KERALANEWSTop News

തൊഴിൽ നിയമങ്ങൾ കാറ്റിൽപറത്തി തൊഴിലുടമകൾ; നഷ്ടമാകുന്നത് അതിഥിത്തൊഴിലാളികളുടെ അർഹമായ നഷ്ടപരിഹാരങ്ങൾ

എടപ്പാൾ: നിരവധി തൊഴിൽ നിയമങ്ങളാണ് തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പാസ്സാക്കിയിട്ടുള്ളത്. എന്നാൽ സ്ഥാപനങ്ങൾ തൊഴിൽ നിയമനങ്ങൾ ശരിയായ രീതിയിൽ പാലിക്കാത്തതുകൊണ്ട് വെട്ടിലായിരിക്കുന്നത് അതിഥിത്തൊഴിലാളികളാണ്. സ്ഥാപനങ്ങളുടെ ഇത്തരം പ്രവണത അർഹമായ നഷ്ടപരിഹാരമാണ് തൊളിലാളികൾക്ക് നഷ്ടപ്പെടുത്തുന്നത്. ദേശീയപാത സർവേയ്ക്കെത്തിയ ആന്ധ്രാപ്രദേശുകാരൻ ഫനീന്ദ്രയെ കുറ്റിപ്പുറത്ത്‌ ഭാരതപ്പുഴയിൽവീണു കാണാതായ സംഭവം ഇത്തരം തൊഴിൽ നിയമലംഘനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വൻകിട കമ്പനികളിലടക്കവും സ്ഥിതി ഇതുതന്നെയാണ്. ആരും പലരും തൊഴിൽനിയമങ്ങൾ പാലിക്കുന്നില്ലെന്ന് ലേബർ ഓഫീസ് അധികൃതർതന്നെ പറയുന്നു. അതിഥിത്തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ തിരിച്ചറിയൽകാർഡടക്കമുള്ള രേഖകൾ ശേഖരിച്ച് പോലീസിൽ റിപ്പോർട്ടുനൽകണം. ജോലിക്ക് നിയോഗിക്കുമ്പോൾ ഇ.എസ്.ഐ.യോ അപകട ഇൻഷുറൻസോ ഉറപ്പാക്കണം. എന്നാൽ ഇതൊന്നും പലരും പാലിക്കുന്നില്ല.

കോവിഡ് കാലത്ത് അതിഥിത്തൊഴിലാളികളുടെ കണക്കെടുക്കാൻ തൊഴിൽ വകുപ്പ് സർവ്വേ നടത്തിയിരുന്നു. എന്നാൽ എണ്ണം ഉള്ളതിന്റെ പകുതിയിൽ താഴെ മാത്രമായിരുന്നു. പല കമ്പനികളും നിലവിലുള്ള ജോലിക്കാരുടെ പകുതി കണക്ക് മാത്രമാണ് രേഖകളിൽ കാണിക്കുന്നതും ആനുകൂല്യങ്ങൾ നൽകുന്നതും. ഇതുകൊണ്ട് തന്നെ ഇവർ മരിച്ചാൽപോലും വീട്ടുകാർക്ക് അർഹമായ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കാതെ പോകുന്നു.

ദിവസം പത്തുരൂപയിൽ താഴെ കൂലിയിൽനിന്നു പിടിച്ചോ ഉടമ മുടക്കിയോ അടയ്ക്കാവുന്ന ഇൻഷുറൻസ് പദ്ധതികളുണ്ട്. വർഷത്തിൽ 300 രൂപയടച്ചാൽ പത്തുലക്ഷം രൂപവരെ അപകട ഇൻഷുറൻസായി ലഭിക്കുന്നവയുണ്ടെന്ന് ഇൻഷുറൻസ് രംഗത്തുള്ളവർ പറയുന്നു. വലിയ ആശ്വാസമാകുന്ന ഇത്തരം പദ്ധതികളെങ്കിലും തൊഴിലുടമകൾ പാലിക്കാൻ തയ്യാറാകണമെന്ന ആവശ്യമാണുയരുന്നത്.

അതിഥിത്തൊഴിലാളികൾ ജോലിക്കിടയിൽ അപകടത്തിൽ മരിച്ചാൽ മൃതശരീരം നാട്ടിലെത്തിക്കാൻ ലേബർ ഓഫീസിൽ അപേക്ഷ നൽകിയാൽ 50,000 രൂപ നൽകാൻ നിയമമുണ്ട്. മറ്റുകാര്യങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തീകരിച്ചവരാണെങ്കിൽ ഇൻഷുറൻസ് പരിരക്ഷയടക്കം ലഭിക്കും. തൊഴിലിടങ്ങളിൽ താലൂക്ക് ലേബർ ഓഫീസർക്ക് പരിശോധന നടത്താനും നിയമം പാലിക്കാത്തവർക്കെതിരേ നടപടിയെടുക്കാനും അധികാരമുണ്ട്. എന്നാൽ ഇവയെല്ലാം വെറും കടലാസുകളിൽ എഴുത്തുകൾമാത്രമായാണ് നിലനിൽക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close