നതടക്കം നിരവധി വിഷയങ്ങളിൽ ഈ മൂന്ന് ദിവസം ക്ലാസുകൾ സംഘടിപ്പിക്കും. നീതി ആയോഗിനെ കുറിച്ച് അമിതാഭ് കാന്തിന്റെ ക്ലാസുകൾ അടക്കം നിരവധി പ്രഗത്ഭർ ക്ലാസുകൾ എടുക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close